Thursday, October 08, 2009 *മനഃപരിവര്‍ത്തനം!* *ബൈജു എന്‍. നായര്‍* http://www.scoopeye.com/showNews.php?news_id=1513
ജന്മഭൂമി ദിനപത്രത്തിന്റെ കൊച്ചി യൂണിറ്റിലെ സബ് എഡിറ്റര്‍ ശ്രീദേവി .സി. നായരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. കാരണം: ശ്രീദേവി ഒരു ക്രിസ്‌ത്യന്‍ യുവാവിനെ വിവാഹം കഴിക്കാന്‍ പോകുന്നു! സാക്ഷരകേരളത്തില്‍ കഴിഞ്ഞദിവസം നടന്ന സംഭവമാണിത്. ഒക്‌ടോബര്‍ 3 നായിരുന്നു, ശ്രീദേവിയുടെ വിവാഹം. 30-ാം തീയതി ജന്മഭൂമിയുടെ മാനേജിംഗ് ഡയറക്‌ടറും ഹിന്ദുത്വത്തിന്റെ കേരളത്തിലെ മൊത്തക്കച്ചവടക്കാരനുമായ കുമ്മനം രാജശേഖരന്‍ ശ്രീദേവിയെ തന്റെ റൂമിലേക്ക് വിളിപ്പിച്ചു. എന്നിട്ട് വിവാഹക്കാര്യങ്ങള്‍ ചോദിച്ചു. ശ്രീദേവിയുമായി ഈ ലേഖകന്‍ സംസാരിച്ച് മനസിലാക്കിയ ആ സംഭാഷണം ഇങ്ങനെ... കുമ്മനം: എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? ശ്രീദേവി: പ്രത്യേകിച്ച് ഒന്നുമില്ല... കുമ്മനം: ഒന്നുമില്ലേ? 3-ാം തീയതി വിവാഹമല്ലേ? ശ്രീദേവി: അതൊരു ചടങ്ങുമാത്രം. ഞങ്ങള്‍ രജിസ്‌റ്റര്‍ മാര്യേജ് നടത്തി. ഒന്നിച്ചുജീവിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. കുമ്മനം: പള്ളിയില്‍ വെച്ചാണല്ലേ വിവാഹം? ശ്രീദേവി: അതേ. കുമ്മനം: ശ്രീദേവി ക്രിസ്‌ത്യാനിയാകുന്നു എന്നര്‍ത്ഥം. ശ്രീദേവി: അതേ. അതാണ് എന്റെയും താത്‌പര്യം. കുമ്മനം: അതു പാടില്ല. അയാളെ എന്റെയടുത്തുകൊണ്ടുവരൂ. അയാളെക്കൂടി ഞാന്‍ ഹിന്ദുവാക്കാം. ശ്രീദേവി: അതിന്റെ ആവശ്യമില്ല. ഞങ്ങള്‍ സമാധാനത്തോടെയും സന്തോഷത്തോടെയും ഇപ്പോള്‍ ജീവിക്കുന്നുണ്ട്. അത് അലങ്കോലപ്പെടുത്തേണ്ട കാര്യമില്ലല്ലോ. തന്നെയുമല്ല, എന്റെ വിവാഹക്കാര്യം എന്റെ പേഴ്‌സണല്‍ കാര്യമാണ്. മറ്റാരും അതില്‍ ഇടപെടേണ്ടതില്ല. കുമ്മനം: ക്രിസ്‌ത്യാനിയെ വിവാഹം കഴിച്ച് ഇവിടെ ജോലി ചെയ്യാന്‍ പറ്റില്ല. ഇന്നുതന്നെ പിരിഞ്ഞുപോകണം. മതനിരപേക്ഷത, ഭരണഘടനയിലൂടെ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയില്‍ കഴിഞ്ഞയാഴ്‌ച നടന്ന സംഭവമാണ് മേല്‍വിവരിച്ചത്. ശ്രീദേവിക്ക് അന്നുതന്നെ ജോലിയില്‍ നിന്നു പിരിയേണ്ടിവന്നു. അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരും നല്ല മനുഷ്യരും ജന്മഭൂമിപത്രത്തിന്റെ ഉയര്‍ന്ന തസ്‌തികകള്‍ വഹിക്കുന്നവരുമായ ലീലാമേനോന്‍, ഹരി.എസ.്‌കര്‍ത്ത എന്നിവര്‍ ശ്രീദേവിയോട് തങ്ങളുടെ നിസഹായത പ്രകടിപ്പിച്ചു. ശ്രീദേവിയ്‌ക്ക് ജോലി നഷ്‌ടമായി. പിറന്നുവീണപ്പോള്‍ കുമ്മനത്തിന്റെ കൈയില്‍ ശൂലമുണ്ടായിരുന്നു എന്നാണ് കേഴ്‌വി. അങ്ങനെയാണത്രേ ടിയാന്‍ ഹിന്ദുത്വത്തിന്റെ ഹോള്‍സെയ്‌ലറായത്. ഹിന്ദുത്വത്തിന് ക്ഷതമേല്‍ക്കുന്നതൊന്നും അദ്ദേഹം ചെയ്യില്ല; ചെയ്യിക്കില്ല. ഹോ! അദ്ദേഹമില്ലായിരുന്നെങ്കില്‍ ഹിന്ദുത്വം എന്നേ അറബിക്കടലില്‍ ചെന്നുവീഴുമായിരുന്നു! ഏതായാലും മലയാളിക്ക് ലജ്ജിച്ച് തലതാഴ്‌ത്താന്‍ ഒരു സംഭവം കൂടിയായി. ഇന്ത്യയിലെ ഏറ്റവും അവകാശബോധമുള്ള പത്രപ്രവര്‍ത്തകര്‍ കേരളത്തിലാണെന്നാണ് വെയ്‌പ്. അവര്‍ ഈ സംഭവം വേണ്ടവിധത്തില്‍ ഏറ്റെടുക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം. കുമ്മനവും ലൗ ജിഹാദും അരമനയച്ചന്മാരും കാന്തപുരം - കീന്തപുരം ഹാജിമാരുമെല്ലാംകൂടി കേരളത്തെ ഏത് നൂറ്റാണ്ടിലാണോ കൊണ്ടുപോയി തളയ്‌ക്കാന്‍ പോകുന്നത്! ഒടുവില്‍ പരശുരാമന്‍ തിരിച്ചുവരികയും മഴു എറിഞ്ഞത് മുന്‍കാലപ്രാബല്യത്തോടെ പിന്‍വലിക്കുകയും ചെയ്യും. അതുവരെ തുടരട്ടെ ജാതി-മത പൊറാട്ടുനാടകം. --~--~---------~--~----~------------~-------~--~----~ Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] -~----------~----~----~----~------~----~------~--~---
