നമ്മളും പിന്തുണക്കുകപോള്‍സണ്‍ പായുന്നു; ഇമ്മാനുവലിന്റെ പ്രാണനുവേണ്ടി...

ജിജോ സിറിയക്‌
കൊച്ചി: പോള്‍സണ്‍ പായുകയാണ്, പൊന്നുമോന്റെ പ്രാണന്‍ കൈയില്‍
പിടിച്ചുകൊണ്ട്....ഊണും ഉറക്കവുമെല്ലാം ഉപേക്ഷിച്ചു കൊണ്ടുള്ള ഓട്ടത്തില്‍
സ്വന്തം ജീവനെപ്പോലും ഇയാള്‍ കരുതുന്നില്ല.കൊച്ചി സഹകരണ മെഡിക്കല്‍ കോളേജില്‍
ജീവനു വേണ്ടി മല്ലിടുന്ന അഞ്ചുമാസം തികയാത്ത ഇമ്മാനുവലിന്റെ പിതാവാണ് ഈ
ഇരുപത്തിയഞ്ചുകാരന്‍. സ്വന്തമായി വീടില്ല, കൃത്യമായി ജോലിയില്ല. എങ്കിലും
മകന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഈ യുവാവ് രാപകലില്ലാതെ ഓടുകയാണ്.

മാസം തികയാതെയാണ് ഇമ്മാനുവല്‍ പിറന്നത്. ജന്മനാ രണ്ട് വൃക്കകളും
തകരാറിലായിരുന്നു. കുഞ്ഞ് ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.
എന്നാല്‍ തന്റെ കൈയില്‍ നക്ഷത്രക്കണ്ണുകളുമായി പുഞ്ചിരിച്ചു കിടന്ന ആദ്യത്തെ
കണ്‍മണിയെ മരണത്തിനു വിട്ടു കൊടുക്കാന്‍ പോള്‍സണ്‍ തയ്യാറായില്ല.

'എന്റെ മോനെ രക്ഷിക്കാന്‍ യാതൊരു വഴിയുമില്ലേ...?' പോള്‍സന്റെ ചോദ്യത്തിനുള്ള
മറുപടി ഏറെ ചെലവേറിയതായിരുന്നു.
കുഞ്ഞിന്റെ വൃക്ക മാറ്റിവെക്കണം. അതിപ്പോള്‍ സാധിക്കില്ല. കുഞ്ഞ് വളരണം.
ആരോഗ്യം വെക്കണം. അതുവരെ ജീവന്‍ നിലനിര്‍ത്താന്‍ ലക്ഷങ്ങള്‍ വേണം. അതിനു
നിങ്ങള്‍ക്കു പറ്റുമോ?

''എന്നേക്കൊണ്ട് പറ്റുന്നത്രയും ഞാന്‍ നോക്കും...പിന്നെ ദൈവം നോക്കും....''
ഇതായിരുന്നു പോള്‍സന്റെ മറുപടി. അന്നു തുടങ്ങിയ ഓട്ടത്തിന്റെ ഫലമായി ആ
കുഞ്ഞുജീവന്‍ നാലു മാസം പിന്നിട്ടു. കൈയിലുള്ളതെല്ലാം വിറ്റു. സുമനസ്സുകള്‍
സഹായിച്ചു. സര്‍ക്കാരിന്റെ കാരുണ്യനിധിയും തുണയായി.

കിഡ്‌നിയുടെ പ്രവര്‍ത്തനം ശരിയല്ലാത്തതിനാല്‍ ശരീരം നീരുവെക്കും. വയറ്റില്‍
വെള്ളം നിറയും. പ്രോട്ടീന്‍ മൂത്രത്തിലൂടെ പോകും. ജീവന്‍ നിലനിര്‍ത്താന്‍
ഹ്യൂമന്‍ ആല്‍ബുമിന്‍ ദിവസവും കുത്തിവെക്കണം. ഇതിനുമാത്രം അയ്യായിരത്തിലധികം
രൂപയാകും. ഇതോടൊപ്പം രക്തവും പ്ലാസ്മയും കയറ്റേണ്ടി വരും. മറ്റു മരുന്നുകളും
കൂടിയാകുമ്പോള്‍ ഇമ്മാനുവലിന്റെ ജീവന് ദിവസം പതിനയ്യായിരം രൂപയോളം ചെലവു വരും.

ആലുവ കമ്പനിപ്പടി കണ്ണമ്പുഴ വീട്ടില്‍ മൈക്കിളിന്റെ മകനാണ് പോള്‍സണ്‍.
വാടകയ്ക്കാണ് താമസം. മൈക്കിളിന് കടകളുടെ ഷട്ടറുകള്‍ വെല്‍ഡ് ചെയ്യുന്ന
ജോലിയാണ്. പോള്‍സണ്‍ സഹായി ആയി പോകും. ഡിഗ്രി പാസ്സായപ്പോള്‍ പോള്‍സണ്‍
കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിനി ജിന്‍സിയെ (19) പ്രണയിച്ച് വിവാഹം
കഴിച്ചതാണ്. ഇഷ്ടപ്പെട്ട പെണ്ണിനെ ധൈര്യപൂര്‍വം വിളിച്ചിറക്കി രജിസ്റ്റര്‍
വിവാഹം കഴിച്ചപ്പോള്‍ ബന്ധുക്കള്‍ പലരും അകന്നു. അധ്വാനിച്ച് കുടുംബം
പുലര്‍ത്താനിറങ്ങിയ പോള്‍സണ്‍ വെല്‍ഡിങ്ങിനൊപ്പം ഏതു ജോലിക്കും
തയ്യാറായിരുന്നു.

2013 ഫിബ്രവരി ഒന്നിന് ഒന്നാം വിവാഹ വാര്‍ഷികദിനത്തില്‍ സന്തോഷം നിറച്ചാണ്
ഇമ്മാനുവല്‍ പിറന്നത്. ആലുവ സര്‍ക്കാര്‍ ആസ്പത്രിയില്‍ മാസം തികയാതെ പിറന്ന
കുഞ്ഞിനെ രണ്ടാഴ്ച കഴിഞ്ഞാണ് കൈയില്‍ കിട്ടിയത്. ശരീരത്തില്‍ നീരു കണ്ടതിനെ
തുടര്‍ന്നുള്ള പരിശോധനയിലാണ് വൃക്കകള്‍ തകരാറിലാണെന്ന് കണ്ടെത്തിയത്.

സഹകരണ മെഡിക്കല്‍ കോളേജിലും അമൃത ആസ്പത്രിയിലും സണ്‍റൈസ് ആസ്പത്രിയിലുമായി
പരിശോധനകളും ചികിത്സയും നടത്തി. വിദഗ്ദ്ധ പരിശോധനയ്ക്ക് വെല്ലൂര്‍
ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വരെ കൊണ്ടുപോയി.

കുഞ്ഞുശരീരത്തില്‍ കുത്തിവെക്കാന്‍ ഞരമ്പ് കിട്ടുക ബുദ്ധിമുട്ടാണ്. ശരീരം
മുഴുവന്‍ കുത്തിയതിന്റെ പാടുകളാണ്. വേദന കൊണ്ട് ഇമ്മാനുവല്‍ നിര്‍ത്താതെ
കരയും. വേദനയില്ലാതെ കുത്തിവെക്കാന്‍ ഒരു ജെല്‍ പുരട്ടിയാല്‍ മതി. അത്
വിദേശത്തേ കിട്ടൂ. പോള്‍സണ്‍ പലരേയും സമീപിച്ചു. ഒടുവില്‍ ഇംഗ്ലണ്ടില്‍ നിന്ന്
അത് വരുത്തിച്ചു.

സഹ. മെഡിക്കല്‍ കോളേജിലെ ശിശുവിദഗ്ദ്ധന്‍ പീറ്റര്‍ വാഴയിലിനാണ് ചികിത്സാ
ചുമതല. സണ്‍റൈസിലെ പീഡിയാട്രിക് നെഫ്രോളജിസ്റ്റ് ലേഖ ഋഷികേശിന്റെ
നിര്‍ദേശപ്രകാരമാണ് ചികിത്സകള്‍ നടത്തുന്നത്.

കുഞ്ഞു പിറന്ന ശേഷം രണ്ടാഴ്ച പോലും വീട്ടില്‍ കഴിഞ്ഞിട്ടില്ല. ജോലിക്ക് പോകാനോ
ഭാര്യക്ക് പ്രസവശുശ്രൂഷ നല്‍കാനോ ആയിട്ടില്ല. ഓടി നടന്ന് പണം സ്വരൂപിക്കണം.
ഒപ്പം മരുന്നുകളും...ഇത് എത്രനാള്‍ തുടരും? പോള്‍സണ് നിശ്ചയമില്ല. രണ്ട് കിലോ
മാത്രമുള്ള കുഞ്ഞിന് 10 കിലോ എങ്കിലുമായാല്‍ കിഡ്‌നി മാറ്റിവെക്കുന്ന കാര്യം
ചിന്തിക്കാം. തന്റെയോ ഭാര്യയുടെയോ കിഡ്‌നി ചേരുമെന്നാണ് പ്രതീക്ഷ.

ആസ്പത്രിയില്‍ അമ്മ ഗേള്‍ഗയും അച്ഛന്റെ അമ്മ മറിയാമ്മയുമാണ് സഹായിക്കുന്നത്.
അടുത്തയിടെ കാന്‍സര്‍ വന്ന് ഗര്‍ഭപാത്രം നീക്കിയ മറിയാമ്മയ്ക്കും തുടര്‍
ചികിത്സയുണ്ട്.

എല്ലാ ദുരിതങ്ങള്‍ക്ക് നടുവിലും പോള്‍സണ് പ്രതീക്ഷ നല്‍കുന്നത് ഇമ്മാനുവലിന്റെ
പുഞ്ചിരിയാണ്. ആരുമില്ലാത്തവര്‍ക്ക് ദൈവം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ഈ
യുവാവ്. സഹായങ്ങള്‍ അക്കൗണ്ട് നമ്പര്‍ 67221913740, എസ്.ബി.ടി. തായിക്കാട്ടുകര
ബ്രാഞ്ച് ആലുവ-683106. ഐ.എഫ്.എസ്.സി. കോഡ് എസ്ബിടിആര്‍0000368 എന്ന
വിലാസത്തില്‍ അയക്കാം. പോള്‍സന്റെ ഫോണ്‍: 9846634739.



-- 

-----------------------------------------------------------------------------------------------------
*S*avad *R*ahman,
Media Fellow, National Foundation for India (NFI)
Media Fellow, Center for Science&Environment (CSE)
Sr.Subeditor, Madhyamam Daily, Perinthalmanna, Kerala
Cell: 9995431420
http://www.facebook.com/savad.rahman
-----------------------------------------------------------------------------------------------------

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To unsubscribe from this group and stop receiving emails from it, send an email 
to [email protected].
To post to this group, send an email to [email protected].
Visit this group at http://groups.google.com/group/greenyouth.
For more options, visit https://groups.google.com/groups/opt_out.


Reply via email to