ഞാന്‍ പോയാല്‍ ചടങ്ങുകളും ആചാരങ്ങളും ചരമപ്രസംഗങ്ങളും ഒഴിവാക്കണമെന്ന്
വസിയ്യത്ത്  നല്‍കിയാണ് ജോണ്‍സി മാഷ് മണ്ണിലേക്ക് മറഞ്ഞത്, പക്ഷെ, നിലത്തുവീണ
ഇലകളെപ്പോലും നോവിക്കാതെ ഇതിലൂടെ ഒരു മനുഷ്യന്‍ നടന്നു പോയെന്ന് നമ്മുടെ തലമുറ
അറിയാതിരുന്നു കൂടാ
മാധ്യമത്തിനു വേണ്ടി *രാഘവന്‍ പയ്യന്നൂര്‍* എഴുതിയ കുറിപ്പാണ് താഴെ
സ്നേഹത്തില്‍
സവാദ്

*'വിത്തിട്ട് ഞാന്‍ പോകുന്നു; വിതക്കേണ്ടത് നിങ്ങളുടെ ചുമതല'*
 ഋഷിതുല്യ ജീവിതമായിരുന്നു ജോണ്‍സി ജേക്കബിന്റേത്. പ്രകൃതിയെയും ജീവജാലങ്ങളെയും
ഈശ്വരതുല്യമായി കാണാന്‍ അദ്ദേഹത്തിന് സാധിച്ചു. 'പ്രസാദം' മാസികയുടെ അവസാന
ലക്കം ജോണ്‍സി ജേക്കബ് എഴുതിയ വികാര നിര്‍ഭരമായ വിടവാങ്ങല്‍ സന്ദേശം
അദ്ദേഹത്തിലെ പ്രവാചകത്വത്തിന് അടിവരയിടുന്നു.
'പ്രസാദം ഞാന്‍ നിര്‍ത്തുകയാണ്. എന്റെ ശരീരസ്ഥിതി അത്ര നന്നല്ല. പ്രസാദം ഞാന്‍
ആര്‍ക്കും കൈമാറുകയില്ല. അത് മഹാ അപരാധമായിരിക്കുമെന്ന് പൂര്‍വകാല അനുഭവങ്ങള്‍
എന്നെ പഠിപ്പിച്ചു. എന്റെ എല്ലാ കൃതികളും സുരക്ഷിതമായ സ്ഥലത്തുണ്ട്. എങ്കിലും
പുസ്തകങ്ങളെ ആശ്രയിക്കരുത്. പ്രകൃതിയെ ആശ്രയിക്കുക. നിങ്ങളുടെ മനസ്സ്
വഴികാട്ടിത്തരും. ഞാന്‍ പോയാല്‍ ചടങ്ങുകളും ആചാരങ്ങളും ചരമപ്രസംഗങ്ങളും
ഒഴിവാക്കണം'. ശരീരം അഗ്നിയില്‍ സമര്‍പ്പിക്കണമെന്നും സ്മാരകം വേണ്ടെന്നും
അദ്ദേഹം 'ചരമക്കുറിപ്പില്‍' കുറിച്ചുവെച്ചു. 'ഞാന്‍ വിത്തിട്ടുപോകാന്‍
ഒരുങ്ങുന്നു. തുടര്‍ന്നും വിതക്കേണ്ടത് എന്റെ പ്രിയപ്പെട്ടവരായ നിങ്ങളുടെ
ചുമതലയാണ്. ആരും രക്ഷകനെ പ്രതീക്ഷിച്ചിരിക്കേണ്ട. നിങ്ങള്‍ തന്നെയാണ് രക്ഷകന്‍.
നമ്മുടെ ഇക്കോ സ്പിരിച്ച്വാലിറ്റി സന്ദേശം മറ്റുള്ളവരുമായി പങ്കുവെക്കുക. സമയം
തീരുന്നു നല്ലതുവരട്ടെ'. എന്നിങ്ങനെ കുറിപ്പ് നീളുന്നു.
ഇത് കുറിച്ച് മൂന്നുമാസം കഴിയുമ്പോഴാണ് ജോണ്‍സിമാഷ് വിടവാങ്ങിയത്. ക്രിസ്തീയ സഭ
ക്രിസ്തുവിനോട് നീതികാണിക്കാതായപ്പോള്‍ ക്രിസ്തുമതം ഉപേക്ഷിച്ച് വാസുദേവന്‍
എന്ന പേര് സ്വീകരിച്ച് ഹിന്ദുമതവിശ്വാസിയായതും ആത്മകഥാംശങ്ങള്‍ ഏറെയുള്ള
ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ കുറിപ്പില്‍ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയാണ് ഊന്നിപ്പറയുന്നത്.
ശൈശവത്തില്‍ മനസ്സില്‍ കോറിയിട്ട പരിസ്ഥിതിചിന്ത വളര്‍ന്നുവികസിച്ചത് മദ്രാസ്
കലാലയത്തിലെ നാലുവര്‍ഷങ്ങളിലാണെന്ന് ജോണ്‍സി ജേക്കബ് പറയുന്നു. 750 ഏക്കര്‍
മുള്‍ക്കാടും ജന്തുസമൂഹവുമാണ് അദ്ദേഹത്തിന്റെ ചിന്തകളെ പുഷ്ടിപ്പെടുത്തിയത്.
മദ്രാസിലെ അധ്യാപകന്‍ ഡോ. ജോഷ്വയാണ് പ്രധാനമായും സ്വാധീനിച്ചത്. പരിസ്ഥിതിയെ
ആത്മീയതയുമായി  ബന്ധിപ്പിച്ചത് ഗുരുനിത്യചൈതന്യയതിയും.
1965 മുതല്‍ പയ്യന്നൂര്‍ കോളജില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ജോണ്‍സി
ജേക്കബിന്റെ പാരിസ്ഥിതിക പ്രവര്‍ത്തനം ഏറെ പ്രസിദ്ധമായത്. മണ്ണിനും
പ്രകൃതിക്കും നേരിടുന്ന ചെറിയ വെല്ലുവിളികളോടുപോലും കലഹിക്കാന്‍ തയാറാവുന്ന
മനസ്സായിരുന്നു അദ്ദേഹത്തിന്റേത്.
ഇത് തുറന്ന സംവാദത്തിനും ഏറെ വിവാദത്തിനും തിരികൊളുത്തി. ഇക്കാലത്ത്
പ്രസിദ്ധീകരണമാരംഭിച്ച 'സൂചിമുഖി' പരിസ്ഥിതി മാസികയിലെ ലേഖനങ്ങളും ജോണ്‍സിക്ക്
നിരവധി എതിരാളികളെ ഉണ്ടാക്കി. എന്നാല്‍ ഒരിക്കലും സ്വന്തം തീരുമാനത്തോട് സന്ധി
ചെയ്യാന്‍ അദ്ദേഹം തയാറായില്ല.
ലോകം പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കുന്നതിനുമുമ്പുതന്നെ വരാന്‍ പോകുന്ന
ദുരന്തം മുന്നില്‍ക്കണ്ട് പുതിയ തലമുറയെ അത് പഠിപ്പിക്കാന്‍ ജോണ്‍സി ജേക്കബ്
തയാറായി. പരിസ്ഥിതി ക്യാമ്പും പരിസ്ഥിതി മാസികയും ക്ലാസ്മുറിക്ക് പുറത്തെ
പഠനവും തുടങ്ങിവെച്ചത് ജോണ്‍സിയായിരുന്നു. പയ്യന്നൂര്‍ കോളജ് കാമ്പസിലെ
കാട്ടുചെടികള്‍ പോലും നശിപ്പിക്കുന്നതിനെതിരെ അദ്ദേഹം കലഹിച്ചുകൊണ്ടിരുന്നു.
കേരളത്തിലെ ഏറ്റവും വൈവിധ്യമുള്ള സുവോളജി മ്യൂസിയം പയ്യന്നൂര്‍ കോളജിലാണ്.
ഇതിനുപിന്നില്‍ ജോണ്‍സിയുടെ കൈകളായിരുന്നു. പലരും അദ്ദേഹത്തിന്റെ പരിസ്ഥിതി
പ്രവര്‍ത്തനത്തെ കിറുക്കെന്ന് പറഞ്ഞ് പരിഹസിച്ചു. എന്നാല്‍ പരിസ്ഥിതി
പ്രശ്നത്തില്‍ ജോണ്‍സിയുടെ നിരീക്ഷണമാണ് ശരിയെന്ന് കാലം തെളിയിച്ചു. ഇന്ന്
കേരളത്തില്‍ അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ ജോണ്‍സിയുടെ ശിഷ്യരാണ്.
ഭൂരിഭാഗം പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെയും സംഘടനകളുടെയും
ബീജാവാപത്തിന് പിന്നിലും മാഷിന്റെ കൈകളുണ്ട്.ക്ലാസ്മുറികള്‍ വനാന്തരത്തിലേക്ക്
മാറ്റി തിയറി പാഠത്തിനപ്പുറം പ്രാക്ടിക്കലിന് പ്രാധാന്യം നല്‍കിയപ്പോള്‍ ഒരു
തലമുറ മുഴുവന്‍ പരിസ്ഥിതി അവബോധത്തിന്റെ പുതിയ ഗൃഹപാഠം പഠിക്കുകയായിരുന്നു.
നിരന്തരം വായിക്കുകയും എഴുതുകയും ചെയ്ത ജോണ്‍സി എല്ലാ വിഷയത്തെയും ഇക്കോ
സ്പിരിച്ചാലിറ്റിയുമായി ബന്ധപ്പെടുത്തി. പ്രകൃതിയില്‍ ആനക്കും ഉറുമ്പിനും
തുല്യഅവകാശമുണ്ടെന്നും മനുഷ്യന് പ്രത്യേക അവകാശങ്ങളില്ലെന്നും അദ്ദേഹം
വാദിച്ചു. അവസാന നിമിഷംവരെ ഈ വാദം തുടരുകയും ചെയ്തു. പയ്യന്നൂര്‍
കോളജില്‍നിന്നും വിരമിച്ച ശേഷം നാടുചുറ്റിയ ജോണ്‍സി ജേക്കബ് ഒടുവില്‍ പഴയ
തട്ടകമായ പയ്യന്നൂര്‍ കോളജിന് സമീപമെത്തി യാത്രയായതും യാദൃച്ഛികം.

-- 
+ Savad Rahman
  Subeditor
  Madhyamam Daily
  Kochi,Kerala
  India-682018
  cell:9995431420
---------------------------------------------------------------------------
"I am only one, but still I am one;
I cannot do everything, but still I can do something;
And just because I cannot do everything, I will not refuse to do the
something that I can do." -- Helen Keller

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
 To post to this group, send email to greenyouth@googlegroups.com
 To unsubscribe from this group, send email to [EMAIL PROTECTED]
 For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---

Reply via email to