ബിഹാറിലെ ഫോബിസ്ഗഞ്ചില്‍ പൊലീസ് നായാട്ട്
ന്യൂദല്‍ഹി: പൊലീസിന്റെ വെടിയേറ്റ് പ്രാണന്‍ നഷ്ടപ്പെടുന്നതിനിടയില്‍ ഉച്ചത്തില്‍ 'കലിമ' ചൊല്ലുകയായിരുന്ന മോനെ നിര്‍ത്താനാവശ്യപ്പെട്ട് പൊലീസ് തല്ലിച്ചതച്ചുവെന്ന് പറഞ്ഞപ്പോഴേക്കും ആമിന ഖാതൂന്റെ കണ്ഠമിടറി. കൂടുതല്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ഇപ്പോഴും പൊലീസ് ഗ്രാമത്തിലുണ്ടെന്നും എന്തെങ്കിലും പറയാന്‍ പേടിയാണെന്നും പതുക്കെ പറഞ്ഞ് തഹീറുല്‍ ഖാതൂന്‍ മഹേഷ് ഭട്ടിന്റെ അരികു പറ്റിയിരുന്നു. ബിഹാറിലെ അറാറിയ ജില്ലയിലെ ഫോബിസ്ഗഞ്ചില്‍ പൊതുവഴി കൈയേറുന്നതിനെ എതിര്‍ത്ത് പ്രക്ഷോഭത്തിനിറങ്ങിയ ഗ്രാമീണര്‍ക്കുനേരെ ജൂണ്‍ നാലിന് നടത്തിയ വെടിവെപ്പിന്റെ ഇരകളുമായി ചലച്ചിത്ര സംവിധായകന്‍ മഹേഷ് ഭട്ടും സാമൂഹിക പ്രവര്‍ത്തക ശബ്‌നം ഹാശ്മിയും നടത്തിയ വാര്‍ത്താസമ്മേളനം പൊലീസ് നടത്തിയ അതിക്രമത്തിന്റെ ചിത്രം വരച്ചുകാട്ടുകയായിരുന്നു. ഫോബിസ്ഗഞ്ചില്‍ നടത്തിയ വസ്തുതാന്വേഷണത്തിന്റെ വിവരങ്ങള്‍ പങ്കുവെക്കുന്നതിനാണ് ന്യൂദല്‍ഹിയില്‍ ഇരുവരും ഇരകളോടൊപ്പം ചേര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തിയത്. കൊല്ലപ്പെട്ടവര്‍ക്ക് പത്തു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. ശനിയാഴ്ച രാവിലെ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട ഇവര്‍ തിങ്കളാഴ്ച മനുഷ്യാവകാശ കമീഷനെ കണ്ട് പരാതി നല്‍കും. ഗര്‍ഭിണിയും ആറു മാസം പ്രായമുള്ള കൈക്കുഞ്ഞുമടക്കം അഞ്ച് ഗ്രാമീണരെയാണ് പൊലീസ് വെടിവെച്ചു കൊന്നതെന്ന് ആമിന ഖാതൂന്‍ പറഞ്ഞു. ബി.ജെ.പി നേതാവായ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയുടെ മകന്റെ ഗ്ലൂക്കോസ് ഫാക്ടറിക്കുവേണ്ടി വര്‍ഷങ്ങളായി ഉപയോഗിക്കുന്ന പൊതുവഴി കൈയേറിയതിനെതിരെ പ്രക്ഷോഭത്തിലായിരുന്നു ഞങ്ങള്‍. വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞ് സമരസ്ഥലത്തേക്ക് നീങ്ങിയതായിരുന്നു അവര്‍. കൈയേറിയ സ്ഥലത്ത് അനധികൃതമായി കെട്ടിയുയര്‍ത്തിയ മതില്‍ പൊളിച്ചിട്ടതിന്റെ പ്രതികാരമായി കണ്ണില്‍കണ്ടവരെയെല്ലാം വെടിവെക്കുകയായിരുന്നു -ഖാതൂന്‍ പറഞ്ഞു. പള്ളിയില്‍നിന്നിറങ്ങിയ വേഷത്തിലായിരുന്നു പുരുഷന്മാരെല്ലാവരും. കൈക്കുഞ്ഞുങ്ങളുമായി വെടിയേറ്റ് വീണ സ്ത്രീകളെയും കുട്ടികളെയും ലാത്തികൊണ്ടടിച്ച പൊലീസ് വീടുകളില്‍ കയറി കണ്ണില്‍കണ്ടതെല്ലാം തല്ലിയുടച്ചുവെന്നും ആമിന പറഞ്ഞു. എല്ലാവരും ബാബാ രാംദേവിന്റെ ഉപവാസം ആഘോഷിക്കുന്ന സമയത്താണ് തങ്ങള്‍ ഫോബിസ്ഗഞ്ചില്‍ തെളിവെടുപ്പിന് പോയതെന്ന് മഹേഷ് ഭട്ട് പറഞ്ഞു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം മുസ്‌ലിംകള്‍ പട്ടികജാതി വിഭാഗത്തേക്കാള്‍ മോശമായ സാമൂഹികാവസ്ഥയില്‍ കഴിയുന്ന ജില്ലയാണ് ഫോബിസ്ഗഞ്ച് ഉള്‍പ്പെടുന്ന ബിഹാറിലെ അറാറിയയെന്ന് ഭട്ട് തുടര്‍ന്നു. ഇത്തരമൊരു പ്രദേശത്തെ മനുഷ്യരെ ഇവ്വിധം കൊന്നൊടുക്കിയാണോ ന്യൂനപക്ഷ ക്ഷേമം നടപ്പാക്കുന്നതെന്ന് മഹേഷ് ഭട്ട് ചോദിച്ചു. പൊലീസ് വര്‍ഗീയവത്കരിക്കപ്പെടുമ്പോള്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ പുലര്‍ത്തുന്ന മൗനം ദുരൂഹമാണ്. നിധീഷ് കുമാറിനെ കാണാന്‍ 26 പ്രാവശ്യമാണ് ഫോണ്‍ ചെയ്തത്. ഒരു പ്രാവശ്യംപോലും അദ്ദേഹം പ്രതികരിച്ചില്ല. ഈ 'നായ്ക്കളുടെ ഗ്രാമം' ജയിലാക്കുമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി പറഞ്ഞതിന്റെ പിറ്റേന്നാണ് ഗര്‍ഭിണിയും പത്തു മാസം പ്രായമുള്ള കൈക്കുഞ്ഞുമടക്കമുള്ള ഗ്രാമീണരെ പൊലീസ് വെടിവെച്ചു കൊന്നതെന്ന് സാമൂഹിക പ്രവര്‍ത്തക ശബ്‌നം ഹാശ്മി പറഞ്ഞു. ജൂണ്‍ മൂന്നിന് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചക്കൊടുവിലായിരുന്നു ഈ ഭീഷണി. ഗ്രാമീണരുടെ ശരീരത്തില്‍ പതിച്ച 14 വെടിയുണ്ടകളില്‍ ഒന്നൊഴികെ എല്ലാം അരക്കു മുകളിലായിരുന്നുവെന്നതില്‍നിന്ന് സമരക്കാരെ പിരിച്ചുവിടാനല്ല, കൊലപ്പെടുത്താന്‍ തന്നെയായിരുന്നു ബിഹാര്‍ പൊലീസിന്റെ ഉദ്ദേശ്യമെന്ന് വ്യക്തമാക്കുന്നതായി ശബ്‌നം ഹാശ്മി പറഞ്ഞു. - madhyamam Musthafa K.T Peruvelloor -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
