പുതിയ മന്ത്രിയുടെ തീര്‍പ്പ് കാത്ത് ജില്ലയുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍


Published on Wed, 05/25/2011 - 08:50 ( 5 hours 4 min ago) 

(+) <http://www.madhyamam.com/news/81408/110525> (-) 
<http://www.madhyamam.com/news/81408/110525>  Font Size

   ShareThis 

മലപ്പുറം: വീണ്ടും മലപ്പുറത്തുകാരനായ വിദ്യാഭ്യാസ മന്ത്രി സെക്രട്ടേറിയറ്റിന്റെ 
പടികയറുമ്പോള്‍  ജില്ലയുടെ കൂമ്പടഞ്ഞു നില്‍ക്കുന്ന വിദ്യാഭ്യാസ 
സ്വപ്‌നങ്ങള്‍ക്കുമുന്നില്‍  പ്രതീക്ഷയുടെ വാതില്‍ തുറക്കുകയാണ്. പ്രാഥമിക തലം 
മുതല്‍ ഉന്നതതലം വരെ നീണ്ടുനില്‍ക്കുന്നതാണ് ജില്ലയുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍.
ജില്ലയിലെ ഒട്ടേറെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇപ്പോഴും വാടകക്കെട്ടിടത്തില്‍ തന്നെ. 
ചോര്‍ന്നൊലിക്കുന്ന, ദ്രവിച്ച മേല്‍ക്കൂരകള്‍ക്ക് കീഴില്‍ ജീവന്‍ 
പണയപ്പെടുത്തിയാണ് കുരുന്നുകള്‍ പഠിക്കുന്നത്.
ഹൈകോടതി നിര്‍ദേശിച്ചിട്ടും പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്ത 
വിദ്യാലയങ്ങളുടെ എണ്ണത്തിലും ജില്ല പിറകിലല്ല. വിദ്യാര്‍ഥികളുടെ എണ്ണത്തിന് 
ആനുപാതികമായി കക്കൂസും മൂത്രപ്പുരയും ശൗച്യാലയവും ഇല്ലാത്ത സ്‌കൂളുകളില്‍ ഇവ 
ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ അടിയന്തിര ശ്രദ്ധ 
പതിയണം. ജില്ലയില്‍ ഒട്ടേറെ പ്രൈമറി സ്‌കൂളുകള്‍ ഹൈസ്‌കൂളുകളായി  ഉയര്‍ത്തുന്നത് 
കാത്ത്‌നില്‍ക്കുകയാണ്. പല സ്‌കൂളുകളുടെ കാര്യത്തിലും മുന്‍സര്‍ക്കാറിന്റെ കാലത്ത് 
 നടപടി പ്രഖ്യാപനത്തിലൊതുങ്ങിയതാണ്. തുടര്‍ പഠനാവസരം തേടി കിലോ മീറ്ററുകള്‍ 
താണ്ടുന്ന കുരുന്നുകളുടെ ചിത്രം ജില്ലയുടെ വിദ്യാഭ്യാസ ഭൂപടത്തില്‍ നിന്ന് 
മായ്ച്ചുകളയാന്‍ സ്‌കൂളുകളുടെ അപ്‌ഗ്രേഡിങ് നടപടികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ 
ഒരുക്കി പൂര്‍ത്തിയാക്കണം.
വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മാറ്റാന്‍ ജില്ലാ പഞ്ചായത്ത് മുന്നിട്ടിറങ്ങി നടത്തിയ 
വിജയഭേരി പദ്ധതിക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കണം. മുന്‍ സര്‍ക്കാര്‍ 
പിന്‍വലിച്ച വിജയഭേരി കോ ഓര്‍ഡിനേറ്റര്‍മാരെ വീണ്ടും നിയമിക്കേണ്ടതുണ്ട്.
പാഠപുസ്തകങ്ങളുടെ ലഭ്യതയില്‍ പിറകില്‍ നില്‍ക്കുന്ന ജില്ലയാണ് മലപ്പുറം. പരീക്ഷ 
അടുക്കുമ്പോഴും പാഠപുസ്തകമില്ലാത്ത പഠനം ഇനി പത്രവാര്‍ത്തകളായി നിറയുന്നത് തടയാന്‍ 
മലപ്പുറത്തുകാരനായ മന്ത്രിക്കാവണം.  എസ്.എസ്.എല്‍.സി വിജയിച്ചിട്ടും ഉപരിപഠനാവസരം 
ഇല്ലാതിരുന്ന ജില്ലയിലെ ആയിരങ്ങള്‍ക്ക് ആഹ്ലാദം പകര്‍ന്ന തീരുമാനമായിരുന്നു 
മലബാര്‍ മേഖലയില്‍ കൂടുതല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും ബാച്ചുകളും 
അനുവദിച്ചുകൊണ്ടുള്ള മുന്‍സര്‍ക്കാറിന്റെ തീരുമാനം.
എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്താതെയുള്ള തീരുമാനം വഴി പ്രതീക്ഷിച്ച 
ഗുണം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചില്ല.
തസ്തികകള്‍ സൃഷ്ടിക്കാതെയായിരുന്നു പുതിയ ഹയര്‍സെക്കന്‍ഡറികളും ബാച്ചുകളും 
അനുവദിച്ചത്. ഗെസ്റ്റ് അധ്യാപകരെ വെച്ച് അധ്യയനം നടത്തേണ്ട ഗതികേടിലാണ് 
സ്‌കൂളുകള്‍.
ലബോറട്ടറി,ലൈബ്രറി സൗകര്യങ്ങളുടെ അപര്യാപ്തതയും പുതിയ സ്‌കൂളുകള്‍ നേരിടുന്ന 
പ്രശ്‌നങ്ങളാണ്. പുതുതായി അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് ആവശ്യമായ 
അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കല്‍ പുതിയ മന്ത്രി തീര്‍പ്പാക്കേണ്ട 
ആദ്യഫയലുകളിലൊന്നായി മാറേണ്ടതുണ്ട്.
കാലിക്കറ്റ് സര്‍വകലാശാല സ്ഥിതി ചെയ്യുന്ന ജില്ലയെന്ന നിലയില്‍ മലപ്പുറത്ത് 
തന്നെയാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങള്‍ 
കൂടുതലുള്ളത്. സര്‍വകലാശാലയുടെ അകവും പുറവും നന്നായി അറിയുന്ന സിന്‍ഡിക്കേറ്റംഗം 
എന്ന നിലയില്‍ ഇവിടുത്തെ പ്രശ്‌നങ്ങള്‍ അബ്ദുറബ്ബിന്റെ ശ്രദ്ധയിലുണ്ടാകും.
 വൈസ്ചാന്‍സലറുടെയും പ്രോ വൈസ്ചാന്‍സലറുടെയും രജിസ്ട്രാറുടെയും തസ്തികകള്‍ 
ഒഴിഞ്ഞുകിടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല ഇന്ന് നാഥനില്ലാ കളരിയാണ്. രാഷ്ട്രീയ 
താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ അക്കാദമിക താല്‍പര്യങ്ങള്‍ ബലി കഴിക്കാന്‍ 
തയാറല്ലാത്ത വൈസ്ചാന്‍സലറെ നിയമിക്കാന്‍ തയാറുണ്ടോ എന്നതാണ് അബ്ദുറബ്ബിന് 
മുന്നില്‍ ഉയരുന്ന വെല്ലുവിളി. രാഷ്ട്രീയ കുടിപ്പകയില്‍ നിന്ന് സര്‍വകാലാശാലയുടെ 
ഭരണ-ഗവേഷണ മേഖലകളെ മോചിപ്പിക്കാനുള്ള ക്രിയാത്മക നടപടികള്‍ വേണം. ഉദ്യോഗസ്ഥ 
സംഘടനകളുടെ കൈകളില്‍ നിന്ന് സര്‍വകലാശാലയെ മോചിപ്പിച്ച്‌വിദ്യാര്‍ഥികള്‍ക്കും 
ഗവേഷകര്‍ക്കും നല്‍കാന്‍ പുതിയ മന്ത്രിക്കാകുമോ എന്നതാണ് അക്കാദമിക സമൂഹം 
ഗൗരവത്തോടെ നോക്കുന്നത്.
പെരിന്തല്‍മണ്ണയില്‍ ആരംഭിച്ച അലീഗഢ് സര്‍വകലാശാല ഓഫ് കാമ്പസ് സെന്ററിന്റെ 
പൂര്‍ത്തീകരണം ജില്ലയുടെ അടിയന്തിരാവശ്യമാണ്.
സര്‍വകാലാശയുമായി ബന്ധപ്പെട്ട് കാമ്പസിലെ നിര്‍മാണ പ്രവൃത്തികള്‍ 
പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കേണ്ടതുണ്ട്. ജില്ലയിലെ വിവിധ 
എയ്ഡഡ്, ഗവ.കോളജുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ സ്വാശ്രയ കോഴ്‌സുകള്‍ക്ക് 
സ്ഥിരാംഗീകാരം നല്‍കി അധ്യാപക നിയമനത്തിന്  നടപടികള്‍ സ്വീകരിക്കണം.
പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക്ക് കോളജ് എഞ്ചിനീയറിങ് കോളജ് ആയി ഉയര്‍ത്തണമെന്ന 
നിര്‍ദേശം പരിഗണിക്കണം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗമായി 
ജില്ലയിലേക്ക് അനുവദിച്ചതും സ്ഥലം ലഭിക്കാത്തതിന്റെ പേരില്‍ നഷ്ടപ്പെട്ടതുമായ 
ന്യൂനപക്ഷ ഐ.ടി.ഐകള്‍ തിരികെ കൊണ്ടുവരാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം. 
ജില്ലയില്‍ കൂടുതല്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കായി ശ്രമം വേണം.

 

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to