സുന്നി കാന്തപുരം വിഭാഗവുമായുള്ള ലീഗിന്റെ സഹകരണത്തിനെതിരെ സമസ്ത


Published on Friday, January 7, 2011 - 8:20 AM GMT ( 2 days 7 hours ago) IN 
MADHYAMAM

 <http://madhyamam.com/news/32982/110107> (+) 
<http://madhyamam.com/news/32982/110107> (-) Font Size

   ShareThis

കോഴിക്കോട്: രാഷ്ട്രീയ ലാഭം ലക്ഷ്യംവെച്ച് കാന്തപുരം വിഭാഗം സുന്നിയുമായി 
കൂട്ടുകൂടുന്ന മുസ്‌ലിം ലീഗിന്റെ നിലപാടിനെതിരെ സമസ്ത രംഗത്ത്. ഇരുവിഭാഗം 
സുന്നികള്‍ തമ്മിലുള്ള  ലയനത്തിനല്ലാതെ വോട്ട്ബാങ്ക് ലക്ഷ്യംവെച്ച് ഇരു സംഘടനകളും  
തമ്മില്‍ പ്രാദേശിക ധാരണയുണ്ടാക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമവുമായി 
സഹകരിക്കരുതെന്ന്  ബുധനാഴ്ച ചേളാരിയില്‍ ചേര്‍ന്ന സുന്നി യുവജന സംഘം അടിയന്തര യോഗം 
മാതൃ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയോട് അഭ്യര്‍ഥിച്ചു. ഈ 
തീരുമാനമറിയിച്ചുകൊണ്ടുള്ള കത്ത് എസ്.വൈ.എസ്  ബുധനാഴ്ച തന്നെ സമസ്ത നേതൃത്വത്തിന് 
കൈമാറുകയും ചെയ്തു.  
പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം മുസ്‌ലിംലീഗ് കാന്തപുരം വിഭാഗവുമായി 
പ്രാദേശികതലത്തില്‍  സഹകരിച്ച് പ്രവര്‍ത്തിക്കുന്നതും കാരന്തൂര്‍ മര്‍കസ് വാര്‍ഷിക 
സമ്മേളനത്തില്‍ ലീഗ് നേതാക്കള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നതുമാണ് ഔദ്യോഗിക 
വിഭാഗം സമസ്തയെ ചൊടിപ്പിച്ചത്. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് മാത്രമായി ബുധനാഴ്ച 
ഉച്ചക്ക് ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി 
യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും വൈസ് പ്രസിഡന്റ് കോട്ടുമല 
ബാപ്പു മുസ്‌ലിയാരും പങ്കെടുത്തില്ല. ലീഗ് നയത്തിനെതിരെ യോഗത്തില്‍ 
ചര്‍ച്ചയുണ്ടായേക്കുമെന്നതിനാലാണ് സംസ്ഥാന  ലീഗ് അധ്യക്ഷന്‍ കൂടിയായ ഹൈദരലി ശിഹാബ് 
തങ്ങള്‍ യോഗത്തിന് എത്താതിരുന്നതെന്ന് അറിയുന്നു. ഇതിനാല്‍, വൈസ് പ്രസിഡന്റ് 
എസ്.എം. ജിഫ്രി തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
ലീഗിന്റെ നിലപാട് മാറ്റം സംബന്ധിച്ച് ശക്തമായ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. 
എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് 
ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, അബ്ദുറഹ്മാന്‍ കല്ലായി, മുക്കം ഉമര്‍ 
ഫൈസി, അഹമ്മദ് തെര്‍ളായി, ആര്‍.വി. കുട്ടിഹസന്‍ ദാരിമി തുടങ്ങിയ ഭാരവാഹികളൊക്കെയും 
ലീഗ് നിലപാടിനെതിരെ കടുത്ത ഭാഷയിലാണ് സംസാരിച്ചത്. ഇതേതുടര്‍ന്നാണ് കാന്തപുരം 
വിഭാഗവുമായ പ്രാദേശിക ധാരണക്ക് ശ്രമം നടത്തുന്ന രാഷ്ട്രീയ നീക്കത്തോട് 
സഹകരിക്കരുതെന്ന് മാതൃസംഘടനയോട് അഭ്യര്‍ഥിക്കാന്‍ യോഗം തീരുമാനിച്ചത്. അതേസമയം, 
സുന്നികള്‍ തമ്മിലുള്ള ലയനത്തിന് സാഹചര്യമൊരുക്കുന്നതിന്  സംഘടന എതിരല്ലെന്നും 
യോഗം വ്യക്തമാക്കി.
കാരന്തൂര്‍ മര്‍കസിന് കീഴിലുള്ള എക്‌സലന്‍സി ക്ലബിന്റെ ഉദ്ഘാടനത്തിന് കണ്ണൂരില്‍ 
ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദും കോഴിക്കോട്ട് ലീഗ് സംസ്ഥാന ജനറല്‍ 
സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച 
ആരംഭിക്കുന്ന മര്‍കസ് വാര്‍ഷിക സമ്മേളനത്തില്‍ ലീഗ് അഖിലേന്ത്യാ സെക്രട്ടറി 
അബ്ദുസമദ് സമദാനി, സംസ്ഥാന സെക്രട്ടറിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. 
മുനീര്‍, കെ.എന്‍.എ. ഖാദര്‍,  ജില്ലാ പ്രസിഡന്റ് പി.കെ.കെ. ബാവ, സി. 
മോയിന്‍കുട്ടി, എം.എസ്.എഫ് പ്രസിഡന്റ് പി.എം. ഫിറോസ് തുടങ്ങിയവര്‍ 
പങ്കെടുക്കുന്നുണ്ട്.  ലീഗ് നേതാക്കള്‍ മര്‍കസ് സമ്മേളനത്തില്‍ 
പങ്കെടുക്കുന്നതിലല്ല, സമസ്തയുടെ അനുമതിയോടെയാണ് പങ്കെടുക്കുന്നതെന്ന് 
പ്രചരിപ്പിക്കുന്നതിലാണ് എതിര്‍പ്പെന്നും നേതാക്കള്‍ വ്യക്തമാക്കി.
സമുദായത്തിന്റെ പൊതുരാഷ്ട്രീയ പാര്‍ട്ടിയെന്ന നിലക്ക് എല്ലാ വിഭാഗവുമായി 
സഹകരിക്കേണ്ടതുണ്ടെന്നതിനാല്‍ ലീഗ് നേതാക്കള്‍ കാരന്തൂര്‍ മര്‍കസ് സമ്മേളനത്തില്‍ 
പങ്കെടുക്കുന്നത് എതിര്‍ക്കരുതെന്ന്  സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. 
കുഞ്ഞാലിക്കുട്ടി സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെ 
നേരില്‍കണ്ട് അഭ്യര്‍ഥിച്ചിരുന്നു.
മുശാവറയില്‍ ചര്‍ച്ചചെയ്തശേഷം  ഈ  വിഷയത്തില്‍ മറുപടി നല്‍കാമെന്നാണ് സൈനുദ്ദീന്‍ 
മുസ്‌ലിയാര്‍ കുഞ്ഞാലിക്കുട്ടിയെ അപ്പോള്‍ അറിയിച്ചത്. ഇതിനുശേഷം ഡിസംബര്‍ 29ന് 
കോഴിക്കോട്ട് സമസ്ത ആസ്ഥാനത്ത് ചേര്‍ന്ന സമസ്തയുടെ  മുശാവറ യോഗത്തില്‍ സൈനുദ്ദീന്‍ 
മുസ്‌ലിയാര്‍ ഈ വിഷയം ചര്‍ച്ചക്കിട്ടപ്പോള്‍ യോഗാധ്യക്ഷനായ സമസ്ത പ്രസിഡന്റ് 
കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ഇടപെട്ടു. മുസ്‌ലിംലീഗ് എവിടെപോകണം, എവിടെ 
പോകരുത് എന്ന കാര്യത്തില്‍ ഇവിടെ ചര്‍ച്ച വേണ്ട, അവര്‍ക്ക് ഇഷ്ടമുള്ളിടത്ത് 
പോവുകയും പോവാതിരിക്കുകയും ചെയ്യാം, അത് സമസ്തയെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും 
യോഗാധ്യക്ഷന്‍ വ്യക്തമാക്കി. ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളും ഈ മുശാവറ 
യോഗത്തില്‍ പങ്കെടുത്തിരുന്നു.
ചെറിയ രാഷ്ട്രീയ നേട്ടം ലാക്കാക്കി ബഹുഭൂരിഭാഗംവരുന്ന സമസ്തയുടെ  അണികളുടെ വികാരം 
അവഗണിക്കുന്ന നയം ലീഗിന് നഷ്ടക്കച്ചവടമായിരിക്കുമെന്നാണ് സമസ്ത നേതൃത്വത്തിന്റെ 
പ്രതികരണം.

ഉമര്‍ പുതിയോട്ടില്‍

 

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to