മുജാഹിദ് ഐക്യം: പ്രതീക്ഷകള്‍ പൂവണിയട്ടെ
Published on Sun, 06/16/2013 - 09:04 ( 1 day 1 hour ago)
ശൈഖ് മുഹമ്മദ് കാരകുന്ന്
കേരള മുസ്ലിം മുന്നേറ്റത്തില്‍ ചെറുതല്ലാത്ത പങ്കു വഹിക്കാന്‍ നദ്വത്തുല്‍
മുജാഹിദീന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അത്യന്തം അപകടകരമായ
അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും സമുദായത്തിലെ ഗണ്യമായ ഒരു
വിഭാഗത്തെ മോചിപ്പിക്കാന്‍ അതിന് കഴിഞ്ഞു. മുസ്ലിംകളുടെ വിദ്യാഭ്യാസ
വളര്‍ച്ചയിലും സാമൂഹിക പുരോഗതിയിലും നിര്‍ണായകമായ പങ്കു വഹിച്ചു. ഭൗതിക
വിദ്യാഭ്യാസത്തോട് മുഖംതിരിച്ചു നിന്നിരുന്ന മുസ്ലിം സമൂഹത്തിന്‍െറ മനോഗതം
മാറ്റുന്നതിലും സ്ത്രീകള്‍ അക്ഷരം പഠിക്കുന്നതില്‍ നിലനിന്നിരുന്ന വിലക്കുകള്‍
നീക്കുന്നതിലും മുജാഹിദ് സംഘടന കാര്യമായ സ്വാധീനം ചെലുത്തി. അശാസ്ത്രീയമായ
പാഠ്യരീതികള്‍ പിന്തുടര്‍ന്നിരുന്ന ഓത്തുപള്ളികള്‍ക്കും പള്ളിദര്‍സുകള്‍ക്കും
പകരം മദ്റസകളും അറബിക് കോളജുകളും സ്ഥാപിക്കുന്നതിലും
വളര്‍ത്തിക്കൊണ്ടുവരുന്നതിലും അത് വലിയ പങ്കു വഹിച്ചു. ഇങ്ങനെ കേരള
മുസ്ലിംകളുടെ ബഹുമുഖമായ വളര്‍ച്ചയില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍
അതിന് സാധിച്ചു.
എന്നാല്‍, ഈ നേട്ടങ്ങളുടെ ശോഭ കെടുത്തുന്നതായിരുന്നു ആ സംഘടനയിലുണ്ടായ
നിര്‍ഭാഗ്യകരമായ പിളര്‍പ്പ്. 1997ല്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറയില്‍ നടന്ന
കേരള നദ്വത്തുല്‍ മുജാഹിദീന്‍െറ അഞ്ചാം സംസ്ഥാന സമ്മേളനത്തോടെയാണ് സംഘടനയില്‍
അപസ്വരങ്ങളുയരാനും ഭിന്നതകളുടെ അടയാളങ്ങള്‍ പ്രകടമാകാനും തുടങ്ങിയത്. അഞ്ചു
കൊല്ലം കഴിഞ്ഞ് 2002 ആഗസ്റ്റ് 27നാണ് പിളര്‍പ്പ് പൂര്‍ണമായത്. ഇത് ആറാം
സംസ്ഥാന സമ്മേളനത്തിന്‍െറ തൊട്ടുമുമ്പായിരുന്നതിനാല്‍ അതേ വര്‍ഷംതന്നെ ഒരു
വിഭാഗം എറണാകുളത്തും മറുപക്ഷം കോഴിക്കോട്ടും സംസ്ഥാന സമ്മേളനങ്ങള്‍ നടത്തി.
മുജാഹിദ് സംഘടനയിലെ പിളര്‍പ്പിന്‍െറ കാരണം കണ്ടത്തൊനും
ഇരുവിഭാഗത്തിനുമിടയിലുള്ള വ്യത്യാസം മനസ്സിലാക്കാനും മുജാഹിദുകള്‍ക്കുപോലും
സാധിക്കുമെന്ന് തോന്നുന്നില്ല. മുജാഹിദുകളല്ലാത്തവര്‍ക്കത്
അസാധ്യമാണെന്നുതന്നെ പറയാം. എന്നിട്ടും ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ കൊടിയ
ശത്രുതയും മത്സരവും വളര്‍ന്നുവന്നു. മുജാഹിദ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന
മിക്ക പ്രദേശങ്ങളിലും പള്ളികളുടെയും മദ്റസകളുടെയും പേരില്‍ തര്‍ക്കവും കേസും
ഉടലെടുത്തു. പിളര്‍പ്പ് മതസ്ഥാപനങ്ങളില്‍ മാത്രമല്ല, വീട്ടകങ്ങളിലും
കുടുംബങ്ങളിലും വരെ സംഘര്‍ഷങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും കാരണമായി.
തര്‍ക്കങ്ങള്‍ പലതും പൊലീസ് സ്റ്റേഷനുകളിലും കോടതികളിലുമത്തെി. നേരത്തേ
ജമാഅത്തെ ഇസ്ലാമിക്കാര്‍ക്കും സുന്നികള്‍ക്കുമെതിരെ
ഉപയോഗിച്ചിരുന്നതിനെക്കാള്‍ ക്രൂരമായ പദപ്രയോഗങ്ങളും കുത്തുവാക്കുകളും
പരിഹാസങ്ങളും പരസ്പരം പ്രയോഗിച്ചു. ചില സ്ഥലങ്ങളിലെങ്കിലും
ശാരീരികാക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടന്നു.
ഇതിനിടെ സംഘടനതന്നെ വേണ്ട എന്ന് വാദിക്കുന്ന ഒരു മൂന്നാം സംഘടന
മുജാഹിദുകള്‍ക്കിടയില്‍ രൂപംകൊണ്ടു. അടുത്തകാലത്ത് ജിന്നുവിഭാഗത്തിന്‍െറ
പേരില്‍ ഒരു നാലാം ഗ്രൂപ്പും രംഗത്തുവന്നിരിക്കുന്നു. ഇതൊക്കെയും
മുജാഹിദുകളുടെ പ്രബുദ്ധതയെയും സംസ്കാരത്തെയും സംബന്ധിച്ച മതിപ്പിന്
ഭീകരമാംവിധം കോട്ടംതട്ടിച്ചിരിക്കുന്നു. അതോടൊപ്പംതന്നെ ഇത്തരം
പിളര്‍പ്പുകളും ഭിന്നതകളും വമ്പിച്ച സമയനഷ്ടവും സാമ്പത്തിക നഷ്ടവും അധ്വാന
നഷ്ടവുമാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. രചനാത്മകമായി
ഉപയോഗിക്കപ്പെടുന്നതിനു പകരം അവ വിനിയോഗിക്കപ്പെടുന്നത് പരസ്പരം
വിമര്‍ശത്തിനും നശീകരണത്തിനുമാണല്ളോ. അതോടൊപ്പം ഇത് മതസംഘടനകളെയും
മതനേതാക്കളെയും സംബന്ധിച്ച മതിപ്പും ആദരവും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയും
ചെയ്യുന്നു. മതസംഘടനകള്‍ക്കിടയിലെ പിളര്‍പ്പും തുടര്‍ന്നുള്ള ആരോപണ
പ്രത്യാരോപണങ്ങളും കണ്ടും കേട്ടും മടുപ്പും വെറുപ്പുംതോന്നി
ഇസ്ലാമിനോടുതന്നെ അറപ്പു തോന്നുന്നവരും ഉണ്ടായിക്കൂടെന്നില്ല.
ഈ സാഹചര്യത്തില്‍ മുജാഹിദുകളിലെ പ്രബലമായ ഒരു വിഭാഗത്തിന്‍െറ ഏറ്റവും
സമുന്നതനായ നേതാവ് ഡോ. ഹുസൈന്‍ മടവൂര്‍ തുറന്ന മനസ്സോടെ മുജാഹിദ് ഐക്യത്തിനു
വേണ്ടി നടത്തിയ അഭ്യര്‍ഥന (ചന്ദ്രിക 2013 ജൂണ്‍ 14, വര്‍ത്തമാനം 2013 ജൂണ്‍
15) ശ്രദ്ധേയവും ഗൗരവപൂര്‍വം പരിഗണിക്കപ്പെടേണ്ടതുമാണ്. അദ്ദേഹത്തിന്‍െറ
ശുഭപ്രതീക്ഷ പൂവണിയണമെന്നാണ് സുമനസ്സുകളൊക്കെയും ആഗ്രഹിക്കുക.
മുസ്ലിംകള്‍ ഐക്യപ്പെടുന്നത് അവര്‍ക്കു മാത്രമല്ല, പൊതുസമൂഹത്തിനും
രാജ്യത്തിനും ഗുണകരവും ഫലപ്രദവുമായിരിക്കും. മൗലിക വിഷയങ്ങളില്‍
ഭിന്നവീക്ഷണങ്ങളുള്ള സംഘടനകള്‍ക്ക് ലയിച്ച് ഒന്നാകാന്‍ സാധിച്ചെന്നു വരില്ല.
അവക്കു വിനാശകരമായ പരസ്പര പോരിനും അനാരോഗ്യകരമായ കിടമത്സരങ്ങള്‍ക്കും
അറുതിവരുത്തി പൊതുവായി യോജിക്കാവുന്ന കാര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കാന്‍
സാധിക്കും. വിവിധ മത സംഘടനകള്‍ക്കിടയില്‍ പരസ്പര ബന്ധത്തിലും വിമര്‍ശങ്ങളിലും
സ്വീകാര്യമായ പെരുമാറ്റച്ചട്ടങ്ങളോ ആരോഗ്യകരമായ സമീപനങ്ങളോ
രൂപപ്പെട്ടുവരുകയോ അംഗീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. അങ്ങനെ
സംഭവിച്ചിരുന്നുവെങ്കില്‍ കേരളത്തിലെ മുസ്ലിം മതാന്തരീക്ഷം കൂടുതല്‍
മെച്ചപ്പെട്ടതും മേന്മ നിറഞ്ഞതുമാകുമായിരുന്നു.
മുജാഹിദ് സംഘടനകള്‍ക്കിടയില്‍ പരസ്പരം യോജിച്ച് ഒന്നാകാന്‍ സാധ്യമല്ലാത്ത
വിധം രൂക്ഷമായ ഭിന്നതകളൊന്നും മൗലിക വിഷയങ്ങളില്‍ ഇല്ളെന്നാണ് പുറത്തുനിന്ന്
പഠിക്കാന്‍ ശ്രമിച്ചപ്പോള്‍ ബോധ്യമായത്. പിളര്‍പ്പിന്‍െറ ഫലമായി ഇരുവിഭാഗവും
അകലുകയും അനിഷ്ടകരമായ സമീപനങ്ങള്‍ സ്വീകരിക്കുകയും രൂക്ഷമായ വിമര്‍ശങ്ങള്‍
നടത്തുകയും ചെയ്തിട്ടുണ്ടാകും. ദൈവിക പ്രീതിയും പരലോക നേട്ടവും കേരള
മുസ്ലിംകളുടെ പുരോഗതിയും ഇസ്ലാമിന്‍െറ നന്മയും ആഗ്രഹിച്ച് ക്ഷമിക്കാവുന്നവയും
മറക്കാവുന്നവയും പൊറുക്കാവുന്നവയുമല്ലാത്ത ഒന്നുമില്ലല്ളോ.
പിളര്‍ന്നു പോയ സമസ്ത വിഭാഗങ്ങളുടെ യോജിപ്പും മുജാഹിദ് സംഘടനകളുടെ ലയനവും
ഇസ്ലാമിനും മുസ്ലിംകള്‍ക്കും നാടിനും നാട്ടുകാര്‍ക്കും ഗുണവും നന്മയുമല്ലാതെ
ഒരു ദോഷവും വരുത്തിവെക്കുകയില്ല. മുജാഹിദ് ഐക്യവും ലയനവും സമുദായത്തിലെ
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ സമരം ശക്തിപ്പെടാനും പരസ്പര
മത്സരത്തില്‍ പാഴാകുന്ന അധ്വാന പരിശ്രമങ്ങള്‍ സമുദായ പുരോഗതിക്കായി
വിനിയോഗിക്കാനും സാധിക്കും. കേരള മുസ്ലിംകളുടെ ഹൃദയാഭിലാഷം അതാണെന്നും
ഐക്യസമൂഹത്തിന്‍െറ താല്‍പര്യംപോലും അതിലാണെന്നും തിരിച്ചറിഞ്ഞ്
ഇരുവിഭാഗത്തിലെ നേതാക്കന്മാരും പണ്ഡിതന്മാരും സമയമൊട്ടും പാഴാക്കാതെ
ഐക്യത്തിനായി രംഗത്തുവരേണ്ടിയിരിക്കുന്നു. സമുദായത്തിലെ നേതാക്കന്മാരും
ഗുണകാംക്ഷികളും അതിനു മുന്‍കൈ എടുത്താല്‍ വിജയിക്കുമെന്ന പ്രതീക്ഷ വലിയ
തോതില്‍ വളര്‍ത്തുന്നു ഹുസൈന്‍ മടവൂരിന്‍െറ ലേഖനം. അത് സുമനസ്സുകളുടെ
സ്വപ്നസാക്ഷാത്കാരം കൂടിയായിരിക്കും.
http://www.madhyamam.com/news/230428/130616

-- 
-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]
--- 
You received this message because you are subscribed to the Google Groups 
"IndianIslahi" group.
To unsubscribe from this group and stop receiving emails from it, send an email 
to [email protected].
For more options, visit https://groups.google.com/groups/opt_out.


Reply via email to