*എന്‍ എം സിദ്ദീഖിന്റെ മോചനം* thejas editorial ഒന്നരമാസത്തിലധികം നീണ്‌ട ജയില്‍വാസത്തിനുശേഷം മനുഷ്യാവകാശപ്രവര്‍ത്തകനും എഴുത്തുകാരനുമായ അഡ്വ. എന്‍ എം സിദ്ദീഖ് ഇന്നലെ ജാമ്യം നേടി പുറത്തിറങ്ങി. ഇത്തവണ തിരുവോണവും ചെറിയ പെരുന്നാളും അദ്ദേഹം ആഘോഷിച്ചതു തടവറയിലാണ്. അഞ്ചുവര്‍ഷമായി തേജസില്‍ എഴുതിക്കൊണ്‌ടിരിക്കുന്ന മനുഷ്യാവകാശസംബന്ധമായ കോളം ജൂലൈ 23ന് ശേഷം അദ്ദേഹത്തിന് എഴുതാന്‍ കഴിഞ്ഞില്ല. ഏതായാലും വൈകിയാണെങ്കിലും അദ്ദേഹം ജാമ്യം നേടി പുറത്തുവന്നതു ചാരിതാര്‍ഥ്യജനകമാണ്. എന്നാല്‍, എന്തിനുവേണ്‌ടിയായിരുന്നു ഈ കാരാഗൃഹവാസം എന്നു ചോദിക്കുമ്പോള്‍, കേരളത്തില്‍ ഇന്നു മനസ്സാക്ഷിയുള്ള മനുഷ്യര്‍ക്ക് എന്താണു ഭരണകൂടം കരുതിവച്ചിരിക്കുന്നത് എന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യമാണു നമ്മെ അഭിമുഖീകരിക്കുക. കാരണം, സിദ്ദീഖിനു നേരെയുള്ള പോലിസ് നടപടിക്കു കാരണമായിത്തീര്‍ന്നത് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ നാളുകളില്‍ നടന്ന റെയ്‌ഡുകളിലും പോലിസ് പരിശോധനകളിലും അറസ്‌റ്റുകളിലും, ഇത്തരം കാര്യങ്ങളില്‍ പോലിസ് ദീക്ഷിക്കേണ്‌ട മര്യാദകള്‍ സംബന്ധിച്ച കോടതിവിധികളുടെ ലംഘനത്തെക്കുറിച്ച് അദ്ദേഹം ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി അയച്ചു എന്നതുതന്നെയാണ്. ഇതേത്തുടര്‍ന്ന് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ കേരള പോലിസിന്റെ ഡയറക്ടര്‍ ജനറലിനു നോട്ടീസ് അയക്കുകയും ചെയ്യുകയുണ്‌ടായി. തുടര്‍ന്നാണ് സിദ്ദീഖ് അധ്യക്ഷനായ എറണാകുളത്തെ ദേശീയ മനുഷ്യാവകാശ കോണ്‍ഫെഡറേഷന്‍ ഓഫിസ് പോലിസ് റെയ്‌ഡ് ചെയ്‌തതും തേജസ് ദൈ്വവാരികയടക്കമുള്ള കുറേ പുസ്‌തകങ്ങളും ചില വാടകശീട്ടുകളും ഏതാനും സി.ഡികളും കണെ്‌ടത്തി അദ്ദേഹത്തെ രാജ്യദ്രോഹം മുതല്‍ വര്‍ഗീയ അസ്വസ്ഥത പടര്‍ത്തല്‍ വരെയുള്ള ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്തു കുറ്റംചാര്‍ത്തി ജയിലിലടച്ചതും. പോലിസ് അവരുടെ നടപടികള്‍ക്കു കോടതിയില്‍ ന്യായീകരണം നല്‍കട്ടെ. അതുകൊണ്‌ട് കേസിന്റെ ന്യായാന്യായതകളെക്കുറിച്ച് ഇവിടെ ഒരക്ഷരം പറയുന്നില്ല. പക്ഷേ, ഇത്തരം ഗുരുതരമായ ഒരു നടപടി സ്വതന്ത്രചിന്തയ്‌ക്കു നേരെയും മനുഷ്യാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്കു നേരെയും ഇവിടെ ഉണ്‌ടായിട്ടും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളോ പൊതുസമൂഹമോ അത് അറിഞ്ഞതായേ നടിക്കുകയുണ്‌ടായില്ല. ഇതിനു മുമ്പ് എഴുത്തുകാരെയും മാധ്യമപ്രവര്‍ത്തകരെയും സാംസ്‌കാരികപ്രവര്‍ത്തകരെയും ജയിലിലടയ്‌ക്കുകയോ അവര്‍ക്കെതിരേ കേസെടുക്കുകയോ ഉണ്‌ടായ സന്ദര്‍ഭങ്ങളില്‍ കേരളത്തിലെ പൊതുസമൂഹം അതിനെതിരേ ജാഗ്രതയോടെ പ്രതികരിക്കുകയുണ്‌ടായി. എന്നാല്‍ സിദ്ദീഖിന്റെ കാര്യത്തില്‍ അത്തരമൊരു ജാഗ്രത ഈ ഒന്നരമാസത്തിനിടയില്‍ ഒരിക്കല്‍പ്പോലും നമ്മുടെ സമൂഹം പ്രകടിപ്പിക്കുകയുണ്‌ടായില്ല. തീര്‍ച്ചയായും ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്‌ടിയുള്ള പോരാട്ടത്തിന്റെ പാത പൂക്കള്‍ വിരിച്ചതല്ല. ജയിലറ അന്തസ്സുള്ളവന് മണിയറയായേക്കും. പക്ഷേ, ഇത്തരം നിര്‍ലജ്ജമായ നിശ്ശബ്ദത നീതിബോധമുള്ള സമൂഹത്തിനു ചേര്‍ന്നതായില്ല.
*പോലിസ് അതിക്രമത്തിനെതിരേ പരാതിപ്പെട്ടു; `രാജ്യദ്രോഹി'യായി 52 നാള്‍ ജയിലില്‍* കൊച്ചി: മനുഷ്യാവകാശപ്രവര്‍ത്തകനും ദേശീയ മനുഷ്യാവകാശ ഏകോപനസമിതി എറണാകുളം ജില്ലാ പ്രസിഡന്റുമായ അഡ്വ. എന്‍ എം സിദ്ദീഖിന്റെ 52 ദിനം നീണ്‌ട ജയില്‍വാസം സാമാന്യ നീതിയുടെ നഗ്നമായ ലംഘനം. പ്രവാചകനിന്ദ നടത്തിയ അധ്യാപകന് നേരെയുണ്‌ടായ അക്രമത്തിന്റെ മറവില്‍ പോലിസ് നടത്തിയ മുസ്‌ലിംവേട്ടയ്‌ക്കെതിരേ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതിനല്‍കിയതാണ് സിദ്ദീഖ് ചെയ്‌ത തെറ്റ്. മനുഷ്യാവകാശപ്രവര്‍ത്തകനെന്ന പേരിലാണ് സിദ്ദീഖ് ഈ പ്രശ്‌നത്തിലിടപ്പെട്ടത്. ഇതിന്റെ പേരില്‍ പോലിസ് അദ്ദേഹത്തെ രാജ്യദ്രോഹിയും മതവൈര്യം വളര്‍ത്തുന്ന ആളുമാക്കി. സിദ്ദീഖിനെ രാജ്യദ്രോഹിയാക്കാന്‍ പോലിസ് കണെ്‌ടത്തിയ തെളിവുകളാണ് അതിവിചിത്രം. തേജസ് ദൈ്വവാരികയുടെ 35 കോപ്പി, വോളന്റിയര്‍മാരുടെ 20 ഐഡന്റിറ്റി കാര്‍ഡുകള്‍, ഫ്രീഡം പരേഡിന്റെ 20 ബാഡ്‌ജുകള്‍, ഫ്രീഡം പരേഡിന്റെ മൂന്നു ഫോട്ടോയും സി.ഡിയും എം.ഇ.എസിന് വാടക നല്‍കിയ രണ്‌ട് രസീതുകള്‍, മാറാടിന്റെ വഴികള്‍ എന്ന 200 സി.ഡികള്‍, ഓറ മാസിക, എന്‍.ഡി.എഫിന്റെ 40 ലഘുലേഖ, അന്നസീം മാസിക, ഗുജറാത്ത് നരഹത്യ സംബന്ധിച്ച ദൃശ്യങ്ങള്‍, സി.എച്ച്.ആര്‍.ഒ രജിസ്‌റ്റര്‍ ചെയ്‌ത സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ഇറാക്ക് യുദ്ധം അവസാനിക്കുന്നില്ല എന്ന 17 സി.ഡി, മൂന്ന് റബര്‍ സീല്‍, നാല് ഫ്‌ളോപി ഡിസ്‌ക് എന്നിവയാണ് പോലിസ് കണെ്‌ടത്തിയ ദേശവിരുദ്ധ രേഖകള്‍. കേരളത്തില്‍ മനുഷ്യാവകാശപ്രവര്‍ത്തനം അപകടാവസ്ഥയിലാണെന്നു ജയില്‍മോചിതനായ ശേഷം തേജസിനോടു സംസാരിക്കവെ സിദ്ദീഖ് പറഞ്ഞു. ഭരണകൂട ഭീകരതയ്‌ക്കെതിരേ സംസാരിക്കുന്ന ഒരു മനുഷ്യാവകാശപ്രവര്‍ത്തകനും തന്റെ ദൗത്യം കൃത്യമായി നിര്‍വഹിക്കാനാവില്ലെന്ന കാര്യം അടിവരയിടുന്നതാണ് എന്റെ അറസ്‌റ്റ്. സന്ദര്‍ശകരെ അനുവദിക്കാതെയും പത്രമാധ്യമങ്ങള്‍ നല്‍കാതെയും എങ്ങനെയൊക്കെ മാനസിക പീഡനം നടത്താനാവുമോ അതൊക്കെ പോലിസ് ചെയ്‌തു. വിചാരണ നേരിടുന്ന തടവുകാര്‍ക്കൊപ്പമാണ് ജയിലില്‍ താമസിപ്പിച്ചത്. ബ്രിട്ടീഷ് മാന്വല്‍ അനുസരിച്ചുള്ള വ്യവസ്ഥകളും കെടുകാര്യസ്ഥതയും നമ്മുടെ ജയിലുകളില്‍ നടപ്പാക്കുന്നതിന്റെ എല്ലാ വിഷമതകളും 52 ദിവസം അനുഭവിച്ചറിഞ്ഞു. ജയിലിലെ ചില ചെയ്‌തികളെ ചോദ്യംചെയ്‌തതിന് എറണാകുളം സബ് ജയിലില്‍ നിന്നു മട്ടാഞ്ചേരി ജയിലിലേക്കു മാറ്റി. ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതിനല്‍കിയതാണു ഞാന്‍ ചെയ്‌ത തെറ്റെന്നു ജയിലിലെ ഉദ്യോഗസ്ഥര്‍ തന്നെ തുറന്നു സമ്മതിച്ചു. ജൂലൈ 12നു പരാതി നല്‍കി. 16ന് അന്വേഷണത്തിന് ഉത്തരവായി. 20ന് അറസ്‌റ്റ് ചെയ്‌തു. കെ.എസ്.എഫ്.ഇ ജീവനക്കാരനായ തന്റെ ജോലിസ്ഥാപനത്തിലും കൃത്യമായി പോലിസ് വിവരംനല്‍കി സസ്‌പെന്‍ഷന്‍ വാങ്ങിത്തന്നു. രാജ്യദ്രോഹക്കുറ്റം ചെയ്‌തിട്ടുപോലും ജീവനക്കാരെ സസ്‌പെന്റ് ചെയ്യാത്ത കെ.എസ്.എഫ്.ഇയില്‍ എന്റെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ വേഗത്തിലായി. ഞാന്‍ ചെയ്‌ത തെറ്റെന്തെന്ന് ഇനിയും വ്യക്തമല്ല. സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിപ്പിക്കുന്നതിനും ക്രമിനല്‍ നടപടിക്കെതിരേയും ഇനി സ്വന്തം മനുഷ്യാവകാശങ്ങള്‍ക്കായി പൊരുതേണ്‌ട അവസ്ഥയാണെന്നും സിദ്ദീഖ് പറഞ്ഞു. പ്ലാച്ചിമട കൊക്കകോല കമ്പനിക്കെതിരെയും മാവൂര്‍ റയോണ്‍സ്‌് തൊഴിലാളികളുടെ പട്ടിണി സമരം, ഓഹരിവിപണനത്തിലൂടെ കേരളത്തിന്റെ പണം ഉത്തരേന്ത്യയിലേക്ക് ഒഴുകുന്നതിനെതിരേ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഉപരോധം, ജി.സി.ഡി.എ-ഗോശ്രീ കുടിയിറക്കലിനെതിരായ സമരം തുടങ്ങി നിരവധി അവകാശപ്പോരാട്ടങ്ങള്‍ക്ക് സിദ്ദീഖ് നേതൃത്വംനല്‍കിയിട്ടുണ്‌ട്. `ബംഗാളില്‍ നിന്ന് വാര്‍ത്തകളില്ല' എന്ന സിദ്ദീഖിന്റെ പുസ്‌തകം ന്യൂനപക്ഷ വിഭാഗങ്ങളോട് ഇടതുസര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന വിവേചനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു കേരളത്തില്‍ വഴിമരുന്നിട്ടിരുന്നു. -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
