വെടിവെച്ചുകൊന്നതാണെന്ന് തുടക്കംമുതലേ സംശയമുണ്ടെന്ന് സഹോദരന്‍ Wednesday, April 7, 2010 madhyamam കൊച്ചി: നക്സലൈറ്റ് നേതാവായിരുന്ന എ.വര്‍ഗീസിനെ പൊലീസ് വെടിവെച്ച് കൊന്നതാണെന്ന സംശയം മൃതദേഹം തിരിച്ചറിഞ്ഞതുമുതല്‍ ഉണ്ടായിരുന്നെന്ന് കേസിലെ ഒന്നാം സാക്ഷിയും വര്‍ഗീസിന്റെ സഹോദരനുമായ അരിക്കാട്ട് തോമസ് സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കി. വര്‍ഗീസ് കൊല്ലപ്പെട്ട് നീണ്ട 40 വര്‍ഷങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ച വിചാരണ ആരംഭിച്ചപ്പോഴാണ് തോമസ് മൊഴി നല്‍കിയത്. നാലാം സാക്ഷിയായ കോഴിക്കോട് കൊമ്മേരിയിലെ എം. ദിവാകരനെയും വിസ്തരിച്ചു.
1970 ഫെബ്രുവരി 18നാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്. 19ന് രാവിലെ ഒമ്പതിന് പൊലീസ് വീട്ടില്‍ എത്തി വിവരം അറിയിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ മരിച്ചെന്നാണ് പൊലീസ് പറഞ്ഞത്. മൃതദേഹം ഏറ്റുവാങ്ങാന്‍ മാനന്തവാടിയിലേക്ക് വരണമെന്ന് പൊലീസ് നിര്‍ദേശിച്ചു. മാനന്തവാടി ഗവ. ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചത്. സഹോദരന്‍ ജോസഫിനൊപ്പം മൃതദേഹം ഏറ്റുവാങ്ങാന്‍ ഉച്ചക്ക് രണ്ടോടെ ആശുപത്രിയിലെത്തി. ആ സമയം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. വൈകുന്നേരം അഞ്ചോടെ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞു. വര്‍ഗീസിന്റെ മൃതദേഹം വിട്ടുകൊടുത്താല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നല്‍കാന്‍ പൊലീസ് വിസമ്മതിച്ചു. അവസാനം സി.പി.ഐ (എം.എല്‍) നേതാവ് എ.കെ.കെ.മാസ്റ്ററും നാരായണന്‍ നായരും ചേര്‍ന്ന് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയപ്പോഴാണ് മൃതദേഹം വിട്ടുനല്‍കാന്‍ പൊലീസ് തയാറായത്. മോര്‍ച്ചറിയില്‍ കയറി മൃതദേഹം കണ്ടു. നെഞ്ചിന്റെ ഇടതുവശത്ത് മുറിവുണ്ടായിരുന്നു. കാല്‍മുട്ടിന്റെ താഴ്ഭാഗം അടിച്ച് തകര്‍ത്ത നിലയിലായിരുന്നു. ഉള്ളംകാലിലും അടിയേറ്റ പാടു കണ്ടു. രാത്രി ഏഴോടെയാണ് മൃതദേഹം വിട്ടുതന്നത്. സംഘര്‍ഷമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അകമ്പടിയോടെ മൃതദേഹം മാനന്തവാടിയിലെ വീട്ടില്‍ എത്തിച്ചു. ഇടവക പള്ളിയില്‍ അടക്കാന്‍ പള്ളി അധികാരികള്‍ സമ്മതിച്ചില്ല. പിന്നീട് രാത്രി എട്ടോടെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. പൊലീസ് വെടിവെച്ചുകൊന്നതാണെന്ന് സംശയമുണ്ടായെങ്കിലും ഭയം മൂലമാണ് പരാതി നല്‍കാതിരുന്നത്. 1971 ല്‍ അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പരാതി നല്‍കി. എന്നാല്‍, മറുപടി ഒന്നും ലഭിച്ചില്ല. പിന്നീട് 1981 ല്‍ നായനാര്‍ മന്ത്രിസഭ വന്നപ്പോള്‍ നായനാര്‍ക്കും പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ആന്റണിക്കും പരാതി നല്‍കി. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നാണ് വാര്‍ത്തകള്‍ വന്നത്. ഈ സാഹചര്യത്തില്‍ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നായിരുന്നു ഇവരില്‍നിന്ന് ലഭിച്ച മറുപടി. പിന്നീട് സി.ആര്‍.പി.എഫ് കോണ്‍സ്റ്റബിളായിരുന്ന രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് സി.ബി.ഐക്ക് പരാതി അയച്ചു. സി.ബി.ഐ കോടതിയെയും സമീപിച്ചു. പിന്നീട് ഹൈ കോടതി ഇടപെട്ടാണ് കേസ് സി.ബി.ഐക്ക് വിട്ടത്. വര്‍ഗീസിന്റെ മുഖത്തും ദേഹത്തും രക്തത്തുള്ളികള്‍ ഉണ്ടായിരുന്നതായി പ്രതിയുടെ അഭിഭാഷന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മൃതദേഹം കാണാന്‍ പോയപ്പോള്‍ എ.കെ.കെ മാസ്റ്ററും ഉണ്ടായിരുന്നു. വര്‍ഗീസ് കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് അഡിഗ, ചേക്കു എന്നിവര്‍ വയനാട്ടില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ വര്‍ഗീസാണെന്നത് പത്രത്തിലൂടെ അറിഞ്ഞിരുന്നതായി ക്രോസ് വിസ്താരത്തില്‍ തോമസ് പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലും പ്രതിയാണെന്ന് പത്രത്തിലുണ്ടായിരുന്നു. വല്ലപ്പോഴും മാത്രമാണ് വീട്ടില്‍ വന്നിരുന്നത്. പാര്‍ട്ടി സെക്രട്ടറിയായ ഉണ്ണിച്ചെക്കനും താനും കൂടിയാണ് ഹൈ കോടതിയില്‍ ഹരജി നല്‍കിയതെന്ന് തോമസ് പറഞ്ഞു. വര്‍ഗീസ് കൊല്ലപ്പെടുമ്പോള്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥിയായിരുന്നെന്നും രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലോടെ കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സി.വി.രാമന്‍ ചെയര്‍മാനായി കമ്മിറ്റിക്ക് രൂപം നല്‍കിയതായും കേസിലെ നാലാം സാക്ഷി ദിവാകരന്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസിലെ അഞ്ച് മുതല്‍ ഒമ്പതുവരെ സാക്ഷികളായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, മുന്‍ നക്സല്‍ നേതാക്കളായ അജിത, എ.വാസു, പ്രഭാകര വാര്യര്‍, വെള്ള എന്നിവരെ ബുധനാഴ്ച വിസ്തരിക്കും. കേസിലെ രണ്ടാം പ്രതി മുന്‍ ഐ.ജി കെ.ലക്ഷ്മണ ചൊവ്വാഴ്ച കോടതിയില്‍ ഹാജരായിരുന്നു. മൂന്നാം പ്രതി പി.വിജയന്‍ പ്രായാധിക്യം മൂലം നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ച് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഒന്നാം പ്രതിയും മുന്‍ സി.ആര്‍.പി.എഫ് കോണ്‍സ്റ്റബിളുമായിരുന്ന രാമചന്ദ്രന്‍ നായര്‍ 2006 നവംബര്‍ 16 ന് മരിച്ചു. കെ. ലക്ഷമണ, മുന്‍ ഡി.ജി.പി പി.വിജയന്‍ എന്നിവരുടെ നിര്‍ദേശപ്രകാരം സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് വര്‍ഗീസിന്റെ നെഞ്ചിലേക്ക് വെടിവെച്ച് കൊന്നുവെന്നാണ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് 1999 ജനുവരി 11 ന് കുറ്റസമ്മതം നടത്തി രാമചന്ദ്രന്‍നായര്‍ ഹൈ കോടതിയില്‍ സത്യവാങ്മൂലവും നല്‍കി. 2002 ഡിസംബര്‍ 11 നാണ് കേസില്‍ പ്രതികളുടെ പങ്കാളിത്തം വ്യക്തമാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിന് പിന്നാലെ മൂന്നാം പ്രതി വിജയന്‍ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇത് തള്ളിയ കോടതി വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സി.ബി.ഐ കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഏറ്റുമുട്ടല്‍ക്കൊലയില്‍ സംശയമുണ്‌ടായിരുന്നുവെന്ന് സഹോദരങ്ങള്‍ thejas 7 april 2010 കൊച്ചി: നക്‌സല്‍ നേതാവ് വര്‍ഗീസ് കൊല്ലപ്പെട്ട കേസില്‍ നാല്‍പ്പതു വര്‍ഷത്തിനുശേഷം സി.ബി.ഐ പ്രത്യേക കോടതിയില്‍ വിചാരണ തുടങ്ങി. വര്‍ഗീസ് ഏറ്റുമുട്ടലിലല്ല കൊല്ലപ്പെട്ടതെന്ന സംശയം നേരത്തേ ഉണ്‌ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരങ്ങളായ അരീക്കോട് തോമസും ജോസഫും സി.ബി.ഐ പ്രത്യേക ജഡ്‌ജി എസ് വിജയകുമാര്‍ മുമ്പാകെ മൊഴി നല്‍കി. വര്‍ഗീസ് കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസമായ 1970 ഫെബ്രുവരി 19നു പോലിസ് വീട്ടിലെത്തിയാണു മരണവാര്‍ത്ത അറിയിക്കുന്നത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് അറിയിച്ചത്. മൃതദേഹം തിരിച്ചറിയാനായി മാനന്തവാടി ഗവ. ആശുപത്രിയില്‍ എത്തിയപ്പോള്‍ ഏറ്റുമുട്ടലിലല്ല കൊല്ലപ്പെട്ടിരിക്കുന്നതെന്നു സംശയം തോന്നി. വര്‍ഗീസിന്റെ ശരീരമാസകലം മര്‍ദ്ദനമേറ്റിരുന്നു. കാല്‍വെള്ളയില്‍ മര്‍ദ്ദനമേറ്റ പാടുകളും മുട്ടിനു താഴെ പൊള്ളലേറ്റ പാടുകളുമുണ്‌ടായിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടം നടത്തി ഏഴുമണിയോടെയാണു മൃതദേഹം വിട്ടുകിട്ടിയത്. പോലിസ് അകമ്പടിയോടെ വീട്ടിലെത്തിച്ചു. മൃതദേഹം ഇടവക പള്ളിയില്‍ സംസ്‌കരിക്കാന്‍ അനുവദിച്ചില്ല. വീട്ടിലാണു സംസ്‌കാരം നടത്തിയത്. നക്‌സലൈറ്റുകളുമായി ബന്ധമുണെ്‌ടന്നു പറഞ്ഞാല്‍ അതിക്രൂരമായി മര്‍ദ്ദനമേറ്റിരുന്ന കാലമായിരുന്നു. അതിനാല്‍ ഉള്ളില്‍ തോന്നിയ സംശയങ്ങള്‍ പുറത്തുപറഞ്ഞില്ല. വര്‍ഗീസിനെ താനാണ് വെടിവച്ചുകൊന്നതെന്നു കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും തോമസും ജോസഫും മൊഴി നല്‍കി. വര്‍ഗീസിന്റെ സഹോദരന്‍മാരെ കൂടാതെ ആക്‌ഷന്‍ കൗണ്‍സില്‍ ഭാരവാഹി കോഴിക്കോട് കൊമ്മേലി സ്വദേശി ദിവാകരന്‍ ഉള്‍പ്പെടെ മൂന്നു സാക്ഷികളെയാണ് ഇന്നലെ വിസ്‌തരിച്ചത്. കേസിലെ പ്രതിയും മുന്‍ ഐ.ജിയുമായ ലക്ഷ്‌മണയും കോടതിയിലെത്തിയിരുന്നു. 1970 ഫെബ്രുവരി 18ന് ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം താന്‍ വര്‍ഗീസിനെ വെടിവച്ചുകൊന്നുവെന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തലാണു കേസിനാധാരം. 1999ലാണ് സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. രാമചന്ദ്രന്‍ നായര്‍ രണ്‌ടുവര്‍ഷം മുമ്പ് മരിച്ചു. മുന്‍ ഐ.ജി ലക്ഷ്‌മണ, മുന്‍ ഡി.ജി.പി വിജയന്‍ എന്നിവരാണു പ്രതികള്‍. ആകെ 71 സാക്ഷികളാണുള്ളത്. ഗ്രോ വാസു, അന്വേഷി പ്രസിഡന്റ് കെ അജിത, കുഞ്ഞികൃഷ്‌ണന്‍, പ്രഭാകരവാര്യര്‍, വെള്ള എന്നിവരെ ഇന്നു വിസ്‌തരിക്കും. സി.ബി.ഐക്കു വേണ്‌ടി പ്രോസിക്യൂട്ടര്‍ വൈക്കം എന്‍ പുരുഷോത്തമന്‍ നായര്‍ ഹാജരായി. -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
