ഇ-മെയില്‍ വിവാദം: സര്‍ക്കാര്‍ പിന്‍വാങ്ങിയതിന് പിന്നില്‍ മാറാട് റിപ്പോര്‍ട്ട് http://www.doolnews.com/madhyamam-report-on-marad-malayalam-news-728.html
January 23rd, 2012Email this page ഇ-മെയില്‍ വിവാദം: സര്‍ക്കാര്‍ പിന്‍വാങ്ങിയതിന് പിന്നില്‍ മാറാട് റിപ്പോര്‍ട്ട് കോഴിക്കോട്: ഇ-മെയില്‍ വിവാദത്തില്‍ മാധ്യമം വാരികയ്‌ക്കെതിരെ ശക്തമായ നടപടിക്ക് തുനിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങിയതിന് കാരണം മാധ്യമം തന്നെ പുറത്തുവിട്ട മാറാട് റിപ്പോര്‍ട്ട്. കേരളത്തില്‍ 258 മുസ്‌ലിം വ്യക്തികളുടെ ഇ-മെയില്‍ സിമി ബന്ധം ആരോപിച്ച് സര്‍ക്കാര്‍ പരിശോധിക്കുന്നുവെന്ന് മാധ്യമം വാരിക പുറത്തുവിട്ട റിപ്പോര്‍ട്ടാണ് വിവാദമായത്. റിപ്പോര്‍ട്ട് മതസൗഹാര്‍ദം തകര്‍ക്കുന്നതാണെന്നും മുസ്‌ലിംകളല്ലാത്തവരുടെ പേരുകള്‍ മാധ്യമം മറച്ചുവെച്ചുവെന്നുമാണ് സര്‍ക്കാര്‍ ആരോപിച്ചത്. മാധ്യമത്തിനെതിരെ കേസ് നടപടികളുമായി മുന്നോട്ട് പോകുമെന്ന് ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. ഇ-മെയില്‍ വിവാദത്തില്‍ മാധ്യമത്തിനെതിരെ പ്രത്യാക്രമണത്തിനൊരുങ്ങിയ സര്‍ക്കാര്‍ പിന്നീട് പെട്ടെന്ന് പിന്‍വാങ്ങുകയായിരുന്നു. രണ്ടാം മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടാണ് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയത്. രണ്ടാം മാറാട് കലാപത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നാണ് മാധ്യമം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മാറാട് ടൂറിസം പദ്ധതിക്കായി 200ത്തില്‍പ്പരം ഹെക്ടര്‍ ഭൂമി അക്വയര്‍ ചെയ്യാനുള്ള ചിലരുടെ ശ്രമം വിജയിപ്പിക്കാന്‍ വിദേശത്തുള്ള ചിലരുടെ സഹായത്തോടെ മാറാട്ട് രണ്ടാം കലാപം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ക്രൈംബ്രാഞ്ച് എസ്.പി സി.എം പ്രദീപ്കുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ എസ്.പിയായി സ്ഥലം മാറ്റുകയായിരുന്നു. ഇ-മെയില്‍ വിവാദം കേരളത്തില്‍ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ സമയത്ത് തന്നെയാണ് മാറാട് കേസിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നുള്ള ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് മാധ്യമം പുറത്തുവിടുന്നത്. ഒരു സ്‌കൂപ്പിന്റെ അലയൊലികള്‍ അടങ്ങുന്നതിന് മുമ്പ് തന്നെയാണ് മാധ്യമം മറ്റൊരു എക്‌സക്ലൂസീവ് പ്രസിദ്ധീകരിച്ചത്. മുസ്‌ലിം ലീഗ് നേതാക്കളെ നേരിട്ടുബാധിക്കുന്ന റിപ്പോര്‍ട്ട് നല്‍കുന്നതിലൂടെ സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു മാധ്യമത്തിന്റെ ലക്ഷ്യം. ഇത് ഫലം കാണുകയും ചെയ്തു. ഇ-മെയില്‍ വിവാദത്തില്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റി(ജിം)ന്റെ മറവില്‍ മാറാട് ബേപ്പൂര്‍ പ്രദേശത്തെ 500 ഏക്കറില്‍പരം ഭൂമി ഏറ്റെടുത്ത് ടൂറിസം-വ്യവസായ വികസനത്തിനായി കൈമാറാന്‍ നീക്കം നടന്നതായി മാധ്യമം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാറാട് കേസില്‍ സി.ബി.ഐ അന്വേഷണത്തെ തുടക്കം മുതലേ എതിര്‍ത്ത ഇപ്പോഴത്തെ പ്രമുഖ മന്ത്രിയ്ക്ക് അന്വേഷണ സംഘത്തലവന്‍ സി.എം പ്രദീപ്കുമാറിനെ മാറ്റിയതില്‍ സുപ്രധാനമായ പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. രണ്ടാം മാറാട് സംഭവത്തില്‍ മന്ത്രിസഭയിലെ ഒരു പ്രമുഖ ഘടകക്ഷിയുടെ ചില നേതാക്കള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നത് യു.ഡി.എഫിന്റെ നിലനില്‍പ്പിനെ തന്നെ ഗുരുതരമായി ബാധിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞാണ് മാധ്യമത്തിനെതിരെയുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പെട്ടെന്ന് പിന്‍വാങ്ങിയത്. കേരളത്തിലെ മതസൗഹാര്‍ദ്ദത്തിനേറ്റ ഗുരുതരമായ മുറിവായിരുന്നു മാറാട് കലാപം. ഒന്നാം കലാപത്തിന്റെ പ്രത്യാക്രമണമാണ് രണ്ടാം കലാപമെന്ന കേരളീയരുടെ പൊതുധാരണയെ അട്ടിമറിക്കുന്നതാണ് പുതിയ അന്വേഷണ റിപ്പോര്‍ട്ട്. ഇത് യു.ഡി.എഫിനേല്‍പ്പിക്കുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ അനിര്‍വ്വചനീയമാണ്. രണ്ടാം മാറാട് കലാപത്തില്‍ പുറത്തുനിന്നുള്ള ശക്തികള്‍ക്ക് പങ്കുണ്ടായിരുന്നുവെന്നും ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നും നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നതാണ്. എന്നാല്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു. സി.ബി.ഐ ആവശ്യമുന്നയിച്ച് ശക്തമായി രംഗത്തുണ്ടായിരുന്ന ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം വരെ പിന്നീട് വിലക്കെടുക്കപ്പെട്ടതായാണ് ലഭിക്കുന്ന സൂചനകള്‍. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അരയസമാജം പ്രവര്‍ത്തകര്‍ നല്‍കിയ ഹരജികള്‍ പിന്നീട് പിന്‍വലിക്കപ്പെടുകയായിരുന്നു. കേസുകള്‍ പിന്‍വലിച്ചതിന് പിന്നില്‍ ബി.ജെ.പി നേതാവ് ശ്രീധരന്‍ പിള്ളയുടെ കയ്യുണ്ടായിരുന്നതായും ആരോപണമുണ്ടായിരുന്നു. സംഭവത്തെതുടര്‍ന്ന് ചേര്‍ന്ന സമാധാന യോഗത്തില്‍ നടന്ന അവിഹിതമായ ഇടപെടലുകളെക്കുറിച്ച് പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു. പ്രദേശത്തെ പ്രമുഖ അരയസമാജം നേതാവും ഒന്നാം കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയും ചെയ്യുന്ന പ്രമുഖ അരയസമാജം നേതാവിന് കലാപത്തിന് ശേഷം വന്‍ സാമ്പത്തിക നേട്ടമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ പിന്നീട് നഗരത്തിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കരനായി മാറുകയായിരുന്നു. -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
