*നിയമവാഴ്ച ഉറപ്പുവരുത്തണം* ചോദ്യപേപ്പര് വിവാദത്തില് ഉള്പ്പെട്ട തൊടുപുഴ ന്യൂമാന് കോളജിലെ അധ്യാപകന് ജോസഫിന്റെ കൈ വെട്ടിമാറ്റിയ ദാരുണ സംഭവം തീര്ത്തും അപലപനീയമാണ്. സാമൂഹിക ജീവിതത്തില് എന്തെല്ലാം പ്രകോപനങ്ങളുണെ്ടങ്കിലും സമചിത്തതയോടെയും ക്ഷമയോടെയും പ്രശ്നങ്ങളെ നേരിടാനും നിയമവാഴ്ചയുടെ അടിസ്ഥാനത്തില് നീതിക്കുവേണ്ടി പോരാടാനും എല്ലാവിഭാഗം ജനങ്ങളും തയ്യാറായേ മതിയാവൂ. പ്രകോപനത്തിന്റെ പേരില് നിയമം കൈയിലെടുക്കാനും നിയമവാഴ്ചയെത്തന്നെ അട്ടിമറിക്കാനുമുള്ള യാതൊരു നീക്കങ്ങളും അംഗീകരിക്കാവുന്നതല്ല. നിയമവാഴ്ചയുടെ തകര്ച്ച സാമൂഹിക വ്യവസ്ഥയുടെ തന്നെ തകര്ച്ചയിലേക്കു മാത്രമേ നയിക്കൂ. ഒരു സമൂഹത്തിനും അത്തരമൊരു അവസ്ഥയില് മുന്നോട്ടുപോവാന് സാധ്യമാവില്ല. തീര്ത്തും അനാവശ്യവും പ്രകോപനപരവുമായ ഒന്നായിരുന്നു ഈ അധ്യാപകന് തയ്യാറാക്കിയ വിവാദപരമായ ചോദ്യക്കടലാസ് എന്ന കാര്യത്തില് യാതൊരു തര്ക്കവുമില്ല. കേരളംപോലെ വിവിധ മതക്കാരായ ജനങ്ങള് വിശേഷിച്ചു യാതൊരു അല്ലലും അലട്ടുമില്ലാതെ പ്രായേണ സാഹോദര്യത്തോടെ കഴിഞ്ഞുകൂടുന്ന ഒരു സമൂഹത്തില് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രവണതകള് ആശാസ്യമല്ല. സ്വാഭാവികമായും വിവാദ ചോദ്യക്കടലാസ് കേരളീയ സമൂഹത്തിന്റെ മുക്തകണ്ഠമായ എതിര്പ്പിനും പ്രതിഷേധത്തിനും ഇടവരുത്തിയതിന് അതുതന്നെയാണു കാരണവും. നിര്ഭാഗ്യകരമായ ഈ സംഭവങ്ങളെ തുടര്ന്ന് ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിലും ബന്ധപ്പെട്ട അധ്യാപകനടക്കം എല്ലാവര്ക്കും സുരക്ഷ നല്കുന്നതിലും കേരളത്തിലെ ഭരണാധികാരികളുടെയും പോലിസ് അധികൃതരുടെയും ഭാഗത്തു നിന്നു വലിയ വീഴ്ചയുണ്ടായതായി ആരോപണമുണ്ട്. അധ്യാപകന്റെ നേരെ നടന്ന ആക്രമണം തടയുന്നതില് പോലിസ് പൂര്ണമായും പരാജയപ്പെട്ടതില് നിന്നുതന്നെ ഇത്തരം അവസരങ്ങളില് വേണ്ടപോലെ ജാഗ്രതയോടെ പ്രവര്ത്തിക്കുന്നതില് പോലിസ് സംവിധാനം ജാഗ്രത കാണിച്ചില്ലെന്ന് മനസ്സിലാക്കണം. ഇത്തരത്തിലുള്ള ആക്രമണത്തിനു സാധ്യതയുണെ്ടന്ന ഇന്റലിജന്സ് മുന്നറിയിപ്പു നിലനില്ക്കെയാണ് ഈ സംഭവം ഉണ്ടായത് എന്ന കാര്യം പോലിസിനു നേരെയുള്ള വിമര്ശനത്തെ കൂടുതല് ശക്തമാക്കുന്നു. ഈ ഖേദകരമായ സംഭവവികാസങ്ങള് കേരളത്തിലെ സാമുദായിക സൗഹാര്ദ്ദം തകര്ക്കുന്നതിന് ഒരു കാരണവശാലും കാരണമായിക്കൂടാ. കേരളത്തിലെ ചിന്താശീലരായ ജനങ്ങള് പക്വതയോടെ കാര്യങ്ങളെ വീക്ഷിക്കുകയും ഏതെങ്കിലും സമുദായത്തിന്റെ മേലുള്ള ആരോപണ പ്രത്യാരോപണങ്ങളിലേക്ക് ഈ സംഭവങ്ങള് നയിക്കുന്നത് ഒഴിവാക്കുകയും വേണം. കുറ്റവാളികളെ പിടികൂടി നിയമവാഴ്ചയെ ശക്തിപ്പെടുത്തുകയാണ് ഈ വേളയില് അഭികാമ്യമായിരിക്കുന്നത്.
-- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
