പരിസ്ഥിതി വിനാശത്തിന് പ്രധാനമന്ത്രി പച്ചക്കൊടി കാണിക്കുന്നു
പ്രഫുല്‍ ബിദ്വായ് ദിനപത്രങ്ങളുടെ പത്രാധിപന്മാരുമായി സെപ്തംബര്‍ 6 ന് നടത്തിയ ആശയവിനിമയത്തിനിടയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മന്ത്രിസഭ അടുത്തുതന്നെ പുനഃസംഘടിപ്പിക്കുമെന്ന് സൂചിപ്പിക്കുകയുണ്ടായി. ഒന്നാം യു പി എ മന്ത്രിസഭയുടെ കാലയളവില്‍ മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ രണ്ടു മാറ്റങ്ങളാണ് വരുത്തിയത്. മുംബൈ ആക്രമണത്തെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി ശിവരാജ് പട്ടീലിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി. പെട്രോളിയം വകുപ്പു മണിശങ്കര്‍ അയ്യരില്‍ നിന്നും എടുത്തുമാറ്റുകയും ചെയ്തു. ഇത്തവണ എന്തു മാറ്റങ്ങളാണുണ്ടാവുക എന്ന് പ്രവചിക്കാനാവില്ല. എന്നാല്‍ ഒരു കാര്യം ഏറെക്കുറെ തീര്‍ച്ചയാണ്. മന്‍മോഹന്‍സിംഗിന്റെ ഇംഗിതം നടപ്പാവുകയാണെങ്കില്‍ പരിസ്ഥിതി-വനംവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ജയ്‌റാം രമേശിനെ അവിടെനിന്നും മാറ്റി കൂടുതല്‍ വിധേയനായ, വ്യവസായികള്‍ക്ക് അനുകൂല നിലപാടെടുക്കുന്ന ഒരാളെ പകരം വെയ്ക്കും. മന്‍മോഹന്‍സിംഗും ജയ്‌റാം രമേശും തമ്മിലുള്ള ബന്ധത്തില്‍ വഴിത്തിരിവായത് ജനിതകമാറ്റം വരുത്തിയ വഴുതനയെ സംബന്ധിച്ച പ്രശ്‌നമായിരുന്നു. ജയ്‌റാം രമേശ് ഏഴു നഗരങ്ങളില്‍ ജനങ്ങളില്‍ നിന്നും തെളിവെടുപ്പ് നടത്തി. ഇവയില്‍ പങ്കെടുത്ത എണ്ണായിരം പേരില്‍ മഹാഭൂരിപക്ഷവും ജനിതകമാറ്റം വരുത്തിയ വഴുതന കൃഷിയെ എതിര്‍ത്തു. ഒറീസയിലെ നിയാംഗിരികുന്നുകളില്‍ വേദാന്ത ഗ്രൂപ്പിന് ജയ്‌റാം രമേശ് ഖനനത്തിനുള്ള ലൈസന്‍സ് നിഷേധിച്ചതും ശ്രദ്ധേയമായ നടപടിയായിരുന്നു. ഖനനം ദോന്‍ഗ്രിയ ഗിരിവര്‍ഗക്കാരെ പ്രതികൂലമായി ബാധിക്കുമെന്നും വനാവകാശ നിയമത്തിന്റെയും വനസംരക്ഷണ നിയമത്തിന്റെയും ലംഘനമാണെന്നും ചൂണ്ടിക്കാട്ടി എന്‍ സി സക്‌സേന നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഖനനത്തിനുള്ള അനുമതി നിഷേധിച്ചത്. ജയ്‌റാം രമേശ് അത്രവലിയ പരിസ്ഥിതിവാദിയൊന്നുമല്ലെന്ന് ഓര്‍ക്കണം. ചട്ടങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ആളാണദ്ദേഹം. ലോക ബാങ്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പശ്ചാത്തലമുള്ള ജയ്‌റാം രമേശ് എന്‍ജിനീയറായിരുന്നു. പിന്നീട് മാനേജ്‌മെന്റിലും ഭരണനിര്‍വഹണത്തിലും പ്രാവിണ്യം നേടി. ജയ്‌റാം രമേശിന്റെ ഏറ്റവും ഒടുവിലത്തെ 'കുറ്റം' പുതിയ നവി മുംബൈ വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി നല്‍കാന്‍ മടിക്കുന്നതാണ്. ഈ പ്രോജക്ട് 400 ഏക്കറിലെ കണ്ടല്‍ചെടികള്‍ നശിപ്പിക്കും. കടല്‍കാറ്റില്‍ നിന്നും കൂറ്റന്‍ തിരമാലകളില്‍ നിന്നും തീരത്തെ സംരക്ഷിക്കുന്നതാണ് കണ്ടല്‍കാട്. വിമാനത്താവളത്തിനു മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന ആവശ്യം നീതിയുക്തമാണ്. എന്നാല്‍ ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട സ്ഥലത്തിന് അനുമതി നല്‍കാന്‍ പ്രധാനമന്ത്രി പരിസ്ഥിതിമന്ത്രിയെ നിര്‍ബന്ധിക്കുകയാണ്. കരാറുകാരും കമ്മിഷന്‍ പറ്റാന്‍ കാത്തിരിക്കുന്ന മഹാരാഷ്ട്ര രാഷ്ട്രീയക്കാര്‍ക്കും വിമാനത്താവളം അവിടെതന്നെ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുവരികയാണ്. പാരിസ്ഥിതിക ഉല്‍ക്കണ്ഠകള്‍ ''ദാരിദ്ര്യം സ്ഥിരമാക്കരു''തെന്നും ലൈസന്‍സ്-പെര്‍മിറ്റ്‌രാജ് തിരിച്ചുകൊണ്ടുവരരുതെന്നും പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ ഉന്നംവെച്ചത് ജയ്‌റാം രമേശിനെയാണെന്ന് വ്യക്തം.ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനിയായ പോസ്‌കോയുടെയും ടാറ്റയുടെയും മിറ്റലിന്റെയും ജിന്‍ഡാലിന്റെയും വന്‍കിട ഖനന-വ്യവസായ പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പരമാവധി ശ്രമം നടത്തിവരികയാണ്. സക്‌സേനയുടെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റി പോസ്‌കോ ഉരുക്ക് പ്രോജക്ട് വനാവകാശ നിയമവും പഞ്ചായത്ത് നിയമവും ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗിരിവര്‍ഗ ഗ്രാമത്തില്‍ ഭൂമി കൈമാറ്റം ചെയ്യുന്നതിന് ഗ്രാമസഭയുടെ മൊത്തത്തിലുള്ള അനുമതി വേണമെന്നത് നിര്‍ബന്ധമാണ്. ബഹുരാഷ്ട്ര കമ്പനിയുടെയും ഇന്ത്യന്‍ ബിസിനസുകാരുടെയും ദക്ഷിണ കൊറിയയുടെയും സമ്മര്‍ദത്തില്‍ ഗവണ്മെന്റ് മുന്‍ പരിസ്ഥിതി വകുപ്പ് സെക്രട്ടറി മീനാഗുപ്തയുടെ നേതൃത്വത്തില്‍ മറ്റൊരു കമ്മിറ്റിയെ നിയമിച്ചിരിക്കുകയാണ്. സക്‌സേന കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിച്ച മീനാ ഗുപ്തയ്ക്ക് ബിസിനസ് ഗ്രൂപ്പുകളോടുള്ള താല്‍പര്യം ഒരു രഹസ്യമല്ല. ഏറ്റവും അയവേറിയ പരിസ്ഥിതി ചട്ടങ്ങളുടെ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിലെ പരിസ്ഥിതി ആഘാതവിലയിരുത്തല്‍ പ്രക്രിയ വളരെയേറെ പാകപിഴകള്‍ നിറഞ്ഞതാണ്. വനേതര ആവശ്യങ്ങള്‍ക്കായി വനഭൂമി കൈമാറുന്നത് പ്രതിവര്‍ഷം 140000 ഹെക്ടറായിരുന്നത് സമീപകാലത്തായി 27000 ഹെക്ടറായി കുറഞ്ഞിട്ടുണ്ടെങ്കിലും വനനശീകരണം ഇപ്പോഴും തുടരുന്നു. 2009 ലെ പരിസ്ഥിതി റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ ഭൂപ്രദേശത്തിന്റെ 45 ശതമാനത്തിന്റെയും ഗുണമേന്മ വനനശീകരണവും മോശമായ കൃഷിരീതികളും ഖനനവും ഉപ്പുവെള്ളം കയറുന്നതും മറ്റും വഴികുറഞ്ഞു. ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞു. രാസവളങ്ങളും കീടനാശിനികളും വ്യവസായ മാലിന്യങ്ങളും മുനിസിപ്പാലിറ്റികളില്‍ നിന്നുമുള്ള മാലിന്യങ്ങളും കാരണം വെള്ളം മലിനമാകുന്നു. പ്ലാസ്റ്റിക്കും അപകടകരമായ പങ്കാണ് വഹിക്കുന്നത്. കാരിബാഗുകളും വാട്ടര്‍ബോട്ടിലുകളും നദികളില്‍ നിറയുന്നു. നഗരങ്ങളിലെ വായുമലിനീകരണം അനുവദനീയമായ പരിധികളിലും ഏറെ അധികമാണ്. പരിസ്ഥിതിവിനാശംമൂലം 2007 ല്‍ ഇന്ത്യക്കുണ്ടായ നഷ്ടം മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ ഏഴു മുതല്‍ പത്തുവരെ ശതമാനമാണെന്നാണ് എനര്‍ജി ആന്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റിയൂട്ട് കണക്കാക്കിയിരിക്കുന്നത്. മണ്ണും വെള്ളവും വായുവും വനങ്ങളും തീരങ്ങളും സംരക്ഷിക്കാനുള്ള ചട്ടങ്ങള്‍ ഇന്ത്യ കൂടുതല്‍ കര്‍ശനമാക്കുകയാണാവശ്യം. ജനങ്ങളുടെ നിലനില്‍പിനും ക്ഷേമത്തിനും ഇത് അനിവാര്യമാണ്. പരിസ്ഥിതി അത്രയൊന്നും പ്രധാനമല്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നല്‍കുന്നത്. വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് പരിസ്ഥിതി നശിപ്പിക്കുന്നത് അനുവദിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. ദാരിദ്ര്യത്തെയും പരിസ്ഥിതിസംരക്ഷണത്തെയും പരസ്പരവിരുദ്ധമായി പ്രധാനമന്ത്രി അവതരിപ്പിക്കുന്നത് തെറ്റായ രീതിയാണ്. ആരോഗ്യകരവും നിലനില്‍ക്കുന്നതുമായ വ്യവസായവല്‍ക്കരണത്തിന് ശക്തമായ പരിസ്ഥിതി സംരക്ഷണം ആവശ്യമാണ്. അത് പ്രകൃതിവിഭവങ്ങളെയാണ് സംരക്ഷിക്കുന്നത്. ലക്കും ലഗാനുമില്ലാത്ത വ്യവസായവല്‍ക്കരണവും കൊള്ളയടിക്കുന്ന ഖനനവും ജനങ്ങളെ അവരുടെ വിഭവസ്രോതസുകളില്‍ നിന്നും പുറത്താക്കുകയും അന്തിമമായി അവരെ പാപ്പരാക്കുകയും ചെയ്യുന്നു. ലൈസന്‍സ് രാജ് എന്ന വിശേഷണം ഭരണനിര്‍വഹണത്തിന്റെ പ്രാഥമിക ഉത്തരവാദിത്വത്തില്‍നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഒരു തന്ത്രമാണ്. വിലപ്പെട്ട വിഭവങ്ങള്‍ ഇഷ്ടംപോലെ ചൂഷണം ചെയ്യാന്‍ സര്‍വസ്വാതന്ത്ര്യങ്ങളും നല്‍കാന്‍ പ്രധാനമന്ത്രിയും ഉദ്ദേശിച്ചു കാണില്ല. ഭോപ്പാലില്‍ നിന്നും അദ്ദേഹം ഒരു പാഠവും പഠിച്ചില്ലെന്നു കരുതാനാകുമോ? പരിസ്ഥിതി വിനാശത്തെകുറിച്ചുള്ള വീക്ഷണം അദ്ദേഹം മാറ്റണം. മൊത്ത ആഭ്യന്തര ഉല്‍പ്പാദനവളര്‍ച്ചയിലുള്ള അതിരുവിട്ട താല്‍പര്യത്തിനും വന്‍കിട ബിസിനസിനു നല്‍കുന്ന പരിധിയില്ലാത്ത ഇളവുകള്‍ക്കും നാം കനത്ത വില നല്‍കേണ്ടിവരും. -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
