ഞാനും പോപുലര്‍ ഫ്രണ്‌ടായോ എന്നോ? thejas 11 august 2010
ജെ ദേവിക കഴിഞ്ഞ കുറേ ദിവസങ്ങളായി പലരും ചോദിക്കുന്നത്, ഞാനും പോപുലര്‍ ഫ്രണ്‌ടില്‍ അംഗമായി ചേര്‍ന്നോ എന്നാണ്. ചിലരെങ്കിലും അത്ര തമാശയായല്ല ഈ ചോദ്യം ഉന്നയിക്കുന്നതും. എനിക്ക് അതിലൊട്ടും അതിശയം തോന്നുന്നില്ല. കാരണം, മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈ വെട്ടിയതുമായി ബന്ധപ്പെട്ടു നടക്കുന്ന പോലിസ് അന്വേഷണം മനുഷ്യാവകാശങ്ങളുടെയും പൗരാവകാശങ്ങളുടെയും ലംഘനത്തില്‍ എല്ലാ പഴയ റെക്കോഡുകളും ഭേദിച്ചാണു മുന്നേറിക്കൊണ്‌ടിരിക്കുന്നത്. മാത്രമല്ല, ഈ കാര്യങ്ങളില്‍ കേരളത്തിലെ പൊതുസമൂഹത്തിന്റെ നിശ്ശബ്ദതയും ഇതിനു മുമ്പു കാണാത്ത വിധത്തിലാണ്. ഒരുപക്ഷേ, നന്തിഗ്രാമിലെ ആക്രമണങ്ങളുടെ വേളയിലാണ് ഇതേ മട്ടില്‍ കടുത്തതും ബോധപൂര്‍വവുമായ നിശ്ശബ്ദത കേരളീയ ബുദ്ധിജീവികള്‍ അവലംബിച്ചത്. അതുകൊണ്‌ടുതന്നെ `മോശക്കാരായ മുസ്‌ലിംകള്‍'ക്കെതിരേ ഇപ്പോള്‍ പോലിസ് നടത്തുന്ന നടപടികളില്‍ ഉല്‍ക്കണ്‌ഠ രേഖപ്പെടുത്തുന്ന ആരെയും സമൂഹം വിലയിരുത്തുന്നത് പോപുലര്‍ ഫ്രണ്‌ടിന്റെ പിന്തുണക്കാരായാണ്. എന്നാല്‍, ദീര്‍ഘകാലമായി ജനകീയസമരങ്ങളുമായും മതസമൂഹവുമായുമൊക്കെ സംവദിക്കുന്ന ഒരു വ്യക്തിയുടെ പൂര്‍വചരിത്രം പൂര്‍ണമായും മറച്ചുകൊണ്‌ടാണ് ഈ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നത്. കേരളത്തിലെ മുസ്‌ലിം ബുദ്ധിജീവികളുമായും പൊതുസമൂഹവുമായും ആധുനികതയുടെയും ജനാധിപത്യത്തിന്റെയും പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി ഞാന്‍ നടത്തിയ സംവാദങ്ങള്‍ സംബന്ധിച്ച് അറിയുന്നവര്‍ ധാരാളമായിട്ടുണ്‌ട്. ആഗോളവല്‍ക്കരണത്തിന്റെയും ഇസ്‌ലാംഭീതിയുടെയും പശ്ചാത്തലത്തിലാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. മുസ്‌ലിം ഫെമിനിസം സംബന്ധിച്ച എന്റെ നിലപാടുകളും പലര്‍ക്കുമറിയാം. ലിംഗനീതി പരിഷ്‌കരണം സംബന്ധിച്ച ഇത്തരം ചില ഗ്രൂപ്പുകളുടെ നിലപാടിനെക്കുറിച്ചുള്ള എന്റെ വിമര്‍ശനങ്ങളും രഹസ്യമല്ല. പരിഷ്‌കാരത്തിന്റെ പേരില്‍ നടക്കുന്നത് യാഥാസ്ഥിതികതയുടെ ശക്തിപ്പെടുത്തല്‍ തന്നെയാണെന്നും അത് ഇന്നു കേരളത്തില്‍ നിലനില്‍ക്കുന്ന ലിംഗപരമായ അനീതികളെ ഇല്ലായ്‌മ ചെയ്യില്ല എന്നതും വ്യക്തമാണ്. എന്നുവച്ചാല്‍, അധ്യാപകന്റെ കൈ വെട്ടിയ ചില പോപുലര്‍ ഫ്രണ്‌ടുകാരും അതിനെ പരോക്ഷമായെങ്കിലും ന്യായീകരിക്കുന്ന കൂട്ടരും എടുക്കുന്ന സമീപനത്തില്‍ നിന്നു തീര്‍ത്തും വ്യത്യസ്‌തമാണ് എന്റെ ഇക്കാര്യത്തിലുള്ള സമീപനമെന്നതു സുവിദിതമാണ്. ഇക്കാര്യത്തില്‍ ഞാനൊറ്റയ്‌ക്കല്ല. വിശാല ഇടതുപക്ഷ സമീപനത്തില്‍ ഊന്നിനിന്ന് ഇത്തരം ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിക്കുന്ന പലരില്‍ ഒരാളാണു ഞാന്‍. എന്നിട്ടും എന്തേ ഇത്തരം ചോദ്യങ്ങള്‍? ഞാന്‍ പലരുമായും സംവദിക്കാറുണ്‌ട്. ഉദാഹരണത്തിന് കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്. എന്നാല്‍, അവരുടെ വേദിയില്‍ പോയിട്ടും അവരുടെ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടും ഞാന്‍ പരിഷത്തില്‍ ചേര്‍ന്നോ എന്ന് ആരും ചോദിച്ചിട്ടില്ല. എനിക്കു തോന്നുന്നത്, ഇതില്‍ തെളിയുന്നത് ഒളിഞ്ഞുനില്‍ക്കുന്ന ഒരു മുസ്‌ലിം ഭീതിയുടെ പ്രതിഫലനമാണ് എന്നാണ്. ഈ സുഹൃത്തുക്കള്‍ കരുതുന്നത്, എന്തൊക്കെ പറഞ്ഞാലും അന്തിമവിശകലനത്തില്‍ മുസ്‌ലിമിന് ഒരു കാരണവശാലും ലിബറല്‍ സമീപനങ്ങള്‍ സാധ്യമാവില്ല എന്നാണ്. അത്തരത്തിലുള്ള ഗുപ്‌തമായ സമീപനങ്ങള്‍ ഈയിടെ വ്യാപകമായി വെളിയില്‍വരാന്‍ തുടങ്ങിയിട്ടുണ്‌ട്. നമ്മുടെ മുഖ്യമന്ത്രി തന്നെ ഈയിടെ വ്യക്തമാക്കിയതുപോലെ, `ഇവിടെ നല്ല മുസ്‌ലിംകളും' `മോശം മുസ്‌ലിംകളും' ഉണ്‌ട്. അപ്പോള്‍ നമ്മള്‍ ഇടപെടുന്ന കൂട്ടര്‍ നല്ല കൂട്ടരാണോ എന്നു പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നാണു സന്ദേശം. എന്നുവച്ചാല്‍, ഇന്നു നല്ല മുസ്‌ലിമായി കാണപ്പെടുന്നയാളും നാളെ മോശക്കാരനായി രംഗത്തുവന്നേക്കാം എന്നുമുണ്‌ട്. അത്തരമൊരു മുന്നറിയിപ്പാണ് ഇന്നു നല്‍കപ്പെട്ടുകൊണ്‌ടിരിക്കുന്നത്. `നല്ല മുസ്‌ലിം' സര്‍ട്ടിഫിക്കറ്റ് നേടാന്‍ ഇന്ന് അംഗീകൃതമായ പല വഴികളുമുണ്‌ട്. ഡി.വൈ.എഫ്.ഐ നേതാവിനു പിന്നില്‍ അണിനിരക്കുക, മുസ്‌ലിം പേരുള്ള ചില കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണക്കാരാവുക, കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്‌ലിംലീഗില്‍ അണിചേരുക എന്നതൊക്കെ അതില്‍ ഉള്‍പ്പെടും. കേരളത്തിലെ ഏതു കണ്ണുപൊട്ടനും ഇന്ന് ഇതൊക്കെ വ്യക്തമായി അറിയാം. എന്നാല്‍, എന്തുകൊണേ്‌ടാ അധികം മുസ്‌ലിംകളും അത്തരം വഴി സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല. മേല്‍പ്പറഞ്ഞ വഴികളൊന്നും സ്വീകരിക്കാത്ത കൂട്ടര്‍ അതിനാല്‍ തീര്‍ച്ചയായും രഹസ്യമായി പോപുലര്‍ ഫ്രണ്‌ടിന്റെ ആളുകളായിരിക്കണം! എന്നുവച്ചാല്‍, ഇന്ന് ഇടതുപക്ഷത്തോ കോണ്‍ഗ്രസ്സിലോ മുസ്‌ലിംലീഗിലോ അല്ലാത്ത ഏതു മുസ്‌ലിമും പോപുലര്‍ ഫ്രണ്‌ടായിരിക്കണമെന്നാണു നിലപാട്. ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന സുഹൃത്തുക്കളോട് നീതി പുലര്‍ത്താനായി ഞാന്‍ പറയട്ടെ, ഇപ്പോള്‍ നടക്കുന്ന അന്വേഷണം സംബന്ധിച്ചു മലയാള മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തികഞ്ഞ അസംബന്ധമാണ്. പോപുലര്‍ ഫ്രണ്‌ടുകാര്‍ സ്ഥാപിച്ച `ബദല്‍ കോടതി'കളെ സംബന്ധിച്ച് ഇപ്പോള്‍ ധാരാളം വാര്‍ത്തകള്‍ വരുന്നുണ്‌ട്. എന്നാല്‍, ഈ നാട്ടില്‍ വിവിധ ക്രൈസ്‌തവസംഘടനകളും സാമുദായികസംഘടനകളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇത്തരം സമാന്തര കോടതികള്‍ നടത്തുന്നുണ്‌ട്. ഉത്തരകേരളത്തില്‍, ദലിത് ഓട്ടോഡ്രൈവറായ ചന്ദ്രലേഖയെ ശിക്ഷിക്കാന്‍ തീരുമാനിച്ചത് `ഓട്ടോ കോടതി' ആയിരുന്നുവെന്ന് അഭിമാനപൂര്‍വം പറഞ്ഞത് സി.ഐ.ടി.യു. ആ വേളയില്‍ പലരും ചോദിച്ചത്, അത്തരം സംവിധാനത്തില്‍ എന്താണു കുഴപ്പമെന്നാണ്. എന്നാല്‍, വൈകാതെ ആഭ്യന്തരമന്ത്രി, അത്തരം കോടതിയൊന്നും ഉള്ളതായി പോലിസിന് അറിയില്ലെന്നു വ്യക്തമാക്കിയതോടെ അവരുടെ വായടഞ്ഞു. കേരള പോലിസിലെ ഇന്റലിജന്‍സ് ഐ.ജി തന്നെയാണ് ഈയിടെ ഒരു ടെലിവിഷന്‍ചര്‍ച്ചയില്‍ കേരളത്തിലെ ഭീകരത സംബന്ധിച്ച വിവാദം മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നു തുറന്നുപറഞ്ഞത്. പക്ഷേ, ആരു ശ്രദ്ധിക്കാന്‍? തീര്‍ച്ചയായും രാഷ്ട്രീയകക്ഷികള്‍ക്ക് അതൊന്നും ശ്രദ്ധിക്കാന്‍ താല്‍പ്പര്യമില്ല. ഇസ്‌ലാം ഭീതിയാണ് അവര്‍ ഇന്നു സമര്‍ഥമായി പയറ്റുന്നത്! വരുംതിരഞ്ഞെടുപ്പില്‍ അതില്‍നിന്ന് ഒരുപക്ഷേ, അവര്‍ നേട്ടം കൊയ്യുകയും ചെയ്യും! ഓരോ ദിവസവും പോലിസ് പുതിയ പുതിയ കണ്ണികളാണു കണെ്‌ടത്തിക്കൊണ്‌ടിരിക്കുന്നത്. പോപുലര്‍ ഫ്രണ്‌ട് ഓഫിസുകളിലും പ്രതികളുടെ വീടുകളിലും കണ്‌ട പുസ്‌തകങ്ങളും കടലാസുകളുമൊക്കെയാണ് അതിനു തെളിവ്. എന്റെ ഏറ്റവും കടുത്ത ഭീതി ഇന്നു യാഥാര്‍ഥ്യമായിവരുകയാണ്; ഈ മണ്‌ടത്തരം ഇപ്പോള്‍ വലിയൊരു ഹീനമായ കടന്നാക്രമണമായി മാറുകയാണ്. മനുഷ്യാവകാശപ്രവര്‍ത്തകനായ എന്‍ എം സിദ്ദീഖിന്റെ അറസ്റ്റും (ദേശീയ മനുഷ്യാവകാശ കമ്മീഷന് ഒരു പരാതി അയച്ചു എന്നതു മാത്രമാണ് സിദ്ദീഖ് ചെയ്‌ത കുറ്റം) ഈയിടെ കോഴിക്കോട്ടെ അദര്‍ ബുക്‌സില്‍ നടന്ന റെയ്‌ഡുമൊക്കെ അതാണു വ്യക്തമാക്കുന്നത്. പോലിസ് അന്വേഷണത്തില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ ചൂണ്‌ടിക്കാട്ടിയതിനാണ് തീര്‍ത്തും കളവായ ആരോപണങ്ങള്‍ സിദ്ദീഖിന്റെ മേല്‍ കെട്ടിവച്ചത്. അദര്‍ ബുക്‌സില്‍ നിന്നു യാതൊരുവിധ സംഗതിയും പോലിസിന് കണെ്‌ടടുക്കാനും കഴിഞ്ഞില്ല. സിയാവുദ്ദീന്‍ സര്‍ദാര്‍, ഫാത്തിമ മെര്‍നിസി, ആമിനാ വദൂദ് തുടങ്ങിയ ചിന്തകരുടെ പുസ്‌തകങ്ങള്‍ കേരളത്തില്‍ കൊണ്‌ടുവന്നവരാണ് അദര്‍ ബുക്‌സ്. ഒരു കാരണവശാലും ഈ എഴുത്തുകാരെ പോപുലര്‍ ഫ്രണ്‌ടുമായി ഒരേ നുകത്തില്‍ കെട്ടാവുന്നതല്ല. അമേരിക്കന്‍ സാമ്രാജ്യത്വം തങ്ങളുടെ ഇരകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ആധുനികതയെ തിരസ്‌കരിക്കുന്ന ചിന്തകരാണ് അവരൊക്കെയും. മാത്രമല്ല, ഇസ്‌ലാമിലെ ചിന്താപരമായ ജഡത്വത്തെ പിന്താങ്ങുന്ന സമീപനങ്ങളെ നിരാകരിക്കുന്നവരുമാണ് അവര്‍. ഇന്നു കേരളത്തില്‍ ഇത്തരത്തിലുള്ള സംവാദങ്ങള്‍ മുസ്‌ലിം സമൂഹത്തിനകത്ത് ഉയര്‍ന്നുവരേണ്‌ടതാണ്. അത്തരത്തിലുള്ള യാതൊരു മുന്നേറ്റത്തെയും സഹായിക്കാവുന്ന രാഷ്ട്രീയ യാഥാര്‍ഥ്യബോധം ഇന്നത്തെ മുഖ്യധാരാ ഇടതുപക്ഷത്തിനില്ല. അതുകൊണ്‌ടുതന്നെ ഇത്തരം ശ്രമങ്ങള്‍ നടക്കുന്ന ഗ്രൂപ്പുകളെ ഈ മട്ടില്‍ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നത് ഒരിക്കലും നീതീകരിക്കാവുന്നതല്ല. (അവസാനിക്കുന്നില്ല.) -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
