*സ്‌ത്രീകള്‍ നയിക്കുന്ന ഒരു പഞ്ചായത്തിന്റെ കഥ *
*thejas april 6 2010
നേഹ
ഹരിയാനയില്‍ അങ്ങനെയൊരു പഞ്ചായത്തുണ്‌ട്‌. മെംബര്‍മാര്‍ സ്‌ത്രീകള്‍ മാത്രം.
മേവാദ്‌ ജില്ലയിലെ നീംഘേഡ വില്ലേജിലാണ്‌ ഈ അദ്‌ഭുതം. പഞ്ചായത്ത്‌ ഓഫിസിലേക്കു
കയറിച്ചെല്ലൂ. മുന്‍വശത്തു തന്നെ ഒരടുക്കളത്തോട്ടം, നായ്‌ക്കള്‍, താറാവുകള്‍...
ഒരു സാധാരണ വീടിന്റെ ഉമ്മറം തന്നെ. എന്നാലിതൊരു പഞ്ചായത്ത്‌ ഓഫിസാണ്‌. 47
വയസ്സുകാരി ആശുബി ഖാന്‍ ആണ്‌ പ്രസിഡന്റ്‌. മൊത്തം അംഗങ്ങള്‍ 10. 10പേരും
നിരക്ഷരര്‍. 60കാരിയായ സക്കീന പറയുന്നു: അതേ, ഞങ്ങള്‍ സ്‌ത്രീകള്‍ മാത്രമല്ല,
നിരക്ഷരരും. എങ്കിലെന്ത്‌? പഞ്ചായത്ത്‌ നിയമങ്ങളും നയങ്ങളും ഞങ്ങള്‍ ഓര്‍മയില്‍
സൂക്ഷിക്കുന്നു. വല്ലതും വായിക്കാനോ എഴുതാനോ ഞങ്ങളുടെ മക്കളുണ്‌ടല്ലോ.
73ാം ഭരണഘടനാ ഭേദഗതിയുണ്‌ടായപ്പോള്‍ (1992) സ്‌ത്രീകള്‍ക്കു മൂന്നിലൊന്നു
സംവരണം ലഭിച്ചു. സംവരണപ്രകാരം നീംഘേഡ സ്‌ത്രീ പ്രസിഡന്റാവേണ്‌ട പഞ്ചായത്തുമായി.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്‌ ആശുബി. വര്‍ഷം 2005. മെംബര്‍മാരെ
തിരഞ്ഞെടുക്കാന്‍ പ്രസിഡന്റിനെ അനുവദിച്ചു. അവര്‍ പറഞ്ഞു, എനിക്കു സ്‌ത്രീകള്‍
മതി സഹപ്രവര്‍ത്തകര്‍. ഒമ്പതു വാര്‍ഡുകളില്‍ നിന്നു സ്‌ത്രീകള്‍
പ്രതിനിധികളായെത്തുന്നത്‌ അങ്ങനെയാണ്‌. ഇങ്ങനെ സ്‌ത്രീകള്‍ മാത്രം അംഗങ്ങളായ
പഞ്ചായത്ത്‌ രൂപീകരിക്കപ്പെട്ടു.
അമ്പത്താറുകാരി സല്‍മ പറയുന്നു: വീട്ടിനുള്ളില്‍ നൃത്തംചെയ്യാനേ കൊള്ളൂ
നിങ്ങളെന്ന്‌ ആണുങ്ങള്‍ ഞങ്ങളെ പരിഹസിച്ചു. പിന്നെ വയലുകളില്‍
പണിയെടുക്കുന്നതാര്‌? വെള്ളം കോരുന്നതാര്‌? വിറകു കെട്ടി
ചുമന്നുകൊണ്‌ടുവരുന്നതാര്‌? ഞങ്ങളും ഒന്നു ഭരിച്ചുനോക്കട്ടെ. ഒരവസരം
ഞങ്ങള്‍ക്കും തരൂ. പഞ്ചായത്ത്‌ മെംബര്‍മാരെല്ലാം നാല്‍പ്പതിനുമേലെ
പ്രായമുള്ളവര്‍. അമ്പത്തിനാലുകാരി മുഹമ്മദി പറയുന്നു: പഞ്ചായത്ത്‌
മെംബറാകുന്നതു തന്നെ ഒരു സാക്ഷരതാപ്രവര്‍ത്തനമല്ലേ? ഞങ്ങളിപ്പോഴാണ്‌,
പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ സാക്ഷരരാവുന്നത്‌.
ഈ പെണ്‍ പഞ്ചായത്തിന്റെ പ്രധാന നേട്ടം ഡല്‍ഹിയില്‍ നിന്നു
രാജസ്ഥാനിലേക്കൊഴുകുന്ന ഉജിന കനാലുമായി ഗ്രാമത്തെ ബന്ധിപ്പിച്ചതാണ്‌.
എഴുപത്തൊമ്പതുകാരി അശിനി ഓര്‍ക്കുന്നു: അരനൂറ്റാണ്‌ടായി ഞങ്ങള്‍
രണ്‌ടുകിലോമീറ്റര്‍ അകലെയുള്ള കുളത്തില്‍ നിന്നു രണ്‌ടുനേരവും വെള്ളം
ചുമന്നുകൊണ്‌ടുവരുന്നു. ഇപ്പോഴും വീടുകളില്‍ പൈപ്പായിട്ടില്ല. കാര്യങ്ങള്‍
ഒച്ചുപോലെയാണു നീങ്ങുന്നത്‌. ഓഫിസര്‍മാര്‍ പറയുന്ന ഹിന്ദിയും ഇംഗ്ലീഷും
ഞങ്ങള്‍ക്കു മനസ്സിലാവുന്നുമില്ല. പക്ഷേ വൈകാതെ ഗ്രാമത്തിലെ ഓരോ വീട്ടിലും
വെള്ളമെത്താന്‍ പോവുകയാണ്‌.
നോക്കൂ, ഒരമ്മ ഞങ്ങളോടു പറയുന്നത്‌ അവരുടെ മകനെ മദ്യത്തില്‍ നിന്നു
രക്ഷിക്കണമെന്നാണ്‌. ആണുങ്ങളേക്കാള്‍ ഞങ്ങള്‍ക്ക്‌ ഈ ആവശ്യം മനസ്സിലാവും.
അങ്ങനെ ഞങ്ങളുടെ മദ്യവിമുക്ത ഗ്രാമം പിറക്കുന്നു. മദ്യപിച്ചു വരുന്നവര്‍ക്ക്‌
ഞങ്ങള്‍ വീട്ടില്‍ അത്താഴം വിളമ്പില്ല. ഇങ്ങനെയാണു ഞങ്ങള്‍ കാര്യം നേടിയത്‌.
നാല്‍പ്പത്തഞ്ചുകാരി ഭക്തിയാല്‍ പറയുന്നു: പെണ്ണുങ്ങള്‍ കുറവായ ഗ്രാമമാണു
ഞങ്ങളുടേത്‌. ദേശീയ ശരാശരിയിലും കുറവ്‌. 1,000 ആണുങ്ങള്‍ക്ക്‌ 893
പെണ്ണുങ്ങള്‍. ബാല്യവിവാഹങ്ങളും ചെറുപ്പത്തിലേ ഉള്ള പ്രസവങ്ങളും
പ്രസവത്തോടൊപ്പമുള്ള മരണങ്ങളുമെല്ലാമുള്ള ഒരു ഗ്രാമം. കുടുംബത്തിലുള്ളത്‌
ശരാശരി എട്ടുപേര്‍.
പെണ്‍കുട്ടികളെ പഠിപ്പിക്കലാണു പെട്ടെന്നു ചെയ്യേണ്‌ടതെന്നു ഞങ്ങള്‍ക്കു
തോന്നി. ആകെയുണ്‌ടായിരുന്ന പ്രൈമറി സ്‌കൂള്‍ സെക്കന്‍ഡറി സ്‌കൂള്‍ ആക്കി.
ഇപ്പോഴിതാ പെണ്‍കുട്ടികള്‍ക്കു മാത്രമായി ഒരു ജൂനിയര്‍ ഹൈസ്‌കൂള്‍ വരുന്നു.
ഞങ്ങള്‍ പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങി. റേഷന്‍കടകള്‍ക്കു മേല്‍ നിയന്ത്രണം
കൊണ്‌ടുവന്നു.
പുതിയ റോഡുകള്‍ ഉണ്‌ടാക്കിക്കൊണ്‌ടിരിക്കുന്നു. 76 കക്കൂസുകള്‍
പുതുതായുണ്‌ടാക്കി. നാല്‍പ്പത്തെട്ടുകാരി ഫിറാദോസിന്‌ അത്‌ പക്ഷേ
ഇഷ്ടപ്പെട്ടിട്ടില്ല. താന്‍ കൂടി കൈപൊക്കിയാണു കക്കൂസുകള്‍ വന്നതെങ്കിലും
കക്കൂസില്‍ പോവുമ്പോഴാണു ഞങ്ങള്‍ നാട്ടുകാര്യങ്ങള്‍ പരസ്‌പരം പറയാറ്‌.
പ്രത്യേകം പ്രത്യേകം കക്കൂസിലിരുന്നാല്‍ അതെങ്ങനെ പറ്റും? ഞങ്ങളെങ്ങനെ
വര്‍ത്തമാനം പറയും?
ഞങ്ങള്‍ അക്ഷരങ്ങള്‍ പഠിക്കുന്നുമുണ്‌ട്‌. നിങ്ങള്‍ ഞങ്ങളെക്കുറിച്ചെഴുതുന്നതു
വായിക്കാന്‍വേണ്‌ടിയെങ്കിലും ഞങ്ങള്‍ക്കു പെട്ടെന്ന്‌ അക്ഷരങ്ങള്‍
പഠിച്ചെടുക്കേണ്‌ടതുണ്‌ട്‌.
അടുത്ത വര്‍ഷം വരൂ. അതിനിടയില്‍ ഞങ്ങള്‍ റബ്‌റിദേവിയൊന്നുമായില്ലെങ്കിലും
നിങ്ങള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും പറയുന്നതു മനസ്സിലാക്കാനുള്ള അക്ഷരജ്ഞാനം
നേടിയിരിക്കും- പ്രസിഡന്റ്‌ ആശുബി ഖാന്‍ ഞങ്ങളെ യാത്രയാക്കുന്നു.
പുരുഷാധിപത്യത്തിന്റെ കൊടുങ്കാറ്റില്‍ ഒരു സ്‌ത്രീബ്രിഗേഡിനെ നയിക്കുകയാണ്‌
ആത്മവിശ്വാസമുള്ള ഈ സ്‌ത്രീ.
 *

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to