*തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ദാറുല്‍ ഖദാ *thejas 11 august 2010
*മൗലവി കെ എം മുഹമ്മദ് ഈസാ *മുസ്‌ലിം സമുദായത്തില്‍പ്പെട്ടവര്‍ ആരെങ്കിലും ഒരു നല്ല കാര്യവുമായി രംഗത്തുവന്നാല്‍ അതിനെ അധിക്ഷേപിക്കാനും അവഹേളിക്കാനും ഒരുവിഭാഗം സന്നദ്ധരാവുന്നുവെന്നതു നിര്‍ഭാഗ്യകരമായ വസ്‌തുതയാണ്. ലോക മുസ്‌ലിംകളെ തീവ്രവാദികളായി മുദ്രകുത്തി ഉച്ഛാടനം ചെയ്യാന്‍ അധിനിവേശശക്തികള്‍ അഹോരാത്രം പരിശ്രമിക്കുമ്പോള്‍ ഇന്ത്യന്‍ മുസ്‌ലിംകളെ മുഴുവന്‍ ഭീകരവാദികളും വിഘടനവാദികളുമാക്കി മാറ്റാന്‍ സംഘപരിവാരം പ്രചാരണം നടത്തുന്നു. ഇപ്പോള്‍ ഭരണം നിയന്ത്രിക്കുന്ന കോണ്‍ഗ്രസ് കക്ഷി കഷ്ടിച്ചു മുസ്‌ലിംലീഗിനെ തീവ്രവാദികളില്‍നിന്ന് ഒഴിച്ചുനിര്‍ത്താന്‍ തയ്യാറാവുന്നുണെ്‌ടങ്കിലും ഫാഷിസ്റ്റ് പ്രസ്ഥാനങ്ങള്‍ അവരെയും വര്‍ഗീയവാദികളും തീവ്രവാദികളുമായി അടച്ചാക്ഷേപിച്ചുകൊണ്‌ടിരിക്കുന്നു. ഇതിലേറെ പരിതാപകരമായിട്ടുള്ളത്, ചെറുതാണെങ്കിലും മുസ്‌ലിംകളില്‍ ഒരുവിഭാഗം മറ്റൊരു വിഭാഗത്തെ തീവ്രവാദികളെന്ന് ആക്ഷേപിച്ചു പരസ്യപ്രസ്‌താവന നടത്തുകയും അവരുടെ തകര്‍ച്ച കാണാന്‍ നോമ്പുനോറ്റുകൊണ്‌ടിരിക്കുകയും ചെയ്യുന്നുവെന്നതാണ്. `ആഹാരം കഴിച്ചുകൊണ്‌ടിരിക്കുന്നവര്‍ തങ്ങളുടെ ഭക്ഷണത്തളികയിലോട്ട് ക്ഷണിക്കുന്നതുപോലെ നിങ്ങള്‍ക്കെതിരേ സമൂഹങ്ങള്‍' കൈകോര്‍ക്കുമെന്ന ലോകാനുഗ്രഹിയായ പ്രവാചകന്റെ വചനം സമൂഹം ഒന്നടങ്കം വിസ്‌മരിക്കുന്നു. `തീവ്രവാദം, തീവ്രവാദം' എന്നു വാതോരാതെ പറഞ്ഞുകൊണ്‌ടിരിക്കുന്നവരാരും തന്നെ തീവ്രവാദം എന്നാലെന്ത് എന്നു വിശദീകരിച്ചിട്ടില്ല. മുസ്‌ലിംസമൂഹത്തിനു നേരെ തീവ്രവാദം ആരോപിക്കുന്നവരാരും അതെന്തെന്നു വ്യക്തമാക്കിയതായി കാണുന്നില്ല. മനുഷ്യരുടെ നേരെ നിര്‍ദാക്ഷിണ്യം ബോംബെറിഞ്ഞ് അരുംകൊല നടത്താനും മാരകമായി മുറിവേല്‍പ്പിക്കാനും ജീവച്ഛവമാക്കാനും ആയുധമെടുക്കാനും സന്നദ്ധരാവുന്നതാണ് തീവ്രവാദമെങ്കില്‍ ആ നാമം ചാര്‍ത്തിക്കൊടുക്കാന്‍ ഏറ്റവും അര്‍ഹരായിട്ടുള്ളത് ഇവിടത്തെ രാഷ്ട്രീയക്കാരും സംഘപരിവാരവുമാണ്. ഇക്കൂട്ടര്‍ ഇവിടെ നടത്തിയിട്ടുള്ള കൊലയ്‌ക്കും കൊള്ളിവയ്‌പിനും കണക്കില്ല. കണ്ണൂര്‍ ജില്ലയെ തന്നെ ഇക്കൂട്ടര്‍ കൊലക്കളമാക്കിയിരിക്കുകയാണ്. തീവ്രവാദവും ഭീകരവാദവും വിഘടനവാദവും ഇസ്‌ലാമിന് അന്യമാണെന്ന കാര്യം വ്യക്തമാക്കിക്കൊള്ളട്ടെ. അത്തരക്കാര്‍ എന്റെ സമുദായത്തില്‍പ്പെട്ടവരല്ലെന്നു മുഹമ്മദ് നബി വ്യക്തമാക്കിയിരിക്കെ, ഒരു മുസല്‍മാന്‍ എങ്ങനെ തീവ്രവാദിയാവും; അവനെങ്ങനെ ഭീകരവാദിയാവും? ദൗര്‍ഭാഗ്യവശാല്‍, ഇവിടെ പ്രവാചകനിന്ദ നടത്തിയ ഒരു കോളജധ്യാപകനു നേരെ ആക്രമണമുണ്‌ടായി. അങ്ങനെ ചെയ്യാന്‍ ഒരു സംഘടനയും കല്‍പ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്‌തിട്ടില്ല എന്നാണറിയുന്നത്. അതിനെത്തുടര്‍ന്നു ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. സര്‍ക്കാരും പോലിസും മുസ്‌ലിംസമൂഹത്തെ ഒന്നടങ്കം പീഡിപ്പിക്കുന്നു. മുസ്‌ലിംഭവനങ്ങളില്‍ വ്യാപകമായ റെയ്‌ഡ് നടന്നു. സമൂഹത്തിലെ ഒരു വിഭാഗം സ്‌ത്രീസമൂഹം ഭയന്നുവിറച്ചു. നല്ലവരായ മുസ്‌ലിംകള്‍ക്കു പോലും ഇവിടെ മാന്യമായി ജീവിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം സംജാതമായി. കൈവെട്ടുകേസില്‍ യഥാര്‍ഥ കുറ്റവാളികളെ കണ്‌ടുപിടിക്കാന്‍ ഇവിടെ പോലിസ് സംവിധാനം ഉണ്‌ടായിരിക്കെ എന്തിനാണ് ഇങ്ങനെ അനാവശ്യമായ പ്രകോപനമുണ്‌ടാക്കിയത്? കൈവെട്ടുകേസിന് കാരണമായി ജുഗുപ്‌സാവഹമായ സംഭവമുണ്‌ടായി. ശാന്തമായിക്കഴിഞ്ഞിരുന്ന കേരളമക്കളുടെ സമാധാനജീവിതത്തിനു ഭംഗമുണ്‌ടാക്കിയതിനെതിരേ പ്രതികരിക്കാന്‍ ഇവിടത്തെ രാഷ്ട്രീയക്കാരെ കണ്‌ടില്ല; വാര്‍ത്തകള്‍ നിര്‍മിക്കാന്‍ പരക്കംപാഞ്ഞ് അസത്യം വിളമ്പിയ മാധ്യമപ്രവര്‍ത്തകരെ കണ്‌ടില്ല. ഐക്യത്തിലും സമാധാനത്തിലും ഏകോപന സമുദായങ്ങളെപ്പോലെ കഴിഞ്ഞുകൂടിയിരുന്ന സമുദായങ്ങള്‍ക്കിടയില്‍ അനൈക്യത്തിന്റെ വിത്തു പാകാനല്ലാതെ ഈ പ്രഫസറെക്കൊണ്‌ട് എന്തു സാധിച്ചു? വിവേകം നശിക്കാത്തവര്‍ ചിന്തിക്കട്ടെ. മനസ്സിനു മുറിവേറ്റ് വികാരത്തിന് അടിപ്പെട്ട ചില ചെറുപ്പക്കാര്‍ നടത്തിയ അക്രമപ്രവൃത്തിയെ സ്വാഗതം ചെയ്യാന്‍ മുസ്‌ലിം സമുദായത്തിലെ ഒരു പ്രസ്ഥാനവും ഉണ്‌ടായില്ല. അവര്‍ക്കാരും പ്രോല്‍സാഹനവുമേകിയില്ല. മറിച്ച്, സമൂഹം ഒറ്റക്കെട്ടായി അതിനെ പഴിക്കുകയാണു ചെയ്‌തത്. ഈ സംഭവത്തെ തുടര്‍ന്ന് ഇവിടത്തെ ദൃശ്യ-വാര്‍ത്താമാധ്യമങ്ങള്‍ `ദാറുല്‍ ഖദാ' എന്ന മഹത്തായ പ്രസ്ഥാനത്തെയും വലിച്ചിഴച്ചു. അതിനെ തെറ്റിദ്ധരിപ്പിക്കുന്ന നിലയിലുള്ള നിരവധി വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്‌ടായി. സത്യവുമായി പ്രസ്‌തുത വാര്‍ത്തകള്‍ക്കു പുലബന്ധം പോലും ഉണ്‌ടായിരുന്നില്ല. താലിബാന്‍ കോടതി, സമാന്തര കോടതി എന്നൊക്കെ വിശേഷിപ്പിക്കുന്ന കല്ലുവച്ച നുണകളായിരുന്നു മാധ്യമങ്ങളില്‍ കുറേദിവസം പ്രത്യക്ഷപ്പെട്ടത്. പത്രമാധ്യമങ്ങളുടെ മഹത്തായ പാരമ്പര്യങ്ങളെ ചിലര്‍ ക്രൂശിച്ചു. പത്രധര്‍മം കുഴിച്ചുമൂടപ്പെട്ടു. ദാറുല്‍ ഖദാ താലിബാന്‍ കോടതിയല്ല, സമാന്തര കോടതിയുമല്ല എന്ന കാര്യം ആധികാരികമായിത്തന്നെ വ്യക്തമാക്കിക്കൊള്ളട്ടെ. പേര് വിളിച്ചോതുന്നതുപോലെ അതു പ്രശ്‌നപരിഹാര സഭയാണ്; രാജ്യത്തെ നിയമങ്ങള്‍ പിന്തുണ നല്‍കുന്ന ആര്‍ബിട്രേഷന്‍ കൗണ്‍സില്‍. സമുദായത്തിനിടയിലുണ്‌ടാവുന്ന വിവാഹം, വിവാഹമോചനം, വ്യവഹാരം തുടങ്ങിയ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ഒരു വേദിയാണിത്. പ്രശ്‌നപരിഹാരത്തിനായി ആരെയും നിര്‍ബന്ധിക്കാറില്ല. കക്ഷികളില്‍ നിന്നു പണവും വസൂല്‍ ചെയ്യാറില്ല. ഉഭയകക്ഷികള്‍ സമീപിക്കുമ്പോള്‍ ഒരു മതപണ്ഡിതന്‍, ഒരു നിയമജ്ഞന്‍, രണ്‌ടു പൗരപ്രധാനികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ശ്രമം നടത്തുന്നു. ഇതിനെയാണു ദാറുല്‍ ഖദാ എന്നു പറയുന്നത്. ശ്രമം പരാജയപ്പെട്ടാല്‍ കക്ഷികള്‍ക്കു കോടതിയെ സമീപിക്കാം. ഇതു ക്ഷേത്രസമിതികളും ക്രൈസ്‌തവ സംഘടനകളും പല ജമാഅത്ത് കമ്മിറ്റികളും ജനപ്രതിനിധികളും ചെയ്‌തുകൊണ്‌ടിരിക്കുന്ന സ്‌തുത്യര്‍ഹമായ കാര്യമാണ്. ഒരുപാട് സമ്പത്തും സമയവും ചെലവഴിച്ചു പ്രശ്‌നപരിഹാരത്തിനായി വര്‍ഷങ്ങളോളം കോടതി കയറിയിറങ്ങുന്നവര്‍ക്ക് ദാറുല്‍ ഖദാ വളരെ ആശ്വാസകരവും അനുഗൃഹീതവുമാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. തലച്ചോര്‍ പണയപ്പെടുത്തിയവര്‍ക്കു മാത്രമേ ഇതിനെ മറ്റൊന്നായി അവതരിപ്പിക്കാന്‍ കഴിയൂ. (ദാറുല്‍ ഖദാ സംസ്ഥാന ചെയര്‍മാനാണു ലേഖകന്‍.) -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
