സാഹിബ് വീണ്ടും വരുന്നു

ഡോ. എം. ഗംഗാധരന്‍


മുഹമ്മദ് അബ്ദുറഹ്മാനെ വിസ്മൃതിയില്‍ തളയ്ക്കാന്‍ കഴിയുമെന്ന് കരുതിയവര്‍
കേരളത്തിലുണ്ടായിരുന്നതായി ഇന്നത്തെതലമുറയ്ക്ക് തിരിച്ചറിയാന്‍
കുഞ്ഞുമുഹമ്മദിന്റെ സിനിമ സഹായിക്കും. രാഷ്ടീയരംഗത്ത് തിളങ്ങിയവര്‍
കേരളത്തില്‍ വേറെയും ഉണ്ടായിട്ടുണ്ട്. രാഷ്ടീയത്തില്‍ മുഴുകിയപ്പോഴും
നല്ല മനുഷ്യനായി ജീവിക്കാന്‍ കഴിഞ്ഞ നേതാക്കള്‍ വളരെ കുറവായിരുന്നു


ധീരദേശാഭിമാനിയായി, മനുഷ്യസ്‌നേഹിയായി, അനാഥരുടെ അവലംബമായി, അഭിമാനിയായി,
എല്ലാ ജീവജാലങ്ങളുടെയും സുഹൃത്തായി, ദുഷ്പ്രഭുത്വത്തിന്റെ എതിരാളിയായി,
അധികാര സ്ഥാനങ്ങളെ ഭയപ്പെടാത്തവനായി, സ്‌നേഹനിധിയായി അബ്ദുറഹ്മാന്‍
സാഹിബ് വീണ്ടും വരുന്നു,

പി.ടി. കുഞ്ഞുമുഹമ്മദിന്റെ 'വീരപുത്ര'നില്‍.

സാഹിബിനെ വിസ്മൃതിയില്‍ തളയ്ക്കാന്‍ കഴിയുമെന്ന് കരുതിയവര്‍
കേരളത്തിലുണ്ടായിരുന്നതായി ഇന്നത്തെ 'ചോര തുടിക്കും ചെറുകൈയുകള്‍'ക്ക്
തിരിച്ചറിയാന്‍ ഈ പടം സഹായിക്കുമെന്ന് ഞാന്‍ കരുതുന്നു. രാഷ്ട്രീയ
രംഗത്ത് തിളങ്ങിയവര്‍ വേറെയും കേരളത്തിലുണ്ടായിട്ടുണ്ട്. പക്ഷേ,
രാഷ്ട്രീയത്തില്‍ മുഴുകിയപ്പോഴും നല്ല മനുഷ്യനായി ജീവിക്കാന്‍ കഴിഞ്ഞ
നേതാക്കള്‍ കേരളത്തില്‍ വളരെ കുറവായിരുന്നു.

അങ്ങനെയൊരാള്‍ നമു-
ക്കുണ്ടായിട്ടില്ല, മുന്‍പും
പിന്‍പുറമെന്നോര്‍ക്കുന്നേരം-
ക്ഷമിക്കൂ നേതാക്കളേ

എന്ന് അയ്യപ്പപ്പണിക്കര്‍ സാഹിബിനെക്കുറിച്ചെഴുതിയ വരികളില്‍ അതിശയോക്തി ഏറെയില്ല.

ഇരുപത്തിമൂന്നുകാരനായ അബ്ദുറഹ്മാന്‍ ഉന്നത വിദ്യാഭ്യാസമുപേക്ഷിച്ച് 1921
ഏപ്രിലില്‍ കേരളത്തിലെത്തിയപ്പോഴേക്കും ഖിലാഫത്ത് പ്രസ്ഥാനത്തില്‍നിന്ന്
തീരദേശ പട്ടണങ്ങളിലെ പ്രമാണികള്‍ പലരും ബ്രിട്ടീഷധികാരികളെ ഭയന്ന്
പിന്‍വാങ്ങിയിരുന്നു. ഇതുകൊണ്ടാണ് അന്ന് മലബാറില്‍ തീരെ പരിചിതനല്ലാത്ത
അബ്ദുറഹ്മാനെ മലബാര്‍ ജില്ലാ ഖിലാഫത്ത് കമ്മിറ്റിയുടെ ജനറല്‍
സെക്രട്ടറിയാക്കിയത്. അന്നത്തെ അബ്ദുറഹ്മാനെ ''നീണ്ട ദേഹവും തടിച്ച
പുരികവും പൗരുഷം സ്ഫുരിക്കുന്ന മുഖവും ഉത്സാഹം സ്ഫുരിക്കുന്ന ഭാവവും
സംസാരത്തിന്റെ രീതിയുമുള്ള'' ഒരു ചെറുപ്പക്കാരനായാണ് അന്നത്തെ
കെ.പി.സി.സി. സെക്രട്ടറി കെ.പി. കേശവമേനോന്‍ വിവരിച്ചത് (''സുഭഗമായ്
വെളുത്തുയര്‍ന്ന സുന്ദര ശരീരം/സുറുമയിട്ടപോലെ നീലം നീള്‍മിഴി ഗംഭീരം''
മെന്ന് ഇടശ്ശേരിയും പാടിയിട്ടുണ്ടല്ലോ). സാഹിബിന്റെ ഈ രൂപവും ഭാവവും
അവതരിപ്പിക്കുന്നതില്‍ 'വീരപുത്ര'നിലെ നരേന്‍ എന്ന നടന്‍ നല്ല തോതില്‍
വിജയിക്കുന്നുണ്ട്.

അതുവരെ മലബാറിലൊതുങ്ങിനിന്ന ഖിലാഫത്ത് പ്രസ്ഥാനം കൂടുതല്‍
ശക്തിപ്പെടുത്തുന്നതിനും കേരളത്തിലാകെ അതിവേഗം വ്യാപിപ്പിക്കുന്നതിനും
അബ്ദുറഹ്മാന് കഴിഞ്ഞു. അതോടെ ഖിലാഫത്ത് പ്രസ്ഥാനത്തിനെതിരെയുള്ള
സര്‍ക്കാറിന്റെ മര്‍ദന നടപടികളും ശക്തിപ്പെട്ടിരുന്നു.
അസഹ്യമായിത്തീര്‍ന്ന ഈ മര്‍ദനങ്ങളെക്കൊണ്ട് പൊറുതിമുട്ടിയവരാണ്
ബ്രിട്ടീഷ് സര്‍ക്കാറിനെ തോല്പിച്ച് തുരത്താന്‍ ഒരു കലാപം ആരംഭിച്ചത്.
അതുപക്ഷേ, വിജയിക്കാന്‍ ഒട്ടും സാധ്യതയില്ലെന്നുറപ്പായതിനാല്‍ ആ വഴിക്ക്
നീങ്ങരുതെന്ന് അബ്ദുറഹ്മാനോടൊപ്പം ഖിലാഫത്ത് നേതാക്കളായ മൊയ്തുമൗലവി,
കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍, കെ.എം. മൗലവി തുടങ്ങിയവര്‍
ആവര്‍ത്തിച്ചാവശ്യപ്പെട്ടതൊന്നും കൂട്ടാക്കാതെ മാപ്പിളമാര്‍
കലാപത്തിലേക്കെടുത്തുചാടുകയായിരുന്നു. തന്നെ അവര്‍ അനുസരിക്കാത്തതില്‍
പരിഭവിച്ച്, അതിന്റെ ഭവിഷ്യത്തുകള്‍ അവരനുഭവിക്കട്ടെ എന്നു കരുതി
മാറിനില്‍ക്കുകയല്ല അബ്ദുറഹ്മാന്‍ ചെയ്തത്. കലാപകാരികളില്‍ പലരും
ബ്രിട്ടീഷ് തോക്കുകള്‍ക്കുമുന്നില്‍ പിടഞ്ഞുമരിക്കുകയും ബാക്കിയുള്ളവര്‍
കാട്ടിലും മലകളിലും കയറി ഒളിയുദ്ധത്തിനൊരുങ്ങുകയും ചെയ്തപ്പോള്‍ അവരുടെ
വൃദ്ധരായ മാതാപിതാക്കളും ഭാര്യമാരും പെങ്ങന്മാരും കൊച്ചുകുട്ടികളും
പോലീസിന്റെയും പട്ടാളത്തിന്റെയും ദ്രോഹം സഹിച്ച് നരകയാതന
അനുഭവിക്കുകയായിരുന്നു എന്നു മനസ്സിലാക്കിയ അബ്ദുറഹ്മാന്‍ കലാപത്തില്‍
പങ്കെടുക്കാത്ത വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാന്‍
നടപടികളെടുക്കണമെന്ന് അഭ്യര്‍ഥിച്ച് മലബാര്‍ കളക്ടര്‍ക്കെഴുതി. അതിന്
മറുപടിയൊന്നും ലഭിക്കാതിരുന്നപ്പോള്‍ വീണ്ടുമൊരു കത്തെഴുതി. അതും
അധികാരികള്‍ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോഴാണ് പട്ടാള നിയമം നിലനിന്ന
ഏറനാട്, വള്ളുവനാട്, പൊന്നാനി പ്രദേശങ്ങളിലെ സ്ത്രീകളുടെയും
കുട്ടികളുടെയും മറ്റും ദുരിതാവസ്ഥ വിവരിച്ചുകൊണ്ട് സാഹിബ് മദിരാശിയിലെ
'ദി ഹിന്ദു'വിനും 'ബോംബെ ക്രോണിക്കിളി'നും കത്തയച്ചത്. ആ പത്രങ്ങള്‍
പ്രസിദ്ധപ്പെടുത്തിയ കത്തുകണ്ട് ആശ്വാസ പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കണമെന്നാവശ്യപ്പെടുന്ന പ്രക്ഷോഭ യോഗങ്ങള്‍ ഉത്തരേന്ത്യയില്‍
നടന്നു. ഇതില്‍ ക്ഷുഭിതരായ ബ്രിട്ടീഷധികാരികള്‍ പട്ടാളത്തിന്റെ
അതിക്രമങ്ങളെക്കുറിച്ച് പത്രത്തിലെഴുതിയതിന് പട്ടാള നിയമമനുസരിച്ച്
സാഹിബിനെ രണ്ടുകൊല്ലത്തെ കഠിന തടവിന് വിധിച്ചു. ഇതായിരുന്നു സാഹിബിന്റെ
ആദ്യത്തെ തടവുശിക്ഷ. ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുള്ളതുപോലെ
കലാപത്തില്‍ പങ്കെടുത്തതിനല്ല സാഹിബ് ആദ്യമായി ജയിലില്‍ പോയത്.

ജയില്‍വാസക്കാലത്തുണ്ടായ മര്‍ദനങ്ങളും അതുകഴിഞ്ഞ് തിരിച്ചെത്തിയശേഷം
കലാപത്തില്‍ അനാഥരായവര്‍ക്കുവേണ്ടി അനാഥമന്ദിരമുണ്ടാക്കിയതും
ഉപ്പുസത്യാഗ്രഹത്തില്‍ 'കൊമ്പനാന'യുടെ വീര്യത്തോടെ പങ്കെടുത്തതും
സ്വന്തമായൊരു പത്രം (അല്‍-അമീന്‍) നടത്താന്‍ കണക്കിലേറെ വിഷമിച്ചതും
കടക്കെണിയില്‍പ്പെട്ട് കഷ്ടപ്പെടുന്നതും എല്ലാം 'വീരപുത്ര'നില്‍
വികാരതീവ്രമായി ചിത്രീകരിച്ചിട്ടുണ്ട്.

ശരിക്കും ഹൃദയത്തെ സ്​പര്‍ശിക്കുന്നതാണ് 'വീരപുത്രന്‍'. സാഹിബിന്റെ
വിവാഹവും അതുമായി ബന്ധപ്പെട്ട സന്തോഷവും സഹധര്‍മിണി അകാലത്ത്
പൊലിഞ്ഞപ്പോഴുണ്ടായ കഠിന ദുഃഖവും അതിനുശേഷം പുനര്‍വിവാഹ
നിര്‍ദേശങ്ങള്‍ക്ക് വഴങ്ങാതെ താന്‍ വളര്‍ത്തുന്ന മാന്‍, മുയല്‍ തുടങ്ങിയ
ജന്തുക്കളെയും ചില അനാഥരെയും സ്‌നേഹിച്ചും സഹായിച്ചും
കഴിയുന്നതും-സാഹിബിന്റെ സ്‌നേഹവും വീര്യവും വേദനകളും -തന്മയത്വത്തോടെ
'വീരപുത്ര'നില്‍ അവതരിക്കുന്നു.

പടത്തിന്റെ അവസാനഭാഗം ഇന്നും പ്രസക്തിയുള്ള ചില സംഘര്‍ഷങ്ങളെ
ചിത്രീകരിക്കുന്നതാണ്. 1937-ല്‍ കേരളത്തിലും നിലവില്‍ വന്ന അഖിലേന്ത്യാ
മുസ്‌ലിംലീഗിന്റെ ചില ബ്രിട്ടീഷനുകൂല നിലപാടുകളെയും പാകിസ്താന്‍
വാദത്തെയും സാഹിബ് പരസ്യമായി ശക്തിയിലെതിര്‍ത്തത്
സ്വസമുദായത്തില്‍നിന്നുതന്നെ പ്രബലരായ പല ശത്രുക്കളും
അദ്ദേഹത്തിനുണ്ടാവുന്നതിന് കാരണമായി. പക്ഷേ, സുഭാഷ്ചന്ദ്രബോസിന്റെ
അനുയായി എന്ന നിലയ്ക്ക് 1940 ജൂലായ് മൂന്നിന് സാഹിബ് അറസ്റ്റിലായതുകൊണ്ട്
തന്റെ എതിര്‍പ്പുകളെ വേണ്ടതുപോലെ പരസ്യമായി വിശദീകരിക്കാന്‍ സാഹിബിന്
അവസരം ലഭിച്ചില്ല. നീണ്ട അഞ്ചുവര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍
സ്വാതന്ത്ര്യ സമരത്തിലെ പല പ്രധാന സംഭവങ്ങളിലും -1942-ലെ 'ക്വിറ്റ്
ഇന്ത്യാ' സമരത്തിലും മറ്റും-സാഹിബിന്റെ സാന്നിധ്യമുണ്ടായില്ല. 1945
സപ്തംബര്‍ നാലിനാണ് സാഹിബ് ജയില്‍ മോചിതനായത്. ഇത്തവണയും കൊടുങ്ങല്ലൂരിലെ
തറവാട്ടില്‍ പോയി വിശ്രമിക്കാതെ സാഹിബ് തന്റെ കര്‍മകേന്ദ്രമായ
കോഴിക്കോട്ടെത്തുകയായിരുന്നു. അപ്പോഴേക്കും പാകിസ്താന്‍ വാദത്തെ
അനുകൂലിക്കുന്നവര്‍ പലരും മലബാറിലുണ്ടായിക്കഴിഞ്ഞത് സാഹിബിനെ
വിഷമിപ്പിച്ചു. അതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് അദ്ദേഹം
മുതിരുകയായിരുന്നു.

വാസ്തവത്തില്‍ ഇന്ത്യയുടെ നീണ്ട ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ
സംഭവമായിരുന്നു 1947-ലെ ഇന്ത്യാ വിഭജനം. ഇന്നും അതുണ്ടാക്കിയ ദുരിതങ്ങള്‍
ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും അനുഭവിച്ചുവരുന്നു.
ഒന്നിച്ചുനിന്നിരുന്നെങ്കില്‍ ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നവും
ശക്തവുമായ രാജ്യമാവുമായിരുന്നു. എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ച് ഭരണം
നടത്തിയ അശോകന്റെയും അക്ബറുടെയും മറ്റും കാലം ഇന്ത്യാ ചരിത്രത്തിലെ
തിളങ്ങുന്ന ഘട്ടങ്ങളായിരുന്നല്ലോ. അതുകൊണ്ട് വിഭജനം രാഷ്ട്രത്തിന് വലിയ
ദോഷമായിരിക്കുമെന്നും കേരളത്തിലെ മുസ്‌ലിങ്ങള്‍ക്ക് അതുകൊണ്ട് ഒരു
ചുക്കും നേടാനില്ലെന്നും സാഹിബ് ഉച്ചത്തിലുച്ചത്തില്‍ പറഞ്ഞത് രാഷ്ട്രീയ
വിവേകംകൊണ്ട് മാത്രമായിരുന്നു. കലാപത്തിന്റെ കാലത്തോ അതിനുശേഷമുണ്ടായ
വറുതിയുടെയും വിഷമങ്ങളുടെയും കാലത്തോ തെക്കേ മലബാറിലെ മാപ്പിളമാരെ
തിരിഞ്ഞുനോക്കിയിട്ടില്ലാത്ത വടക്കേ മലബാറിലെ സമ്പന്നരായ ചിലരുടെ പിന്തുണ
വിഭജനവാദത്തെ മലബാറില്‍ ആഘോഷമാക്കുകയായിരുന്നു. നല്ലതോതില്‍ രാഷ്ട്രീയ
വിവേകമുണ്ടായിരുന്ന സീതിസാഹിബിനെയും മുഹമ്മദ് ഇസ്മായില്‍ സാഹിബിനെയും
പോലുള്ള ചിലനേതാക്കള്‍ പിന്നീട് ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമായി
പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന് രൂപംനല്കിക്കൊണ്ട്
അതിന് പ്രായശ്ചിത്തം ചെയ്തിട്ടുണ്ട്. എങ്കിലും 1945-ല്‍
വിഭജനവാദത്തിനെതിരെ പോരാട്ടത്തിനിറങ്ങിയ അബ്ദുറഹ്മാന്‍ വളരെയേറെ
വിഷമിക്കേണ്ടിവന്നു. ശത്രുക്കളുടെ കൊലവിളികള്‍ക്കിടയില്‍ പതറാതെ നിന്ന ആ
യോദ്ധാവിന്റെ വീര്യത്തെയും വിഷമങ്ങളെയും 'വീരപുത്രന്‍' നന്നായി
അവതരിപ്പിക്കുന്നുണ്ട്. പക്ഷേ, ആ പേരാളി പെട്ടെന്ന്, അക്കാലത്ത്, ജയില്‍
മോചിതനായി മൂന്നുമാസം തികയുന്നതിനുമുമ്പ് മരിക്കുകയായിരുന്നു.
പെട്ടെന്നുണ്ടായ ആ മരണം അസ്വാഭാവികമാണെന്ന് അന്ന് പലരും കരുതിയിട്ടുണ്ട്.

സാഹിബിന്റെ ശരീരവുമായി കോഴിക്കോട്ടെ മാനാഞ്ചിറയ്ക്ക് സമീപത്തുള്ള
റോഡിലൂടെ ആയിരങ്ങളുടെ വിലാപയാത്ര നീങ്ങുന്നത് അന്ന് ഹൈസ്‌കൂള്‍
വിദ്യാര്‍ഥിയായിരുന്ന ഞാന്‍ നോക്കിനിന്നിരുന്നു. എന്റെ കൂടെയുണ്ടായിരുന്ന
ആള്‍ക്കൂട്ടത്തിലെ പലരും സാഹിബിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്
പറഞ്ഞുകൊണ്ടിരുന്നു. സംശയങ്ങള്‍ ദൂരീകരിക്കുന്ന വിധത്തില്‍
പോസ്റ്റ്‌മോര്‍ട്ടത്തിനൊന്നും അന്നത്തെ ബ്രട്ടീഷുദ്യോഗസ്ഥര്‍
തയ്യാറായില്ല. ഒരു വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചശേഷമാണ് മരണമുണ്ടായത്
എന്നതാണ് സംശയങ്ങള്‍ക്ക് കാരണമായത്. സംശയം നീക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം
നടത്തണമെന്ന് ആ വീട്ടുകാര്‍ നിഷ്‌കര്‍ഷിക്കേണ്ടതായിരുന്നു. അതും അന്ന്
നടന്നില്ല. ജീവന്‍ പോയ ശരീരത്തില്‍ ചില ഡോക്ടര്‍മാര്‍ സ്റ്റെതസ്‌കോപ്പ്
വെച്ചുനോക്കി സുഖമരണമായിരുന്നു എന്നൊക്കെ പ്രസ്താവിച്ചിരുന്നു എന്നത്
പരിഹാസ്യമായേ കാണാനാവൂ.

ഏതായാലും മരണത്തിന്റെ സാഹചര്യം 'വീരപുത്ര'നില്‍ ചിത്രീകരിച്ചത്
ഏതെങ്കിലും കുടുംബത്തെ മരണത്തിന് കാരണക്കാരാക്കുന്ന വിധത്തിലല്ല.
എന്നിട്ടും അതിനെക്കുറിച്ചുള്ള തര്‍ക്ക-വിതര്‍ക്കങ്ങളെക്കൊണ്ട് പടത്തെ
ദുഷിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്നത് കഷ്ടമാണ്. പക്ഷേ, പി.ടി.
കുഞ്ഞിമുഹമ്മദ് പറഞ്ഞതുപോലെ, ആ പടം ചില തിയേറ്ററുകളില്‍നിന്ന് മാറ്റാന്‍
ചിലര്‍ പ്രവര്‍ത്തിക്കുന്നതിനുകാരണം ഇതൊന്നുമാവില്ല. ''മുസ്‌ലിം
സമുദായത്തില്‍ പഴയ ലീഗിന്റെ മനസ്സോടെ സമൂഹത്തില്‍ ഇടപെടുന്ന ഒരു
ന്യൂനപക്ഷം ഉണ്ട്'' എന്ന് ഡി. ബാബുപോള്‍ എഴുതിയതു ശരിയാവാം എന്നു
തോന്നിപ്പോകുന്നു. ശരിയാണെങ്കില്‍ അത് ഖേദകരം മാത്രമല്ല, ഭീകരവുമാണ്.
http://www.mathrubhumi.com/article.php?id=1242225



-- 
pass this info  to your  friends.
It is easy to help others.

------------------------------------------------------------------------------------------DISCLAIMER----------------------------------------------------------------------------------------
This mail is from kudivellam help group.
................................................................................
ഈ ഗ്രൂപ്പിനെ കുറിച്ചും പോസ്റ്റ്‌ ചെയ്യുന്ന മെയിലുകളെ കുറിച്ചും ഉള്ള
നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ
കുടിവെള്ളം മെയിലുകള്‍ തുടര്‍ന്ന്‍ ലഭിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍
REMOVE FROM LIST എന്നെഴുതി ഒരു മെയില്‍ അയച്ചാല്‍ ഗ്രൂപ്പില്‍ നിന്ന്‍
ഒഴിവാക്കുന്നതാണ്

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to