News Update: ചെങ്ങറയില്‍ തൊഴിലാളി മാര്‍ച്ച്; വന്‍ പൊലീസ് സംഘം
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=11&programId=1073753760&contentId=4457968&contentType=EDITORIAL&articleType=Malayalam%20News
- സ്വന്തം ലേഖകന്‍
പത്തനംതിട്ട: ചെങ്ങറയില്‍ സാധുജന വിമോചന സംയുക്തവേദിയുടെ സമരം നടക്കുന്ന
കയ്യേറ്റ ഭൂമിയിലേക്ക് സംയുക്ത തൊഴിലാളി ട്രേഡ് യൂണിയന്‍ മാര്‍ച്ച്
നടത്തുന്നു. സ്ഥലത്ത് സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ വന്‍ പൊലീസ് സംഘമാണ്
ഇവിടെ തമ്പടിച്ചിരിക്കുന്നത്. 3500ല്‍പരം തോട്ടം തൊഴിലാളികളാണ് മാര്‍ച്ച്
നടത്തുന്നത്. ചെങ്ങറയിലും പരിസരത്തും പൊലീസ് സുരക്ഷ
ശക്തമാക്കിയിരിക്കുകയാണ്. തോട്ടത്തിലേക്ക് മാര്‍ച്ച് നടത്താന്‍
അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്.


ചെങ്ങറയിലേക്ക് ഇന്ന് തൊഴിലാളി മാര്‍ച്ച്
- സ്വന്തം ലേഖകന്‍
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=4457673&tabId=11&contentType=EDITORIAL&BV_ID=@@@

പത്തനംതിട്ട: ചെങ്ങറ സമരഭൂമിയിലേക്ക് ഇന്നു രാവിലെ ഒന്‍പതിനു തോട്ടം
തൊഴിലാളികള്‍ മാര്‍ച്ച് നടത്തും. ഒന്‍പതു മണിക്കു കൊന്നപ്പാറയില്‍
ജില്ലയിലെ മുഴുവന്‍ തോട്ടം തൊഴിലാളികളും സംഘടിച്ചു സമരഭൂമിയിലേക്കു
മാര്‍ച്ച് നടത്തുമെന്നാണു സംയുക്ത സമരസമിതിയുടെ പ്രഖ്യാപനം. ഇതിന്റെ
പശ്ചാത്തലത്തില്‍ അധികൃതര്‍ വന്‍ പൊലീസ് സന്നാഹം ഒരുക്കി.
സമരഭൂമിയിലേക്കുള്ള വഴിയില്‍ കൊന്നപ്പാറയ്ക്കും അതുമ്പുംകുളത്തിനും
ഇടയില്‍ മാര്‍ച്ച് തടയാനാണ് അധികൃതരുടെ തീരുമാനം.

ഇന്നു മാര്‍ച്ച് നടത്തി സമരഭൂമിയില്‍ പ്രവേശിച്ചു തൊഴില്‍
വീണ്ടെടുക്കുന്നതോടെ തൊഴിലാളികളുടെ ഉപരോധം അവസാനിക്കുമെന്നാണു നേതാക്കള്‍
പറയുന്നത്. അതേസമയം സമരഭൂമിയില്‍ പ്രവേശിക്കുന്നവര്‍ ആക്രമിച്ചാല്‍
മരിക്കാനും തയാറായി നില്‍ക്കുകയാണെന്നു ഭൂസമരക്കാര്‍ ആവര്‍ത്തിക്കുന്നു.
സമരഭൂമിയിലും പുറത്തും പൊലീസിനെ വിന്യസിക്കാനാണ് അധികൃതരുടെ തീരുമാനം.

സമരഭൂമിക്കുള്ളില്‍ രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 60 പൊലീസുകാര്‍
ഉണ്ടാവും. ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് ഇവരുടെ മേല്‍നോട്ടം
വഹിക്കും. സമരഭൂമിയിലേക്കുള്ള കവാടമായ അതുംമ്പുംകുളത്തിന് ഏതാനും
കിലോമീറ്റര്‍ അകലെ കൊന്നപ്പാറയില്‍ 290 പൊലീസുകാര്‍ കാവല്‍ നില്‍ക്കും.
ഇവിടെ ഏഴു സിഐമാരും 13 എസ്ഐമാരും പൊലീസ് സംഘത്തെ നിയന്ത്രിക്കും.

ക്രമസമാധാന പാലനത്തിനായി നാല് ഉദ്യോഗസ്ഥരെ എക്സിക്യൂട്ടീവ്
മജിസ്ട്രേട്ടുമാരായി ജില്ലാ
കലക്ടര്‍ പി. സി. സനല്‍ കുമാര്‍ നിയോഗിച്ചു.

ഡപ്യൂട്ടി കലക്ടര്‍ വി. ബാലകൃഷ്ണന്‍, കോഴഞ്ചേരി തഹസില്‍ദാര്‍ പി. കെ.
സോമനാഥപിള്ള, റാന്നി തഹസില്‍ദാര്‍ ടി. എച്ച്. ഷാനവാസ് ഖാന്‍, തിരുവല്ല
തഹസില്‍ദാര്‍ എം. ജെ. ജയസിങ് എന്നിവരെയാണു നിയോഗിച്ചത്. അടൂര്‍ ആര്‍ഡിഒ
എന്‍. മഹേശന്‍ ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും കലക്ടര്‍
അറിയിച്ചു.

മാര്‍ച്ചിനു മുന്നോടിയായി പൊലീസ് അധികൃതര്‍ ഇന്നലെ സ്ഥിതി
പരിശോധിച്ചിരുന്നു. ഇരുകൂട്ടരും മറുപക്ഷത്തെ ചെറുക്കാന്‍
തയാറെടുക്കുന്നതായാണു പൊലീസിനു ലഭിച്ച വിവരം. അതുമ്പുംകുളത്തേക്കുള്ള
പ്രധാന വഴിയില്‍ മാര്‍ച്ച് പൊലീസ് തടയുമെന്നു വ്യക്തമാക്കിയതിനാല്‍ മറ്റു
വഴികളിലൂടെ തൊഴിലാളികള്‍ സമരഭൂമിയിലേക്കു കടക്കാന്‍ ശ്രമിക്കുമെന്നാണു
സൂചന.

സമരഭൂമിയുടെ കവാടത്തില്‍ ഭൂസമരക്കാരും മാര്‍ച്ചിനെ നേരിടാന്‍
തയാറെടുക്കുന്നതായി പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്. അതേസമയം
അക്രമസമരത്തിനില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി. ഇന്നത്തെ മാര്‍ച്ചിനെ
സമരഭൂമി പിടിച്ചെടുക്കാനുള്ള അവസരമായി ചില യൂണിയനുകള്‍
വ്യാഖ്യാനിക്കുന്നതിനോടു യോജിപ്പില്ലെന്ന് ഈസ്റ്റേണ്‍ പ്ളാന്റേഷന്‍സ്
മസ്ദൂര്‍ സംഘ് (ബിഎംഎസ്) ജനറല്‍ സെക്രട്ടറി പി. വി. ബോസ് പറഞ്ഞു.

ഇന്നത്തെ മാര്‍ച്ചില്‍ ബിഎംഎസ് പങ്കെടുക്കുമെങ്കിലും അക്രമസാധ്യത
ഉണ്ടായാല്‍ പിന്‍വാങ്ങും. ഭൂസമരക്കാര്‍ക്കെതിരെ അതുമ്പുംകുളത്തെ ഉപരോധം
തുടരാനും തങ്ങളില്ലെന്നാണ് ബിഎംഎസിന്റെ നിലപാട് സിഐടിയു, ഐഎന്‍ടിയുസി,
എഐടിയുസി, ബിഎംഎസ് തുടങ്ങിയ സംഘടനകളുടെ സംയുക്ത സമിതി നേതൃത്വം നല്‍കുന്ന
ഉപരോധത്തില്‍ ഇതാദ്യമായാണ് ഇന്നത്തെ മാര്‍ച്ചിന്റെ പേരില്‍
വിള്ളലുണ്ടാകുന്നത്.

ചെങ്ങറ: ദേശീയ പട്ടികജാതി - വര്‍ഗകമ്മിഷന്‍ ഇടപെടുന്നു

ന്യൂഡല്‍ഹി: ചെങ്ങറ ഭൂസമരം ഒത്തുതീര്‍ക്കാന്‍ ദേശീയ പട്ടികജാതി - വര്‍ഗ
കമ്മിഷന്‍ ഇടപെടുന്നു. സമര്‍ക്കാര്‍ക്കു സംരക്ഷണം ഉറപ്പാക്കാനും സമരം
ഒത്തുതീര്‍പ്പാക്കാനുമുള്ള നടപടി സ്വീകരിക്കണമെന്നു കമ്മിഷന്‍ അധ്യക്ഷന്‍
ബൂട്ടാ സിങ് മുഖ്യമന്ത്രിക്ക് അയച്ച സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ബൂട്ടാ
സിങ്ങിന്റെ സെക്രട്ടറി ഡോ. എസ്.ഡി. ത്രിപാഠി മുഖ്യമന്ത്രിയുടെ ഓഫിസുമായി
ബന്ധപ്പെട്ടതായാണു സൂചന.

ഭൂസമരത്തില്‍ പ്രതിഷേധിച്ചു തൊഴിലാളി സംഘടനകള്‍ ഇന്നു നടത്തുന്ന
മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ സമരക്കാര്‍ക്കു സംരക്ഷണം
ഉറപ്പാക്കണമെന്നു ചെങ്ങറ സോളിഡാരിറ്റി ഗ്രൂപ്പ് പ്രവര്‍ത്തകനും സുപ്രീം
കോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു.സംസ്ഥാനത്തു
ഭൂപരിഷ്കരണം നടപ്പാക്കിയപ്പോള്‍ തഴയപ്പെട്ട സമൂഹത്തില്‍പെട്ടവരാണ്
ഇപ്പോള്‍ സമരമുഖത്തുള്ളത്. ഇതു സര്‍ക്കാരിന് എതിരായുള്ള സമരമല്ല, ഒരു
തുണ്ടു ഭൂമിക്കും തലചായ്ക്കാന്‍ ഇടത്തിനും വേണ്ടിയുള്ള സമരമാണ്.
ഒരുവര്‍ഷം പിന്നിട്ടിട്ടും പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍
ശ്രമിക്കാത്തതു ഖേദകരമാണെന്നും പ്രശാന്ത് ഭൂഷണും ജാമിയ മിലിയ
സര്‍വകലാശാലാ അധ്യാപകന്‍ എ.കെ. രാമകൃഷ്ണനും പറഞ്ഞു.

ചെങ്ങറ സമരം: കാരാട്ടിനെ പ്രതിനിധികള്‍ കണ്ടു

തിരുവനന്തപുരം: ചെങ്ങറ സമരത്തിനു സമാധാനപരമായ
ഒത്തുതീര്‍പ്പുണ്ടാക്കണമെന്നു കേരള സ്ത്രീവേദി, പഞ്ചമി ദലിത് വിമന്‍സ്
കലക്ടീവ് പ്രതിനിധികള്‍ സിപിഎം സെക്രട്ടറി പ്രകാശ് കാരാട്ടിനോട്
അഭ്യര്‍ഥിച്ചു. ചെങ്ങറ സമരഭൂമിയില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന
അതിക്രമങ്ങളെക്കുറിച്ചും ജനങ്ങളുടെ അടിസ്ഥാനാവകാശങ്ങളുടെ
ലംഘനത്തെക്കുറിച്ചും സംഘം ആശങ്ക പ്രകടിപ്പിച്ചു. സമരക്കാരുടെ ആവശ്യങ്ങളെ
അനുഭാവപൂര്‍വം പരിഗണിക്കുന്ന ഒരു പാക്കേജ് ഉടനടി പ്രഖ്യാപിക്കുമെന്നും
ഇതില്‍ കേന്ദ്ര പദ്ധതികളും മറ്റും ഉള്‍പ്പെടുത്തുമെന്നും പ്രകാശ്
കാരാട്ട് അറിയിച്ചു.

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
 To post to this group, send email to [email protected]
 To unsubscribe from this group, send email to [EMAIL PROTECTED]
 For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---

Reply via email to