*ഇസ്‌ലാമും ഇടതുപക്ഷവും നവീനചിന്തകളും / ഞാനും പോപുലര്‍ ഫ്രണ്‌ടായോ എന്നോ?- 2
*thejas 13 august 2010

ജെ ദേവിക
ഈഴവ സാമൂഹികപരിഷ്‌കരണങ്ങളിലെ ഈ പരാജയങ്ങളുടെ ഗുണഭോക്താവ്‌ യഥാര്‍ഥത്തില്‍
കേരളത്തിലെ കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനമായിരുന്നു. ഇന്നു കേരളത്തിലെ
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുഖ്യ അടിത്തറ ഈഴവസമുദായമാണെന്നതും
വസ്‌തുതയാണ്‌. എന്നാല്‍, അതുകൊണ്‌ടു മാത്രം സ്‌ത്രീകള്‍ക്കു കൂടുതല്‍
സ്വാതന്ത്ര്യം നല്‍കുന്ന പുതിയൊരു ആധുനികവീക്ഷണം ഇവിടെ
രൂപപ്പെട്ടുവരുകയുണ്‌ടായില്ല. ശരിക്കുപറഞ്ഞാല്‍, ഇടതുപക്ഷ ബാന്ധവത്തിനുശേഷവും
സാമുദായികമായ സവിശേഷതകള്‍ വലിയ മാറ്റമൊന്നുമില്ലാതെ തുടരുകയായിരുന്നു. അതേപോലെ,
ഇന്നു മലബാറിലെ മുസ്‌ലിംസമുദായം ആഗോള ഇസ്‌ലാമികപ്രസ്ഥാനത്തില്‍ നിന്നു
ശക്തിയുള്‍ക്കൊണ്‌ടു മുന്നേറാന്‍ ശ്രമിക്കുകയാണ്‌. അതുകൊണ്‌ടു പല നേട്ടങ്ങളും
അവര്‍ക്ക്‌ ഉണ്‌ടായേക്കാം. എന്നാല്‍, ആഗോള ഇസ്‌ലാമികവേദിയില്‍ അറബ്‌ വംശീയവാദം
ഇന്നും വലിയൊരു സ്വാധീനശക്തിയായി നിലനില്‍ക്കുന്നുണ്‌ട്‌. അതുകൊണ്‌ടുതന്നെ
മലയാളിമുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പൂര്‍ണമായും ഇതിന്റെ ഭാഗമാവുകയെന്നു
പറയുന്നത്‌ അസാധ്യമായിരിക്കും (ഗള്‍ഫില്‍ ജോലിചെയ്യാന്‍ പോവുന്ന പല മലയാളി
മുസ്‌ലിംതൊഴിലാളികളുടെയും അനുഭവവും അതാണു വെളിവാക്കുന്നത്‌). അതേപോലെത്തന്നെ, ഈ
സമൂഹത്തില്‍ ഇന്ന്‌ ഉയര്‍ന്നുവരുന്ന വര്‍ഗഭിന്നതകളുടെ പ്രശ്‌നങ്ങളും ഈ ആഗോള
ഇസ്‌ലാമികപരിവേഷം പരിഹരിക്കുകയില്ല. മാത്രമല്ല, സമുദായത്തിന്റെ അന്തസ്സിന്റെ
മുഖ്യപ്രശ്‌നമായി സ്‌ത്രീകളെ അവരോധിക്കുന്ന സ്വഭാവവും ഇന്നു
വര്‍ധിച്ചുവരുകയാണ്‌. അതുകൊണ്‌ടുതന്നെ ചരിത്രത്തിന്റെ പാഠങ്ങള്‍
ഉള്‍ക്കൊണ്‌ടുകൊണ്‌ട്‌ പരസ്‌പരബഹുമാനത്തോടെയുള്ള, ആഴത്തിലുള്ള ചര്‍ച്ചകളുടെ
സമയമാണിത്‌. ഈ സമുദായത്തിന്‌ അകത്തും പുറത്തുമുള്ള അനീതികളും അസമത്ത്വങ്ങളും
ഇല്ലായ്‌മ ചെയ്യുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരിക്കണം അത്തരം
ചര്‍ച്ചകള്‍ക്കു തുടക്കമിടേണ്‌ടത്‌.
കുറേക്കാലമായി മലബാറിലെ മുസ്‌ലിംകളെ മുസ്‌ലിംലീഗിന്റെ സ്വാധീനവലയത്തില്‍
നിന്ന്‌ അടര്‍ത്തിയെടുക്കാന്‍ സി.പി.എം കഠിനശ്രമം നടത്തുകയായിരുന്നു.
ഒരവസരത്തില്‍ അവര്‍ അതില്‍ വിജയിക്കുന്നതായി പോലും കാണപ്പെട്ടു.
മുസ്‌ലിംസ്‌ത്രീകളെ അനീതിപരമായി വിവാഹമോചനം നടത്തിയതുപോലുള്ള വിഷയങ്ങളില്‍
സി.പി.എമ്മിന്റെ ബഹുജനസംഘടനകള്‍ ഇടപെടുകയും ചെയ്‌തിട്ടുണ്‌ട്‌. എന്നാല്‍
അതുകൊണ്‌ടു മാത്രം, അവര്‍ക്കു കൂടുതല്‍ വിമോചനാത്മകമായ പുതിയൊരു ആധുനികത
നല്‍കുന്നതില്‍ അവര്‍ വിജയിച്ചുവോ എന്നു പരിശോധിച്ചാല്‍, സംശയമാണ്‌
എന്നായിരിക്കും ഉത്തരം. ഈ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ച ആധുനികത എന്നു
പറയുന്നത്‌ 20ാം നൂറ്റാണ്‌ടിന്റെ ആദ്യകാലത്തു സാമുദായിക
പരിഷ്‌കരണപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ച ആശയങ്ങളില്‍ നിന്ന്‌ ഒട്ടും
മുന്നോട്ടുപോവുന്നില്ല എന്നതാണു വസ്‌തുത. അതാവട്ടെ, കേരളത്തിന്റെ ഇരുമ്പു
കെട്ടിയ ലിംഗയാഥാസ്ഥിതിക നിലപാടുകളുമായി സമരസപ്പെട്ടുപോവുന്നതാണ്‌.
അതുകൊണ്‌ടാണ്‌ ഉത്തരകേരളത്തില്‍ ലിംഗയാഥാസ്ഥിതികതയെ ഉയര്‍ത്തിപ്പിടിക്കുന്ന
വിവിധ മുസ്‌ലിം സംഘടനകളുമായി വലിയതോതില്‍ ബന്ധവും സമ്പര്‍ക്കവും സ്ഥാപിക്കാന്‍
സി.പി.എമ്മിനു കഴിഞ്ഞത്‌. ഈ വിഭാഗങ്ങള്‍ മുന്നോട്ടുവച്ചത്‌ `ലിംഗപരമായ
പരിശുദ്ധി' എന്ന ആശയമാണ്‌; അതു ലൈംഗികേച്ഛയെ ആഴത്തില്‍ അവിശ്വസിക്കുന്നതാണ്‌.
സന്താനോല്‍പ്പാദനം മാത്രമാണു ലിംഗപരമായ അസ്‌തിത്വത്തിന്റെ അടിത്തറ എന്ന
നിലപാടാണ്‌ അതു സ്വീകരിക്കുന്നത്‌; സാമൂഹികമായ ഉത്തരവാദിത്തങ്ങളിലാണ്‌ ഇത്തരം
പ്രശ്‌നങ്ങളില്‍ അവര്‍ ഊന്നുന്നത്‌. മുഖ്യധാരാ ഇടതുപക്ഷത്തു നിലനില്‍ക്കുന്ന
സ്‌ത്രീശാക്തീകരണവും ഇതിനപ്പുറം ഒന്നല്ല എന്നതാണു യാഥാര്‍ഥ്യം. അതുകൊണ്‌ടുതന്നെ
സി.പി.എമ്മിലെ `മുസ്‌ലിം സ്വത്വവാദരാഷ്ട്രീയ' നിലപാടുകാര്‍ എല്ലാ വിഭാഗം
ജനങ്ങളെയും ഒന്നിപ്പിക്കുന്ന ഒരു ആധുനികതയെക്കുറിച്ചല്ല സംസാരിക്കാന്‍
തയ്യാറായത്‌. 20ാം നൂറ്റാണ്‌ടിന്റെ ആദ്യകാലത്തെ ആശയങ്ങളെ തന്നെ പുനച്ഛംക്രമണം
ചെയ്യാനാണ്‌ അവര്‍ ഉദ്യമിച്ചത്‌. ലൈംഗികതയുടെയും സമാനപ്രശ്‌നങ്ങളുടെയും
അടിസ്ഥാനത്തില്‍ ഉയര്‍ന്നുവരുന്ന പുതിയ ചിന്താധാരകളെ അടിച്ചമര്‍ത്താനാണ്‌ അവര്‍
താല്‍പ്പര്യം പ്രകടിപ്പിച്ചത്‌. തിരഞ്ഞെടുപ്പിന്റെ സമയം വന്നപ്പോള്‍ അവര്‍
മഅ്‌ദനിയെ ഇരുകരങ്ങളും നീട്ടി സ്വാഗതം ചെയ്‌തു. എന്നാല്‍, അതേസമയം അദ്ദേഹം
പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാമിന്റെ നിലപാടുകളുമായി യാതൊരുതരത്തിലുള്ള
സംവാദത്തിനും അവര്‍ ഒരുങ്ങിയില്ല. സി.പി.എമ്മിന്റെ തലപ്പത്ത്‌ ഇന്നുള്ള
വിഭാഗത്തിന്‌ അധികാരവും താല്‍ക്കാലികനേട്ടങ്ങളുമാണ്‌ പ്രധാനം.
ഒരു പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്‌ടുപോവാന്‍ ആവശ്യമായ സാമൂഹികവും
സാംസ്‌കാരികവുമായ സംവാദങ്ങളുടെ അനിവാര്യത സംബന്ധിച്ച്‌ അവര്‍ക്കു യാതൊരു
ധാരണയുമില്ല. അതുകൊണ്‌ടുതന്നെ ഇടതുപക്ഷത്തു നിന്നുകൊണ്‌ടു മലബാറിലെ മുസ്‌ലിം
സമൂഹവുമായി ആഴത്തിലുള്ള ഒരു സംവാദപ്രക്രിയക്കു തുടക്കമിടാനോ അതിലൂടെ ഈ സമൂഹത്തെ
ആധുനികത സംബന്ധിച്ച പുതിയൊരു ആത്മപരിശോധനയിലേക്കു കൊണ്‌ടുപോവാനോ അവര്‍ക്കു
കഴിഞ്ഞില്ല. ആഗോള ഇസ്‌ലാമിനും അമേരിക്ക വാഗ്‌ദാനം ചെയ്യുന്ന ഉപഭോക്തൃ കമ്പോള
നിയന്ത്രിത `ആധുനികത'യ്‌ക്കും അപ്പുറമുള്ള ഒന്നാണു ലക്ഷ്യമാക്കേണ്‌ടത്‌.
ഏറ്റവും ചുരുങ്ങിയത്‌, ഇങ്ങനെയുള്ള പുതുമണ്ഡലങ്ങള്‍ തേടുന്ന അദര്‍ ബുക്‌സ്‌
പോലെയുള്ള വിഭാഗങ്ങളെ പോലിസിനെ വിട്ട്‌ ഉപദ്രവിക്കുന്ന പണിയെങ്കിലും അവര്‍ക്ക്‌
അവസാനിപ്പിക്കാവുന്നതാണ്‌.
(കടപ്പാട്‌: കാഫില
ഡോട്ട്‌ ഓര്‍ഗ്‌)
(അവസാനിച്ചു.)

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to