ഹെഡ്ലീയം: 26/11ന്റെ നേര് ഒളിപ്പിച്ചതെവിടെ? വിജു വി. നായര്‍ Tuesday, May 4, 2010 അപ്പോള്‍, ഇന്ത്യക്കാരുടെ സ്വന്തം 9/11ന്റെ അഥവാ മുംബൈ 26/11ന്റെ കഥയെന്തായി? അജ്മല്‍കസബിനെ അച്ചുതണ്ടാക്കിയ കോടതി വിചാരണ തീര്‍ന്നു; കുറ്റവാളിയെന്ന തീര്‍പ്പും വന്നു. ശിക്ഷ ഏതാണ്ട് ഊഹിക്കാവുന്നതേയുള്ളൂ^തൂക്കുകയര്‍ തന്നെ. ഒടുവിലായി, ആസൂത്രണ ബുദ്ധിജീവികള്‍ എന്ന പേരില്‍ ലശ്കറെ ത്വയ്യിബ പ്രമാണികളെ പിടികിട്ടാനുള്ള പുള്ളികളായി പ്രഖ്യാപിച്ച് പ്രോസിക്യൂഷന്‍ നാടകം അവസാനിപ്പിക്കും. കൂട്ടത്തില്‍ പാകിസ്താനിട്ട് കുറെ ഭള്ളുവിളിയും. അങ്ങനെ ഇന്ത്യാചരിത്രത്തിലെ ഏറ്റവും ദൃശ്യപ്പൊലിമ കിട്ടിയ ഭീകരാക്രമണത്തിന് കര്‍ട്ടന്‍ വീഴുകയായി. പാകിസ്താനെതിരെ യുദ്ധകാഹളം മുഴക്കിയ ദേശീയ രാഷ്ട്രീയക്കാരും മുഖ്യധാരാ മാധ്യമകേസരികളും ഈ പരിണാമഗുപ്തിയിലേക്ക് എത്ര അനായാസമാണ് മെയ്വഴക്കവും ചൊല്‍വഴക്കവും വഴി സമരസപ്പെട്ടത് എന്നോര്‍ക്കുക. ഒരു സമൂഹത്തെ ഒന്നടങ്കം കൊജ്ഞാണന്മാരാക്കിയെടുക്കുന്നതില്‍ നമ്മുടെ രാഷ്ട്രീയ^മാധ്യമപരിഷകള്‍ക്കുള്ള ഈ സാമര്‍ഥ്യത്തിന്റെ തെളിവാണ് ഇക്കേസിലെ ഹെഡ്ലി എപ്പിസോഡ്. ഒപ്പം ഈ കേസിന്റെ നേര് ഒളിപ്പിച്ചുവെക്കുന്ന മര്‍മവും.
26/11ന്റെ പിറ്റേ നിമിഷംതൊട്ട് യു.പി.എ സര്‍ക്കാറും ഇന്ത്യന്‍ മാധ്യമങ്ങളും പ്രചരിപ്പിച്ചുപോന്നത് ലശ്കറെ ത്വയ്യിബയും അതുവഴി പാകിസ്താനുമാണ് യഥാര്‍ഥ പ്രതികളെന്നാണല്ലോ. ഇതേച്ചൊല്ലിയുള്ള ഇന്ത്യ^പാക് സംഘര്‍ഷം ആദ്യത്തെ മുഷ്ടിചുരുട്ടലിനുശേഷം ഇപ്പോഴും നയതന്ത്രതലത്തില്‍ തുടരുന്നു. അതിന്റെ ഫലമായി ഏറ്റവുമൊടുവില്‍ സെക്രട്ടറിതല ചര്‍ച്ച പ്രകടമായിത്തന്നെ പ്രഹസനമായി കെട്ടടങ്ങി. അതും കഴിഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി കിട്ടുന്ന വേദിയിലൊക്കെ പാകിസ്താനെ പഴിക്കുന്നു. കരസേനാധിപന്‍ പരസ്യഭീഷണി മുഴക്കുന്നു^ 'കോള്‍ഡ് സ്റ്റാര്‍ട്ട്' യുദ്ധതന്ത്രംവരെ പ്രഖ്യാപിക്കുന്നു. എന്നുവെച്ചാല്‍, ഇനി ഏതുതരം ഭീകരാക്രമണമുണ്ടായാലും പാകിസ്താനെതിരെ ഉടനടി യുദ്ധം തുടങ്ങുമെന്നര്‍ഥം. ലശ്കറെ ത്വയ്യിബക്കു പിന്നില്‍ ഐ.എസ്.ഐ, അതിനു പിന്നില്‍ പാക് പട്ടാളലോബി^ ഇവരാണ് ഇന്ത്യയുടെ കണക്കിലെ യഥാര്‍ഥ പ്രതികള്‍. അന്വേഷിച്ച് ഈ സത്യം വ്യക്തമാക്കണമെങ്കില്‍ ഇപ്പറഞ്ഞ കേന്ദ്രമന്ത്രി തന്നെ കനിയണം. കള്ളന്‍തന്നെ കുമ്പസാരിക്കണമെന്നു പറഞ്ഞാല്‍ നടപ്പുള്ള കാര്യമാണോ? ഇവിടെയാണ് ഒരു നടപ്പില്ലാനടപ്പ് അരങ്ങേറുന്നത്^ ഹെഡ്ലി എന്ന ഭീകരന്‍ ഒരു സുപ്രഭാതത്തില്‍ രംഗപ്രവേശം ചെയ്യുന്നു. ഷികാഗോ വിമാനത്താവളത്തില്‍വെച്ച് പിടിയിലകപ്പെട്ടെന്നും ഇയാളാണ് 26/11ന്റെ സൂത്രധാരന്‍ എന്നും പറഞ്ഞ് ഇന്ത്യയുടെയും പാകിസ്താന്റെയും സംയുക്തമിത്രമായ അമേരിക്കയാണ് പ്രതിയെ അവതരിപ്പിക്കുന്നത്. ഇന്ത്യ ചൂണ്ടിപ്പറഞ്ഞ ദിശകളെല്ലാം ശരിവെക്കുന്ന തരത്തിലുള്ള വിശദീകരണങ്ങളും അവര്‍ നല്‍കുന്നു^ ഹെഡ്ലിയുടെ ലശ്കര്‍ കണക്ഷന്‍ തൊട്ട് ഐ.എസ്.ഐയുടെ പെന്‍ഷനായ ഒരു മേജര്‍ വരെയുള്ള ബന്ധചിത്രം. പ്ലോട്ട് ഇന്ത്യന്‍ വിഭാവനപ്രകാരം തന്നെ വരക്കാനുള്ള സര്‍വ കരുക്കളുമായി; പക്ഷേ.... ആ പക്ഷേയിലാണ് ഹെഡ്ലി എപ്പിസോഡ് നിര്‍മിച്ചതിന്റെ യഥാര്‍ഥ ഇംഗിതമിരിക്കുന്നത്. 26/11ന്റെ ഒന്നാംവാര്‍ഷികം അടുക്കുകയും ഇന്ത്യ^പാക്വാഗ്വാദം എങ്ങുമെത്താതെ തുടരുകയും ചെയ്യുന്നതിനിടെ ശൂന്യതയില്‍ നിന്നെന്നപോലെ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി അവതരിപ്പിക്കപ്പെടുന്നു. ഷികാഗോ വിമാനത്താവളത്തില്‍വെച്ച് ഫിലാഡല്‍ഫിയക്ക് പറക്കാന്‍ ചെന്ന ഒരു അമേരിക്കന്‍പൌരനെ പതിവു സുരക്ഷാ ചോദ്യം ചെയ്യലിനിടെ സംശയം തോന്നി കസ്റ്റഡിയിലെടുത്തെന്നാണ് എഫ്.ബി.ഐ നല്‍കിയ പ്രഥമവിവര റിപ്പോര്‍ട്ട്. അയാള്‍ ജോലി ചെയ്യുന്നതായി പറഞ്ഞ സ്ഥാപനം വ്യാജമാണെന്ന് മനസ്സിലാക്കിയെന്നും തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ആള്‍ ലശ്കറെ ത്വയ്യിബ ബന്ധമുള്ള വലിയ പുള്ളിയാണെന്ന് ബോധ്യമായെന്നും. രണ്ടു ദിവസത്തിനകം ഹെഡ്ലിപുരാണം അപ്പടി എഫ്.ബി.ഐ നിരത്തുന്നു. 26/11ന്റെ ആസൂത്രകന്‍ എന്നതുതൊട്ട് മുഹമ്മദ്നബിയുടെ കാര്‍ട്ടൂണ്‍ വരച്ച് യൂറോപ്പില്‍ പ്രശ്നമുണ്ടാക്കിയ ഡാനിഷ് പത്രത്തിനുമേല്‍ ഭീകരാക്രമണം തയാര്‍ ചെയ്തുവരുന്ന പുള്ളിയാണിതെന്നുവരെ വിശദമായ അപസര്‍പ്പക വിവരണം. ഈ കേസുകെട്ടുവെച്ച് ഷികാഗോ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്യുന്നു. ഒക്ടോബറില്‍ അകത്തായ ഹെഡ്ലി തൊട്ടടുത്ത മാസം കുറ്റങ്ങളെല്ലാം നിഷേധിക്കുന്നു. എങ്കിലും ഇന്ത്യയില്‍ അത് വന്‍ ആഘോഷമായി. അതുവരെ കേട്ടിട്ടേയില്ലാത്ത പുള്ളി പോയ വഴിയും പൊടിയും തപ്പി കൊച്ചി തൊട്ട് ദല്‍ഹിവരെ ഒരു കാടിളക്കം. ഹെഡ്ലിയെ ഇങ്ങോട്ട് കിട്ടാത്ത താമസം ചിത്രം മൊത്തം പൂരിപ്പിച്ചെടുത്തു കളയുമെന്ന വീരവാദത്തില്‍ ചിദംബരംതൊട്ട് കുട്ടിപ്പത്രങ്ങള്‍വരെ അഭിരമിക്കുന്നതിനിടെ ഇക്കഴിഞ്ഞ ജനുവരിയില്‍ ഷികാഗോ നാടകം ആന്‍ഡി ക്ലൈമാക്സിലേക്ക് കടക്കുന്നു^ഹെഡ്ലി ഒരു ജനുവരിരാവില്‍ 'കുറ്റസമ്മതം' നടത്തുന്നു. നവംബറിനും ജനുവരിക്കുമിടക്ക് പ്രതിക്ക് മാനസാന്തരം സംഭവിച്ചതൊന്നുമല്ല. ഒബാമയുടെ സ്വന്തം അറ്റോര്‍ണി ജനറല്‍ ആസൂത്രണം ചെയ്ത ഒരു ധാരണക്കരാര്‍ അനുസരിച്ചാണ് കുറ്റസമ്മതം. ഡീല്‍ എന്ന് സായ്പ് ഭാഷ. കോടതി മുമ്പാകെ ആരെങ്കിലും ഡീല്‍ ഉറപ്പിക്കുമോ എന്നൊന്നും ചോദിക്കരുത്^ ജൂറിസ്പ്രുഡന്‍സ് കണ്ടുപിടിച്ച ഉപ്പുപ്പാന്മാരുടെ വികസിതരാഷ്ട്രമാണ് അമേരിക്ക. അവര്‍ പറയുന്നത് അപരിഷ്കൃതരായ വികസ്വരന്മാര്‍ ശിരസാവഹിച്ചുകൊള്ളണം. അതാണ് വികസിക്കാനുള്ള മാതൃകാപരമായ മാര്‍ഗം. ഡീല്‍ ഇതാണ്: കുറ്റസമ്മതം നടത്തിയാല്‍ പ്രതിയെ പിന്നെ ഈ കേസില്‍ വിചാരണ ചെയ്യില്ല. താന്‍ നിരപരാധിയാണെന്ന് നവംബറില്‍ പറഞ്ഞ പ്രതി ഒന്നര മാസം കഴിഞ്ഞ് കുറ്റം മൊത്തത്തില്‍ സമ്മതിക്കണമെങ്കില്‍ അയാള്‍ക്കുള്ള ഗുണമെന്ത്? ഡീലിന്റെ ആദ്യപടിയില്‍ അത് വ്യക്തമാക്കുന്നുണ്ട്^വധശിക്ഷ കിട്ടേണ്ട കുറ്റത്തില്‍ ശിക്ഷ ജീവപര്യന്തമായോ മറ്റോ ഇളവു ചെയ്തുതരും. ഒരു കുറ്റവും ചെയ്യാത്തവന്‍ ഈ ഇളവിന് ഇരക്കില്ല എന്നുകരുതി 26/11 പോലൊരു വന്‍കിട ഭീകരപ്രവര്‍ത്തനത്തിന്റെ മുഴുവന്‍ കുറ്റവും ഒരാള്‍ സ്വയംവരിക്കുമോ? വിചാരണ നടന്നാല്‍ ശിക്ഷ കൂടുതലായി ഇളവു ചെയ്തുകിട്ടാനുള്ള പഴുതുകളുണ്ടാവും. ആ സാധ്യത കൂടി അടക്കാന്‍ ഏതു പ്രതിയാണ് മുതിരുക? ഈവക സാധാരണ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് 'ഡീലി'ന്റെ കാമ്പിരിക്കുന്നത്. ഷികാഗോ കോടതിയിലെ കുറ്റസമ്മതത്തോടെ 26/11 സംബന്ധിച്ച സത്യത്തിന്റെ പുസ്തകം പാടെ അടക്കപ്പെടുന്നു. മാത്രമല്ല ഇന്ത്യക്ക് പ്രതിയെ കൈമാറുകയുമില്ല. അങ്ങനെയൊരു അടച്ച നിലപാടിന്റെ അത്യാവശ്യം ഹെഡ്ലിക്കുപോലുമില്ല, അമേരിക്കക്കാണ്. കാരണം ലശ്കറെ ത്വയ്യിബയില്‍ അമേരിക്ക തിരുകിയ സ്വന്തം ചാരനായിരുന്നു ഹെഡ്ലി. ചാരന്‍ കയറി ഡബിള്‍ ഏജന്റായെന്നും പിന്നീട് എതിര്‍പാളയത്തോട് കൂറുള്ള 'റോഗ്' ആയെന്നും പടിഞ്ഞാറന്‍മാധ്യമങ്ങള്‍ മുഖേന അമേരിക്ക പ്രചാരണം നടത്തുന്നുണ്ട്. ഇവിടെയാണ് ഹെഡ്ലി എപ്പിസോഡ് സായ്പിന്റെ അപസര്‍പ്പകകഥയുടെ ബാലിശത വെളിവാകുന്നത്. 9/11നുശേഷം അമേരിക്കന്‍ വിമാനത്താവളങ്ങളിലൂടെ കര്‍ശനപരിശോധന കൂടാതെ ഒരീച്ചയും കടക്കാറില്ല. എന്നിട്ടും ഒരു കണ്ണ് തവിട്ടും മറ്റേതു പച്ചയുമായി ഹെഡ്ലി എന്ന മാന്യന്‍ വിവിധ യു.എസ് വിമാനത്താവളങ്ങളില്‍നിന്ന് പാകിസ്താനിലേക്ക് ഷട്ടിലടിച്ചുവന്നു. ഭീകരവിരുദ്ധ യുദ്ധം എന്ന അമേരിക്കന്‍ പദ്ധതി തുടങ്ങിയതുമുതല്‍ ഭീകരതയുടെ ഈറ്റില്ലമായി എണ്ണപ്പെടുന്ന പാകിസ്താനിലേക്ക് പോക്കുവരവ് നടത്തുന്ന യാത്രക്കാരെയെല്ലാം ആഗോളനിരീക്ഷണ വലയില്‍ കണിശമായി ഉള്‍പ്പെടുത്തുന്ന പതിവിരിക്കെ, ഈ സ്ഥിരം യാത്രക്കാരനെപ്പറ്റി ഒരു സംശയവും യു.എസ് അധികൃതര്‍ക്ക് ഉണ്ടായതേയില്ല. ഷികാഗോ എയര്‍പോര്‍ട്ടിലെ ഒരു പരിശോധകനു മാത്രമാണ് ഇക്കഴിഞ്ഞ ഒക്ടോബറായപ്പോള്‍ ബുദ്ധി പ്രകാശിച്ചത്! മറ്റൊന്ന്, അമേരിക്കയിലേക്ക് പാകിസ്താനില്‍നിന്ന് മയക്കുമരുന്ന് കടത്തിയതിന് പിടിക്കപ്പെടുകയും രണ്ടു കൊല്ലം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തയാളാണ് ഇതേ ഹെഡ്ലി. ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്റെ (ഡി.ഇ.എ) നോട്ടപ്പുള്ളി പട്ടികയിലെ പ്രഖ്യാപിത പുള്ളി. ഇങ്ങനെയൊരു ഭൂതകാല റെക്കോഡിനെപ്പറ്റി ഷികാഗോ കോടതിയില്‍ എഫ്.ബി.ഐ സമര്‍പ്പിച്ച പത്രികകളിലെങ്ങും പരാമര്‍ശമേയില്ല. അവിടെയാണ് ഹെഡ്ലിയുടെ അറസ്റ്റ് നാടകത്തിന്റെ രണ്ടാം മര്‍മം. 1998ല്‍ ദാവൂദ് ഗീലാനി എന്ന പേരിലാണ് മയക്കുമരുന്നു കേസില്‍ ഇയാള്‍ അറസ്റ്റിലാവുന്നത്. അന്ന് പാക്^അഫ്ഗാന്‍^യു.എസ് മയക്കുമരുന്നു റാക്കറ്റുകളെപ്പറ്റി ചോദിച്ചതിലേറെ വിവരങ്ങള്‍ നല്‍കി അന്വേഷകരുടെ പ്രിയങ്കരനായി മാറിയ പ്രതി സാധിച്ചെടുത്തത് ദീര്‍ഘകാല തടവില്‍നിന്നുള്ള ഗണ്യമായ ഇളവാണ്. അതായിരുന്നു ഹെഡ്ലിയുടെ ആദ്യത്തെ 'ഡീല്‍'. സാധാരണഗതിയില്‍ നാല്‍പതും അമ്പതും കൊല്ലം തടവുശിക്ഷ ലഭിക്കേണ്ട കേസില്‍ വെറും രണ്ടു കൊല്ലത്തെ സാദാതടവു മാത്രമായി ചുരുക്കിയെടുത്തത് ഡി.ഇ.എയും കോടതിയും കൂടിയായിരുന്നു. കാരണം, ഈ പ്രതിയെ ഡി.ഇ.എ തങ്ങളുടെ പാക് ഏജന്റായി റിക്രൂട്ട് ചെയ്യാന്‍ ഉറപ്പിച്ചിരുന്നു. 2000 തൊട്ട് ഈ അമേരിക്കന്‍ ഏജന്‍സിയുടെ ചാരനായി സ്തുത്യര്‍ഹസേവനം അനുഷ്ഠിച്ചുപോന്ന ഹെഡ്ലിക്ക് സവിശേഷമായ 'സ്ഥാനക്കയറ്റം' കിട്ടുന്നത്. അഫ്ഗാനിസ്താനിലെ യു.എസ് അധിനിവേശത്തോടെയാണ്. ഒന്നാമത്, ആ മേഖലയിലെ യുദ്ധപ്രഭുക്കളുടെ മുഖ്യവരുമാനസ്രോതസ്സ് പോപ്പി കൃഷി വഴിക്കുള്ള മയക്കുമരുന്നാണ്. പരസ്പരാശ്ലേഷിയായ ഈ രണ്ടു വഴികളിലെയും ചാരപ്രവര്‍ത്തനം അമേരിക്കക്ക് അത്യാവശ്യമായി മാറിയ ഘട്ടത്തില്‍ ഡി.ഇ.എയും ഡി.ഐ.എയും തമ്മിലുള്ള അതിര്‍വരമ്പ് പാക് പ്രദേശത്ത് സ്വാഭാവികമായും ഇല്ലാതായി. ഹെഡ്ലിക്ക് സി.ഐ.എയുടെ പ്രമുഖ ഏജന്റുമാരില്‍ ഒരാളായി വേഗം കയറ്റം കിട്ടി. ദാവൂദ് ഗീലാനി 2006ല്‍ ഡേവിഡ് ഹെഡ്ലിയാകുന്നതുതന്നെ ഈ പശ്ചാത്തലത്തിലാണ്. സി.ഐ.എ ഏജന്റെന്ന നിലയില്‍ പഴയ മയക്കുമരുന്നു കേസിലെ കുറ്റവാളിയുടെ ലേബല്‍ ഒഴിവാക്കാന്‍. ഒപ്പം പുതിയ ലോകസാഹചര്യത്തില്‍ ആഗോളയാത്രകള്‍ക്ക് തടസ്സം നേരിടാതിരിക്കാന്‍. ഇതേ ഹെഡ്ലി തന്നെയാണ് 26/11ന്റെ പ്രാഗ്രൂപത്തെപ്പറ്റി (അക്കൊല്ലം സെപ്റ്റംബറിലാണ് മുംബൈ ആക്രമണം നടത്താന്‍ പ്ലാനിട്ടിരുന്നത്) അമേരിക്കന്‍ ചാരപ്പടക്ക് വിവരം നല്‍കിയതായി അവര്‍ തന്നെ പറയുന്നത്. (ഈ സൂചന ഇന്ത്യക്കും കൈമാറിയിരുന്നു.) ഇത്രകണ്ട് സുപരിചിതനും സ്വന്തം ഏജന്റുമായ കഥാപുരുഷനെയാണ് ഷികാഗോ എയര്‍പോര്‍ട്ടില്‍ 'സംശയം' തോന്നി പിടികൂടിയതായി ഉളുപ്പിന്റെ കാല്‍ക്കഴഞ്ചുപോലും കൂടാതെ ലോകപൊലീസ് അവതരിപ്പിക്കുന്നത്. (തുടരും) -- Muhammad Rasheed PB No.313, AUH, UAE + 97150 4755674 + 9712 6100950 -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected]
