തൊഴില്‍സ്ഥലത്തെ ലൈംഗികപീഡനം: പരാതികളില്‍ നടപടിയില്ല Sunday, September 12, 2010 തിരുവനന്തപുരം: ഭരണസിരാകേന്ദ്രത്തിലടക്കം ഉന്നതസ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥകള്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ ലൈംഗിക പീഡന പരാതികളില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. മന്ത്രിയുടെ ഓഫിസ്, പി.എസ്.സി ആസ്ഥാനം, സി.ഡി.എസ്, എം.ജി സര്‍വകലാശാല എന്നിവിടങ്ങളില്‍ അടുത്തിടെ നടന്ന ലൈംഗികാതിക്രമങ്ങളിലും കൊല്ലത്തെ സ്‌കൂള്‍ അധ്യാപിക നല്‍കിയ പരാതിയിലും കാര്യമായ നടപടികള്‍ ഉണ്ടായില്ല. ഇവയില്‍ മിക്കതിലും സംഘടനാ നേതാക്കളാണ് പ്രതി ചേര്‍ക്കപ്പെട്ടത്.
*സെക്രട്ടേറിയറ്റില്‍ *ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പെട്ട യുവതി ബാത്ത്‌റൂമില്‍പോകവെ മറ്റൊരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ഒളിഞ്ഞുനോക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതിഉയര്‍ന്നത്. ഇടതുപക്ഷ സംഘടനാനേതാവ് കൂടിയായ ഇയാളെ രഹസ്യകാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. സംഘടനാ ഭാരവാഹികള്‍ ഇടപെട്ട് അവധിയെടുപ്പിച്ച് ഇയാളെ മറ്റൊരു വകുപ്പിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ മാറ്റുക മാത്രമാണ് ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പ് *സി-ഡിറ്റില്‍* ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സസ്‌പെന്‍ഷനിലായ പ്രതി ശിക്ഷാനടപടികളൊന്നും കൂടാതെ അടുത്തിടെ ജോലിക്ക് തിരിച്ചുകയറി. വീട്ടുജോലിക്ക് നിന്ന പ്രായപൂര്‍ത്തിയാവാത്ത ദലിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തകേസിലെ പ്രതിയും എല്‍.ഐ.സി. ഏജന്റിന്റെ നഗ്‌നചിത്രമെടുത്ത് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയും ഒരു കുഴപ്പവുമില്ലാതെ ഇപ്പോഴും പി.എസ്.സിയില്‍ ജോലിചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷത്തിനിടെ അഞ്ച് പരാതികള്‍ *പി.എസ്.സിയിലെ* ജീവനക്കാരികള്‍ വിമണ്‍സ് സെല്ലില്‍ നല്‍കിയെങ്കിലും ഒന്നില്‍ മാത്രമാണ് നടപടിയെടുത്തത്. ഇതോടൊപ്പം പരാതിക്കാരിക്കെതിരെയും നടപടിയുണ്ടായെന്നുമാത്രം. മാത്രമല്ല പ്രതി പരാതിക്കാരിക്ക് അശ്ലീല കത്തുകള്‍ അയക്കാനും തുടങ്ങി. ഇതിനെതിരായ കേസ് മൂന്ന് മാസം കഴിഞ്ഞാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരിയുടെ മുന്നില്‍ പ്രതി കുറ്റം സമ്മതിച്ച് കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന വീഡിയോ ക്ലിപ്പിങ് പൊലീസിന് നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പരീക്ഷാജോലിക്ക് പോയപ്പോള്‍ കോണ്‍ഗ്രസ് നേതാവ്കൂടിയായ സെക്ഷന്‍ ഓഫിസര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പി.എസ്.സി ജീവനക്കാരി നല്‍കിയ പരാതിയും വെളിച്ചം കണ്ടില്ല. ഈ നേതാവ് പരാതിക്കാരിയുടെ സഹോദരങ്ങളെയും സുഹൃത്തുക്കളയെും ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇടക്കിടെ തെളിവെടുപ്പ് നടത്തുക മാത്രമാണ് വനിതാസെല്ലും ചെയ്യുന്നത്. ദേഹോപദ്രവം ഏല്‍പ്പിക്കുന്നതിന് പുറമെ വനിതാ ജീവനക്കാരോട് അശ്ലീലം പറയുക, വീടുകളിലേക്ക് ഫോണ്‍ ചെയ്ത് വൃത്തികേടുകള്‍ പറയുക, കത്തെഴുതുക തുടങ്ങിയവയാണ് സെക്രട്ടേറിയറ്റിലടക്കമുള്ള വനിതാജീവനക്കാര്‍ നേരിടുന്നത്. കടുത്ത പീഡനം നേരിടേണ്ടിവന്ന മലബാറിലെ ഒരു ഐ.എച്ച്.ആര്‍.ഡി പ്രിന്‍സിപ്പലും കൊല്ലത്തെ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലും അവര്‍ നല്‍കിയ പരാതിയുടെ നൂലാമാലകളില്‍പെട്ട് നട്ടംതിരിയുകയാണ്. മറ്റു ചില കേസുകള്‍ പരാതിക്കാര്‍ക്ക് സ്ഥലം മാറ്റം നല്‍കി ഒതുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സി.ഡി.എസില്‍ ലൈംഗിക ചൂഷണത്തിന് വിധേയമാകേണ്ടിവന്ന ആദിവാസി യുവതി എം.ഫില്‍ പൂര്‍ത്തിയാക്കാനാവാതെ മടങ്ങിപ്പോയി. ഈ കേസില്‍ സസ്‌പെന്‍ഷനിലായവരും ശിക്ഷണനടപടികള്‍ ഒന്നുമില്ലാതെ ജോലിയില്‍ തിരികെ പ്രവേശിച്ചുകഴിഞ്ഞു. ഇതിലും* ഭയാനകമാണ് എം.ജി സര്‍വകലാശാലയിലെ അവസ്ഥ*. ലൈംഗികാതിക്രമകേസുകളില്‍ അകപ്പെട്ട് രണ്ട് പേരാണ് അവിടെ സസ്‌പെന്‍ഷനിലായത്. ഭര്‍ത്താവ് മരിച്ചതിനെതുടര്‍ന്ന് ജോലിലഭിച്ച അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതാണ് ഒരു പരാതി. എം.എ വിദ്യാര്‍ഥിനിയുടെ ഡെസര്‍ട്ടേഷന്‍ ഒപ്പിടണമെങ്കില്‍ കുറച്ചുദിവസം തന്നോടൊപ്പം കഴിയണമെന്ന് ആവശ്യപ്പെട്ടതിനാണ് രണ്ടാമത്തെയാള്‍ സസ്‌പെന്‍ഷനിലായത്. സ്‌കൂള്‍ ഓഫ് സോഷ്യല്‍സയന്‍സില്‍ ജോലിനോക്കുന്ന ഇരുവരും സി.ഡി.എസില്‍ നിന്നാണ് എം.ജി സര്‍വകലാശാലയില്‍ എത്തിയത്. പരാതിക്കാര്‍ക്കെതിരെ സംഘടനാനേതാക്കള്‍ തന്നെ പ്രചാരണം നടത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ മിക്കവരും പരാതിപ്പെടാന്‍ ശ്രമിക്കാറില്ലെന്ന് വനിതാ ജീവനക്കാര്‍ പറയുന്നു. കടുത്ത പ്രതിഷേധം ഉയരുന്ന സംഭവങ്ങളില്‍ പ്രതികള്‍ സസ്‌പെന്‍ഷനിലാകുമെങ്കിലും ആറ് മാസത്തിനകം മുഴുവന്‍ ആനുകൂല്യങ്ങളോടും കൂടി തിരിച്ച് ജോലിക്ക് കയറുകയാണ് പതിവ്. സ്ഥാനക്കയറ്റത്തോടുകൂടി സ്ഥലം മാറ്റം വാങ്ങിപ്പോയ പ്രതികളും ഇക്കൂട്ടത്തിലുണ്ട്. -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
