സഖാക്കളേ, നിങ്ങള്‍ എങ്ങോട്ടാണ്? കാഞ്ചാ ഐലയ്യ ഈയിടെ വിജയവാഡയില്‍ സമാപിച്ച സി.പി.എമ്മിന്റെ വിപുലമായ കേന്ദ്രകമ്മിറ്റി യോഗം പാര്‍ട്ടിയെ പുനരുദ്ധരിക്കുന്നതിനുള്ള യാതൊരു പദ്ധതിയും ആവിഷ്‌കരിക്കുകയുണ്‌ടായില്ല. ഇതു ഖേദകരമാണ്. കാരണം കമ്മ്യൂണിസ്റ്റുകള്‍ അവരുടെ ദീര്‍ഘകാല ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ വലതുപക്ഷത്തെ കക്ഷികളായ ബി.ജെ.പിയും മറ്റു ഹിന്ദുത്വസംഘടനകളും പ്രതിനിധാനം ചെയ്യുന്നതിന്റെ നേരെ എതിര്‍ഭാഗത്താണ് കമ്മ്യൂണിസ്റ്റുകള്‍ നിലകൊള്ളുന്നത്. സി.പി.എം മാര്‍ക്‌സിസത്തിന്റെ ശാസ്‌ത്രീയ അടിത്തറയിലാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നും അവകാശപ്പെടുന്നു. ആ നിലയ്‌ക്കു നോക്കിയാല്‍ രാജ്യത്തെ ആധുനികവല്‍ക്കരിക്കുന്നതില്‍ സുപ്രധാനമായ ഒരു പങ്ക് ഇടതുപക്ഷം വഹിക്കേണ്‌ടതായിരുന്നു. എന്നാല്‍ 80 വര്‍ഷത്തെ അതിന്റെ നിലനില്‍പ്പിനിടയില്‍ കമ്മ്യൂണിസ്റ്റ് കക്ഷി അത്തരമൊരു പങ്കും ഇന്ത്യയുടെ സമൂഹജീവിതത്തില്‍ വഹിച്ചിട്ടില്ല. ശരിക്കു പറഞ്ഞാല്‍ ഒരു തികഞ്ഞ ഫ്യൂഡല്‍ സമൂഹം പോലെയാണ് ഇന്നു കമ്മ്യൂണിസ്‌റ്റ് നേതൃത്വം കാണപ്പെടുന്നത്. അണികള്‍ക്കിടയിലെ കടുത്ത ഭിന്നതകളും പ്രസ്ഥാനം മൂന്ന് മുഖ്യധാരകളായി വേര്‍പിരിഞ്ഞു സി.പി.എം, സി.പി.ഐ, മാവോവാദികള്‍ എന്നിങ്ങനെ വിഭജിച്ചതും എല്ലാം ഈ നേതൃത്വത്തിന്റെ ഫ്യൂഡല്‍ സമീപനവും ജാതീയ മനസ്ഥിതിയും കൊണ്‌ടുതന്നെയായിരിക്കണം. ജാതി ഇന്ത്യന്‍സമൂഹത്തില്‍ എല്ലാ കാലത്തും വിഭജിക്കുന്ന ഒരു പ്രസ്ഥാനമായിരുന്നു. കമ്മ്യൂണിസ്റ്റുകള്‍ക്കിടയിലും ജാതിയുടെ പങ്ക് അതുതന്നെയായിരിക്കണം. തങ്ങളുടെ തത്ത്വത്തിലോ പ്രയോഗത്തിലോ ജാതിയെ അംഗീകരിക്കുന്നില്ലെന്ന് അവര്‍ അവകാശപ്പെടുന്നുണെ്‌ടങ്കിലും ജാതീയത അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതിന് അതൊരു തെളിവല്ല. ഇന്ത്യയില്‍ വലതുപക്ഷ ശക്തികള്‍ തമ്മില്‍ ഭിന്നതകള്‍ കുറവാണ്. ഇടതുപക്ഷത്താണ് ഭിന്നതകള്‍ അധികവും. വലതുപക്ഷം ചുരുങ്ങിയത് വിമര്‍ശനങ്ങളോടു പ്രതികരിക്കുകയെങ്കിലും ചെയ്യും; ഇടതുപക്ഷമാവട്ടെ അതൊന്നും പരിഗണിക്കുകപോലുമില്ല. ഉദാഹരണത്തിന് ഇടതുകക്ഷികള്‍ ഇന്നും ഭിന്നിച്ചുനില്‍ക്കുന്നതിനു കാരണമെന്ത് എന്നു ചോദിച്ചാല്‍ അതിനു മറുപടി പറയാന്‍ തന്നെ അവര്‍ തയ്യാറല്ല. സോവിയറ്റ് യൂനിയന്റെയും ചൈനയുടെയും പേരിലാണ് പാര്‍ട്ടിയില്‍ ഭിന്നതകള്‍ വന്നത്. ആ പ്രശ്‌നങ്ങളൊക്കെയും ഇന്നു ചരിത്രത്തിന്റെ ഭാഗമാണ്. എന്നിട്ടും അവര്‍ക്കു വിയോജിപ്പുകള്‍ ഒഴിവാക്കാന്‍ കഴിയുന്നില്ല. ഈയിടെ കേരളത്തിലെ ഒരു സി.പി.എം നേതാവ് പറയുന്നതായി കേട്ടത്, സി.പി.ഐയുമായി യോജിപ്പിനുള്ള തടസ്സം വിപ്ലവത്തിനുശേഷം മറ്റു പാര്‍ട്ടികളുമായി സ്വീകരിക്കേണ്‌ട സമീപനം സംബന്ധിച്ച് ഇപ്പോഴും അവരുമായി അഭിപ്രായഭിന്നതയുണെ്‌ടന്നാണ്. ദന്തഗോപുരവാസികള്‍ എന്നല്ലാതെ എന്താണ് ഇത്തരക്കാരെ വിളിക്കുക? തങ്ങളുടെ സ്വന്തം നിലപാടുകളെയും ആശയങ്ങളെയും വിമര്‍ശനപരമായി നോക്കിക്കാണാന്‍ ഇന്ന് ഇടതുപക്ഷം അശക്തമാണ്. അത്തരത്തിലുള്ള ഒരു സംസ്‌കാരമാണ് ഈ കക്ഷികള്‍ വളര്‍ത്തിയെടുത്തത്. തങ്ങളുടെ നിലപാടുകള്‍ ശക്തമായി അവതരിപ്പിക്കുന്നതിനും ദേശീയ നയങ്ങളെ സ്വാധീനിക്കുന്നതിനും പാര്‍ലമെന്ററി രംഗത്തെങ്കിലും ഈ കക്ഷികള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്‌ടതായിരുന്നു. എന്നാല്‍ അവിടെയും അവര്‍ വ്യത്യസ്‌ത കക്ഷികളായാണു നിലനില്‍ക്കുന്നത്. അതിന്റെ കാരണം രാജ്യത്തെ ജനങ്ങള്‍ക്കു മനസ്സിലാവുന്നുമില്ല. അവര്‍ക്കിടയില്‍ അഴിമതി കുറവാണ് എന്നതുകൊണ്‌ടുമാത്രം രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ശരിയായ മട്ടില്‍ അവര്‍ മനസ്സിലാക്കുന്നു എന്ന് അര്‍ഥമില്ല. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ തെളിയിക്കുന്നത് അവര്‍ക്ക് മാര്‍ക്‌സിസവും ഫ്യൂഡലിസവും ജാതിമനോഭാവവും ഒന്നിച്ചു കൊണ്‌ടുപോവാന്‍ കഴിയുമെന്നാണ്. അവര്‍ സംസാരിക്കുന്ന രീതി ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്കു മനസ്സിലാവുന്നതല്ല. ഓക്‌സ്‌ഫഡില്‍ പഠിച്ചു വന്ന ജ്യോതിബസുവിനെപ്പോലെയുള്ള അവരുടെ നേതാക്കള്‍ക്ക് `ധോത്തി' ധരിച്ചുള്ള രാഷ്ട്രീയവും കാര്‍ഷിക പരിഷ്‌കരണം എന്ന അജണ്‌ടയുമായിരുന്നു. എന്നാല്‍ ബംഗാളിലും കേരളത്തിലും കാര്‍ഷിക പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിലുള്ള അജണ്‌ട അപ്രസക്തമായി മാറിത്തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ആറുപതിറ്റാണ്‌ടായി അവര്‍ പറഞ്ഞത് ഇന്ത്യയിലേത് ഒരു വര്‍ഗസമൂഹമാണ് എന്നാണ്. എന്നാല്‍ സമീപകാല പഠനങ്ങള്‍ ചൂണ്‌ടിക്കാണിക്കുന്നത് ഇന്ത്യയില്‍ വര്‍ഗവിഭജനത്തേക്കാള്‍ ജാതിവിഭജനമാണ് മുഖ്യ പ്രശ്‌നമെന്നാണ്. എന്നാല്‍ കമ്മ്യൂണിസ്റ്റ് നേതാക്കളോ അവരുടെ ബുദ്ധിജീവികളോ ഈ പ്രശ്‌നത്തെ നേരിടാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ജാതി-മത സ്വത്വത്തെ അംഗീകരിക്കണോ വേണ്‌ടയോ എന്നത് കേരളത്തിലെ സി.പി.എമ്മില്‍ ഈയിടെ ചര്‍ച്ചയായിരുന്നു. പലരും അങ്ങനെ വേണം എന്നു വാദിച്ചെങ്കിലും നേതൃത്വം ആ വാദം അംഗീകരിക്കാന്‍ തയ്യാറായില്ല. അത്തരം സ്വത്വപരമായ പ്രശ്‌നങ്ങള്‍ നിലവിലുണെ്‌ടങ്കിലും അത് അംഗീകരിക്കുന്നത് സമൂഹത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിഭജിക്കും എന്ന ന്യായമാണ് അവര്‍ ഉയര്‍ത്തിയത്. അതേസമയം, വലിയ സംസ്ഥാനങ്ങളായ യു.പിയിലും ബിഹാറിലും മധ്യപ്രദേശിലും അധ്വാനിക്കുന്ന ജനങ്ങള്‍ക്കിടയില്‍പ്പോലും തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ എന്തുകൊണ്‌ടു കഴിയുന്നില്ല എന്ന പ്രശ്‌നത്തിന് അവര്‍ക്ക് ഉത്തരമില്ല. അവര്‍ തങ്ങളുടെ നിലപാടുകള്‍ പുനപ്പരിശോധിക്കണം. ജാതിയും സാമൂഹികവും സാംസ്‌കാരികവുമായ വിഷയങ്ങളും മുന്‍നിര്‍ത്തി ജനങ്ങളെ സംഘടിപ്പിക്കാന്‍ അവര്‍ തയ്യാറാവണം. അങ്ങനെ മാത്രമേ വിശാലമായ മേഖലകളില്‍ അവര്‍ക്കു കടന്നുകയറാനാകൂ. എന്നാല്‍ അതെങ്ങനെ ചെയ്യണം എന്നതിനെപ്പറ്റി അവര്‍ക്കു യാതൊരു ധാരണയുമില്ല. അതേപോലെ, ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യവസായപുരോഗതി ഉണ്‌ടായതേയില്ല. അവര്‍ക്ക് കാര്‍ഷിക പരിഷ്‌കരണം എന്ന അജണ്‌ട മാത്രമേ ഉണ്‌ടായിരുന്നുള്ളൂ. അതുകാരണം ബംഗാളില്‍പ്പോലും ജനങ്ങളെ അര്‍ധ ഫ്യൂഡല്‍ അവസ്ഥയില്‍ നിന്ന് ഉയര്‍ത്തിയെടുക്കുന്നതില്‍ അവര്‍ പരാജിതരായി. നേതാക്കള്‍ ധോത്തിയും കുര്‍ത്തയും ധരിച്ചു; അണികള്‍ ധരിക്കാന്‍ ഒന്നുമില്ലാതെ കഴിഞ്ഞുകൂടി. അതാണ് ബംഗാളിലെ അവസ്ഥ. ലോകം ഉത്തര മുതലാളിത്ത, ആഗോളവല്‍ക്കരണത്തിന്റെ ഘട്ടത്തില്‍ പ്രവേശിച്ചെങ്കിലും കമ്മ്യൂണിസ്റ്റുകള്‍ ഫ്യൂഡലിസവും മുതലാളിത്തവും ഒക്കെയാണ് ഇന്നും ചര്‍ച്ചചെയ്യുന്നത്. മാത്രമല്ല, അവരുടെ ജെ.എന്‍.യു നേതൃത്വത്തിന് ഗ്രാമീണ ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. അവരുടെ നിലപാടുകളെ സംബന്ധിച്ച് ഇവര്‍ക്കു യാതൊരു പിടിപാടുമില്ല. യു.പി.എ കാലത്ത് തങ്ങളുടെ രാഷ്ട്രീയ നിലപാടുകളില്‍പ്പോലും അവര്‍ വെള്ളം ചേര്‍ത്തു. ഇന്നിപ്പോള്‍ ഇടതുപക്ഷത്തിനു പുതിയൊരു ഊര്‍ജം സംഭരിക്കാനാവുമെന്ന് ആരും വിശ്വസിക്കുന്നില്ല. ശരിക്കു പറഞ്ഞാല്‍ സോഷ്യലിസത്തെ സംബന്ധിച്ച വാചകമടികള്‍ ഇന്നു തൊഴിലാളിവര്‍ഗത്തെപ്പോലും സ്വാധീനിക്കുന്നില്ല. അവര്‍ തങ്ങളുടെ ജാതി-സാംസ്‌കാരിക ചങ്ങലക്കെട്ടുകളില്‍ ബന്ധിതരായി കഴിഞ്ഞുകൂടുകയാണ്. ഈ അവസ്ഥയെ സംബന്ധിച്ച് ആഴത്തിലുള്ള പരിചിന്തനം കമ്മ്യൂണിസ്റ്റുകളുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവരേണ്‌ടതാണ്. ഇന്നുവരെ അത്തരമൊരു സമീപനം ഉണ്‌ടായിട്ടില്ല. ജനങ്ങളുടെ ബഹുമാനം നേടിയ ഗാന്ധിയെയോ അംബേദ്‌കറെയോ പോലുള്ള ഒരു നേതാവിനെ അവര്‍ക്കു സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല. തങ്ങളുടെ പാര്‍ട്ടിക്കു പുറത്തു വിശാല ജനങ്ങളുടെ പ്രീതിനേടിയ നേതാക്കള്‍ അവര്‍ക്കില്ല. കമ്മ്യൂണിസം എന്ന ആശയം ഇന്നും എഴുത്തുകാരിലും സാംസ്‌കാരികപ്രവര്‍ത്തകരിലും സ്വാധീനം ചെലുത്തിയിട്ടുപോലും അതാണ് അവസ്ഥ. വലതുപക്ഷത്തിനുപോലും അത്തരമൊരു പ്രതിഭയെ സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടുണ്‌ട്. സ്വാമി വിവേകാനന്ദന്‍ അത്തരമൊരു പ്രതിഭാസമാണ്. ജാതിയടക്കം പല പ്രശ്‌നങ്ങളെയും സ്വന്തം വീക്ഷണകോണിലൂടെ നോക്കിക്കാണാന്‍ അദ്ദേഹത്തിനു സാധിച്ചതാണ് അതിനു കാരണം. എന്നാല്‍ അത്തരമൊരു സമീപനം ഇടതുപക്ഷത്ത് ആരും കൈക്കൊണ്‌ടില്ല. ഇടതുപക്ഷത്തിനു വലിയ സ്വാധീനമുണ്‌ടായിരുന്ന തെലുങ്കാനയിലാണു ഞാന്‍ ജനിച്ചു വളര്‍ന്നത്. എനിക്കു തോന്നുന്നത് ആന്ധ്രയില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നിരുന്നെങ്കില്‍ ഇവിടെയും ബംഗാളിലെപ്പോലെ ധോത്തിധാരികളായ ഫ്യൂഡല്‍ സമൂഹമായി അവര്‍ നിലനിന്നേനെ എന്നാണ്. എനിക്ക് ഉറപ്പായി പറയാന്‍ കഴിയും: ഈ പ്രദേശത്തെ ഒരു ശരാശരി കാര്‍ഷിക തൊഴിലാളി- ദലിതായാലും ആദിവാസിയായാലും ഒ.ബി.സിയായാലും- ബംഗാളിലെ അവരുടെ കൂട്ടരുടെ അവസ്ഥയേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ് ഇന്നുള്ളത്. എന്നുവച്ചാല്‍ നിലവിലുള്ളതിനെ വിമര്‍ശിച്ചാല്‍ മാത്രം പോര. മറിച്ചു ബദല്‍ സംവിധാനങ്ങള്‍ തേടണം; ജനങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്ന ബദലുകള്‍ നടപ്പാക്കാനുള്ള ഊര്‍ജവും ആത്മാര്‍ഥതയും വേണം. എന്നാല്‍ ഇന്നുവരെയുള്ള അനുഭവം, അത്തരമൊരു ജനാധിപത്യ ബദല്‍ കൊണ്‌ടുവരുന്നതിലും നടപ്പാക്കുന്നതിലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ വന്‍ പരാജയമാണ് എന്നുതന്നെയാണ്.
http://www.thejasonline.com -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
