Extracted from Madhyamam Daily
കോടതിയില്‍ തകര്‍ന്നത് പൊലീസും മാധ്യമങ്ങളും കെട്ടിപ്പൊക്കിയ 'ലൌ ജിഹാദ്'
കഥകള്‍
 Saturday, December 19, 2009
 കൊച്ചി: ന്യൂനപക്ഷസമുദായത്തെ പ്രതിക്കൂട്ടില്‍ നിറുത്തി മാധ്യമങ്ങളും പൊലീസും
ചേര്‍ന്ന് കെട്ടിപ്പൊക്കിയ 'ലൌ ജിഹാദ് കഥകള്‍' ഹൈകോടതിയില്‍ തകര്‍ന്നുവീണു.
പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ മതംമാറ്റുന്നതിന് സംസ്ഥാനത്ത് സംഘടിത
നീക്കങ്ങളൊന്നും നടക്കുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി രണ്ട് പ്രാവശ്യം
രേഖാമൂലം വ്യക്തമാക്കിയിട്ടും ഒരു വിഭാഗം മാധ്യമങ്ങള്‍ 'ലൌ ജിഹാദ്' കഥകള്‍
മെനയുകയായിരുന്നു. ഇതിന് പൊലീസിലെ ഉന്നതകേന്ദ്രങ്ങളടക്കം ചൂട്ടുപിടിക്കുകയും
ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം ഹൈകോടതി ജസ്റ്റിസ് എം.
ശശിധരന്‍ നമ്പ്യാര്‍ നടത്തിയ ശക്തമായ നിരീക്ഷണങ്ങളാണ് മാധ്യമങ്ങളെയും അവര്‍ക്ക്
കൂട്ടുനിന്ന ചില പൊലീസ് ഉദ്യോഗസ്ഥരെയും വെട്ടിലാക്കിയത്. സംസ്ഥാനത്ത് കഴിഞ്ഞ
ഏതാനും മാസങ്ങളില്‍ നടന്ന ഒളിച്ചോട്ടങ്ങളും കൊലപാതകങ്ങളും വരെ ലൌ ജിഹാദിന്റെ
അക്കൌണ്ടില്‍ കണക്കെഴുതിയ മാധ്യമങ്ങള്‍ ഇതോടെ പ്രതിക്കൂട്ടിലായിരിക്കുകയാണ്.
വെബ് സൈറ്റിലെ കണക്കുകള്‍ അപ്പടി പകര്‍ത്തി സത്യമെന്ന വ്യാജേനെ സര്‍ക്കുലര്‍
ഇറക്കിയ, കേരള കാത്തലിക് ബിഷപ്സ് കൌണ്‍സിലിന് കീഴിലുള്ള 'ജാഗ്രത'യും
വെട്ടിലായി.

കാമ്പസുകള്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികളെ മതം മാറ്റുന്നതിന് സംഘടിത നീക്കം
നടത്തുന്നുവെന്ന് ചില മാധ്യമങ്ങള്‍ 'കണ്ടെത്തി'. സംസ്ഥാനത്ത് മൊത്തം
നാലായിരത്തിലധികം പെണ്‍കുട്ടികളെ ഇത്തരത്തില്‍ മതം മാറ്റിയെന്നും ഇവരെ
ഭീകരവാദികളുടെ ലൈംഗികദാഹത്തിന് ഇരയാക്കി തെരുവിലേക്ക് വലിച്ചെറിയുകയാണെന്നുംവരെ
അപസര്‍പ്പക കഥകള്‍ മെനഞ്ഞു. പത്തനംതിട്ട കോളജിലെ വിദ്യാര്‍ഥിനികളുടെ
ബന്ധുക്കള്‍ നല്‍കിയ കേസില്‍ പ്രതികളായ യുവാക്കള്‍ നല്‍കിയ മുന്‍കൂര്‍
ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈ കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി ശങ്കരന്‍
സംസ്ഥാനത്ത് 'ലൌ ജിഹാദ്' എന്ന സംഘടന പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും എത്ര
പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ മതപരിവര്‍ത്തനത്തിന് ഇരയായിട്ടുണ്ടെന്ന്
വ്യക്തമാക്കണമെന്നും ഡി.ജി.പിയോട് ആവശ്യപ്പെട്ടത്.

തുടര്‍ന്ന്, രണ്ടുപ്രാവശ്യമായി ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത്
പ്രണയം നടിച്ചുള്ള മതപരിവര്‍ത്തനത്തിന് സംഘടിത നീക്കമൊന്നും
നടക്കുന്നില്ലെന്നും ഇത്തരത്തിലുള്ള രണ്ട് കേസുകള്‍ മാത്രമാണ്
ശ്രദ്ധയില്‍പ്പെട്ടതെന്നും അതില്‍തന്നെ അന്വേഷണം നടന്നുവരികയാണെന്നും
കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേന്ത്ര ആഭ്യന്തരവകുപ്പും ഇതേ നിലപാട് തന്നെ
ആവര്‍ത്തിച്ചു. എങ്കിലും, നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിന് നിയമം
നിര്‍മിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നായിരുന്നു ജസ്റ്റിസ്
ശങ്കരന്റെ നിരീക്ഷണം. 'ലൌ ജിഹാദ്' എന്ന സംഘടന പ്രവര്‍ത്തിക്കുന്നില്ലെന്ന്
ഡി.ജി.പി അസന്നിഗ്ധമായി പ്രഖ്യാപിച്ചതോടെ ചില മാധ്യമങ്ങള്‍ നിലപാടില്‍ മാറ്റം
വരുത്തിയെങ്കിലും ഒരു വിഭാഗം പത്രങ്ങളും ചാനലുകളും സംസ്ഥാനത്തിന്റെ മുക്കിലും
മൂലയിലും 'ലൌ ജിഹാദി'ന്റെ തെളിവന്വേഷിക്കുകയായിരുന്നു.

--

You received this message because you are subscribed to the Google Groups 
"newsline" group.
To post to this group, send email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/newsline?hl=en.


Reply via email to