*നരേന്ദ്രമോഡിക്കെതിരെ സത്യവാങ്മൂലം നല്‍കിയ സഞ്ജീവ് ഭട്ട് ജയിലിലാണ്. അദ്ദേഹം
കൊല്ലപ്പെടുമെന്ന ആശങ്കയിലാണ് ഭാര്യ. ഈ സാഹചര്യത്തില്‍ ഇന്നലെ ഭട്ടിനെ കാണാന്‍
പൊലീസ് സ്റ്റേഷനില്‍ ചെന്ന മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി ശ്രീകുമാറിനെയും
പ്രമുഖ നര്‍ത്തകി മല്ലികാ സാരാഭായിയെയും അനുമതി നല്‍കാതെ മണിക്കൂറുകള്‍
നിര്‍ത്തിയശേഷം പൊലീസ് തിരിച്ചയച്ചു-മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി
ശ്രീകുമാര്‍ നാലാമിടത്തിന് നല്‍കിയ പ്രത്യേക അഭിമുഖം.*

*http://www.nalamidam.com/archives/2963
*

[image: courtesy: amnesty]<http://www.nalamidam.com/archives/2963/rb-sreekumar1>

ഇന്നലെ കാലത്താണ് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത വിളിച്ചത്. രാവിലെ എട്ടിന്.
അവരാകെ ആശങ്കയിലായിരുന്നു. എന്തും സംഭവിക്കാവുന്ന അവസ്ഥയെന്ന ഭയം. നരേന്ദ്ര
മോഡിയുടെ ഗുജറാത്തിനെ അറിയുന്ന ആര്‍ക്കും അതുണ്ടാവും.
സഞ്ജീവിനെ ലോക്കപ്പില്‍ പോയി കാണണമെന്നാണ് അവരുടെ ആവശ്യം. ഞാന്‍ സമ്മതിച്ചു.
അതിനിടെ സഞ്ജീവിന്റെ കാര്യത്തില്‍ എന്തു ചെയ്യാനാവുമെന്ന് ആലോചിച്ച് മല്ലികാ
സാരാഭായി വിളിച്ചു. ഒമ്പത് മണിക്ക് ഞങ്ങള്‍ യാത്രയായി.

അഹമ്മദാബാദില്‍ ക്രൈംബ്രാഞ്ചിന്റെ ലോക്കപ്പിലായിരുന്നു അവര്‍ സഞ്ജീവിനെ
അടച്ചത്. എന്റെ വീട്ടില്‍നിന്ന് 20 മൈല്‍ ദൂരെ.
നേരെ സ്റ്റേഷനില്‍ ചെന്നു. വളരെ മോശമായിരുന്നു പ്രതികരണം. കാണാന്‍
പറ്റില്ലെന്ന് അവിടെയുള്ളവര്‍ ശഠിച്ചു. ഞാന്‍ ആ സംസ്ഥാനത്തെ പഴയ ഡി.ജി.പിയാണ്.
എന്റെ സഹപ്രവര്‍ത്തകനാണ് അവിടെ കിടക്കുന്നത്. അയാളുടെ ഭാര്യ പറഞ്ഞാണ് ഞാന്‍
അവിടെ ചെന്നത്. ഇതൊക്കെ പറഞ്ഞിട്ടും രക്ഷയുണ്ടായിരുന്നില്ല.
ഞാന്‍ ഡി.ജി.പിയെ വിളിച്ചു. പഴയ സഹപ്രവര്‍ത്തകന്‍. ആവശ്യം പറഞ്ഞപ്പോള്‍ അദ്ദേഹം
ഒഴിഞ്ഞു മാറാന്‍ തുടങ്ങി. സിറ്റി പൊലീസ് കമീഷണറുടെ കീഴിലാണ് സഞ്ജീവ് ഭട്ട്
ഇപ്പോഴുള്ളത്. അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. ഇതായിരുന്നു മറുപടി.
അതെന്തു മറുപടിയാണ്, ഞാന്‍ ചോദിച്ചു. ഡി.ജി.പിക്കു കീഴിലുള്ള ഉദ്യോഗസ്ഥനല്ലേ
കമീഷണര്‍. അദ്ദേഹത്തോട് ഒന്നു പറഞ്ഞാല്‍ സംഭവം നടക്കില്ലേ. എനിക്ക്
രഹസ്യമായൊന്നും കാണേണ്ടെന്ന് ഞാന്‍ പറഞ്ഞു. അവരുടെ സാന്നിധ്യത്തില്‍ മാത്രം
കണ്ടാല്‍ മതി. അതെല്ലാം വീഡിയോ കാമറയിലാക്കാം. വേണമെങ്കില്‍ സംപ്രേഷണം
ചെയ്യുകയും ചെയ്യാം ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും കാര്യമുണ്ടായില്ല.

അതിനിടെ, സഞ്ജീവിനെ അവര്‍ പുറത്തേക്കു കൊണ്ടുപോയി. ഞങ്ങളുടെ മുന്നില്‍ കൂടിയാണ്
അദ്ദേഹത്തെ കൊണ്ടുപോയത്. അദ്ദേഹത്തിന്റെ മുഖത്ത് തളര്‍ച്ചയൊന്നും കണ്ടില്ല.
ഞാന്‍ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്തു. അദ്ദേഹം കണ്ണുകള്‍ കൊണ്ട് പ്രത്യഭിവാദ്യം
ചെയ്തു.
കേസ് രജിസ്റ്റര്‍ ചെയ്തത് ഖാഡലോഡിയ സ്റ്റേഷനിലാണ്. അവര്‍ അദ്ദേഹത്തെ അങ്ങോട്ട്
മാറ്റിയിരിക്കുകയാണ്. ഞങ്ങള്‍ അങ്ങോട്ട് പോയി നോക്കി. കാര്യമുണ്ടായില്ല.
അഭിഭാഷകനെ പോലും കാണാന്‍ അനുവദിക്കാതെയാണ് മോഡി കരുക്കള്‍ നീക്കുന്നത്.
ഉച്ചക്ക് രണ്ടര വരെ അവിടെ നിന്നു. പിന്നെയാണ് ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങിയത്.

സഞ്ജീവ് ഭട്ടിന്റെ ഭാര്യയുടെ ആശങ്കകള്‍ നൂറു ശതമാനം ശരിയാണ്. ഗുജറാത്തില്‍
കാര്യങ്ങള്‍ കൈവിടുകയാണ്. മോഡിയെ രക്ഷപ്പെടുത്തുന്ന വിധത്തിലാണ് കാര്യങ്ങള്‍.
കോടതിയും മറ്റു സംവിധാനങ്ങളുമെല്ലാം ഇരകളെ കൈയൊഴിയുകയാണോ എന്ന് സംശയിക്കത്തക്ക
വിധത്തിലാണ് കാര്യങ്ങള്‍. സഞ്ജീവ് ഇപ്പോഴുള്ളത് മോഡിയുടെ വിശ്വസ്ഥരുടെ
കൈയിലാണ്. നിരവധി വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടത്തിയ കൂട്ടരുടെ കൈയില്‍.
അതാണ് ഭാര്യയുടെ ആശങ്ക.

തിരിച്ചു ചെന്നപ്പോള്‍ ഞാനവരെ ആശ്വസിപ്പിച്ചു. പ്രതീക്ഷ കൈവിടാറായിട്ടില്ല.
അറസ്റ്റിലാവുന്നതിന് രണ്ടു മാസം മുമ്പ് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയെ
സമീപിച്ചിരുന്നു. മുഖ്യമന്ത്രി അടക്കുള്ളവര്‍ക്ക് ഗുജറാത്ത് വംശഹത്യയിലുള്ള
പങ്ക് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയതിനാല്‍ തന്നെ കള്ളക്കേസില്‍
കുടുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി അദ്ദേഹം സുപ്രീംകോടതിക്കു മുമ്പാകെ
അറിയിച്ചു. ഈ സാഹചര്യത്തില്‍ കേസിനെ കുറിച്ച് സി.ബി.ഐ അന്വേഷണത്തിന്
ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പരാതിയില്‍ ഇപ്പോള്‍ വിചാരണ
നടക്കുകയാണ്. ഇതിനിടെയാണ് സഞ്ജീവിനെ അറസ്റ്റ് ചെയ്തത്. ഭരണഘടനയെയും
ജനാധിപത്യത്തെയും തനിക്ക് ലവലേശം ഭയമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു ഈ
നടപടിയിലൂടെ മുഖ്യമന്ത്രി. താന്‍ ഇഷ്ടമുള്ളതു ചെയ്യും. ആരാണ് ചോദിക്കാനെന്ന
ധാര്‍ഷ്ഠ്യം.

എന്നാല്‍, സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസായതിനാല്‍ പ്രതീക്ഷിക്കാന്‍
വകയുണ്ട്. കോടതിയുടെ ഇടപെടല്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. ആ കേസ്
നിലനില്‍ക്കുന്ന സമയത്ത് അറസ്റ്റ് ചെയ്യുന്നതിന്റെ നിയമസാധുത കോടതിയില്‍ ചോദ്യം
ചെയ്യാവുന്നതുമാണെന്ന് ഞാന്‍ സഞ്ജീവിന്റെ ഭാര്യ
യാട് പറഞ്ഞു. അവരെ ആശ്വസിപ്പിക്കാന്‍ മാത്രമായി.
അപ്പോഴും എന്റെ ഉള്ളില്‍ ആശങ്കകളുണ്ടായിരുന്നു. റ്റു ജി സ്പെക്ട്രം കേസില്‍
മേല്‍നാട്ടം വഹിക്കാമെന്ന് സുപ്രീം കോടതി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍,
രണ്ടായരത്തിലേറെ പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് വംശഹത്യ കേസില്‍ മേല്‍നോട്ടം
വഹിക്കാന്‍ ബഹുമാനപ്പെട്ട കോടതി തയ്യാറല്ല. ഇതിന്റെ അര്‍ഥം എന്നെ ശരിക്കും
ഭയപ്പെടുത്തുന്നുണ്ട്.

സഞ്ജീവിനെ കുടുക്കിയത് പഴയ ഡ്രൈവറെ ഉപയോഗിച്ചാണ്. പോലിസുകാരനായ കെ.ഡി പന്ഥാണ്
അവരുടെ ആയുധം. മോഡിക്കെതിരെ നല്‍കിയ സത്യവാങ്മൂലത്തില്‍ സഞ്ജീവ് ഭട്ടിന്
അനുകൂലമായി മൊഴി നല്‍കിയ ആളാണ് പന്ഥ്. തന്നെ സഞ്ജീവ് മുറിയില്‍ അടച്ച്
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ആ മൊഴി നല്‍കിയതെന്നാണ്
പന്ഥിന്റെ പരാതി. ഇതു പ്രകാരമാണ് സഞ്ജീവിനെതിരെ കേസെടുത്തത്.

മൊഴി നല്‍കിയതിനും ആ പരാതി നല്‍കിയതിനും ഇടയിലുള്ള കാലയളവാണ് ഇതിലെ വലിയ തമാശ.
മോഡിക്കെതിരായി മൊഴി നല്‍കി ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോഴാണ് തന്നെ
ഭീഷണിപ്പെടുത്തി മൊഴി നല്‍കിച്ചു എന്ന വാദവുമായി അയാള്‍ രംഗത്തുവന്നത്. ഇത്ര
കാലം അയാള്‍ എന്തെടുക്കുകയായിരുന്നു എന്ന ചോദ്യം ആര്‍ക്കും വരും. മൊഴി നല്‍കി
ഒരു മാസം വെറുതെയിരുന്ന ശേഷം ഇത്തരമൊരു ആരോപണവുമായി വരുന്നത് ചോദ്യം
ചെയ്യപ്പെടേണ്ടതാണ്.
എന്നാല്‍, ഐ.പി.സി 341, 342 അടക്കമുള്ള വകുപ്പുകള്‍ ഉപയോഗിച്ചാണ് പൊലീസ്
കേസെടുത്തിരിക്കുന്നത്. ഐ.പി.സി 194 ഇതില്‍ പെടുന്നു. വധശിക്ഷ വരെ ശിക്ഷ
വിധിക്കാവുന്ന ജാമ്യം ലഭിക്കാത്ത കുറ്റമാണിത്. കൊലക്കുറ്റം ചുമത്തുന്നതിന്
ഒരാള്‍ക്കെതിരെ കള്ളക്കേസ് ചുമത്തുന്നത് തടയാനുള്ള നിയമം. എന്ത് തെറ്റാണോ അവര്‍
ചെയ്യുന്നത് അത് സഞ്ജീവിനു നേരെ ചുമത്തുകയാണ്. ആരും ചോദിക്കാനില്ലെന്ന
ധാര്‍ഷ്ഠ്യമാണ് മുഖ്യമന്ത്രിയുടെ ബലം.

ഇതില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പുലര്‍ത്തുന്ന മൌനം ശരിക്കും
ഭയാനകമാണ്. അപകടകരമായ ഒരു സ്ഥിതി വിശേഷത്തിലേക്ക് കാര്യങ്ങള്‍ പോവുമ്പോഴും
അവര്‍ മിണ്ടാതിരിക്കുകയാണ്.

എങ്കിലും മനുഷ്യപ്പറ്റ് ബാക്കിയുള്ള, ജനാധിപത്യത്തിലും മതേതരത്വത്തിലും
വിശ്വസിക്കുന്നവര്‍ക്ക് ഇത് നോക്കി നില്‍ക്കാനാവില്ല. തിങ്കളാഴ്ച രാജ്യത്തെ 20
കേന്ദ്രങ്ങളില്‍ ഇതിനെതിരായ പ്രക്ഷോഭം നടക്കുന്നുണ്ട്. ഞാന്‍ നാളെ ഡല്‍ഹിക്ക്
പോവും. അവിടെ, മഹേഷ് ഭട്ട്, ശബ്നം ഹശ്മി തുടങ്ങിയവരുമായി ചേര്‍ന്ന്
ഇക്കാര്യത്തില്‍ പത്ര സമ്മേളനം നടത്തും. കേസുമായി മുന്നോട്ടു പോവാന്‍ തന്നെയാണ്
തീരുമാനം. രാജ്യത്തെ നിയമങ്ങളെ മുഴുവന്‍ വെല്ലുവിളിക്കുന്ന ഇക്കൂട്ടര്‍ക്കെതിരെ
എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും ശബ്ദം ഉയരേണ്ടത് ആവശ്യമാണ്.



-- 

-----------------------------------------------------------------------------------------------------
"i am always running late
 but at least i'm running"
-----------------------------------------------------------------------------------------------------
Savad Rahman||
Sr.Subeditor ||
Madhyamam Daily||
Kochi 18 || Mob:9995431420 ||

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to