റിയാദ്: 'നിതാഖാത'് പരിഷ്‌കരണത്തിന്റെ ഭാഗമായി മൊത്തം തൊഴില്‍ മേഖലയിലെ 20 ശതമാനം സ്ഥാപനങ്ങളാണ് ചുവപ്പ് വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് പ്രാഥമിക പഠനം വ്യക്തമാക്കുന്നതെന്ന് സൗദി തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ ആദില്‍ ഫഖീഹ വെളിപ്പെടുത്തി. 50 ശതമാനം സ്ഥാപനങ്ങളും ചുകപ്പില്‍ കുടുങ്ങിയിട്ടുണ്ടെന്നും അവ കാലാവധി കഴിയുന്നതോടെ അടച്ചുപൂട്ടേണ്ടിവരുമെന്നുമുള്ള പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും തൊഴില്‍ മന്ത്രി വ്യക്തമാക്കി.
സ്വദേശി വനിതകള്‍ക്ക് തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക നിയമാവലി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് മാത്രമായുള്ള വസ്ത്രാലയങ്ങളിലും സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുന്ന മൊത്ത-ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും സ്ത്രീകളെ നിയമിക്കണമെന്നാണ് നിയമാവലിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് പ്രാബല്യത്തില്‍ വരുത്തുന്നതിന് വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ആറ് മുതല്‍ ഒമ്പത് മാസം വരെ കാലയളവാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഈ കാലയളവ് അവസാനിക്കുന്നതോടെ നിയമാവലിയില്‍ വ്യക്തമാക്കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വ്യാപാരസ്ഥാപനങ്ങളോട് മന്ത്രി ആവശ്യപ്പെട്ടു. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് ലൈസന്‍സ് നല്‍കുന്നതല്ല. നിലവിലുള്ളവയുടെ ലൈസന്‍സ് പുതുക്കി നല്‍കുകയോ അത്തരം സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകള്‍ അനുവദിക്കുകയോ ചെയ്യില്ലെന്നും അര്‍ഥശങ്കക്കിടമില്ലാത്ത വിധം മന്ത്രി വ്യക്തമാക്കി. വര്‍ഷംതോറും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് അനവധി പെണ്‍കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നുണ്ട്. അവര്‍ക്ക് മുന്നില്‍ തൊഴില്‍ മേഖലകള്‍ തുറക്കപ്പെടേണ്ടതുണ്ട്. ഏതെല്ലാം മേഖലകളില്‍ സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കാമെന്നതിനെക്കുറിച്ച് മന്ത്രാലയം ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. പ്രഥമ കാല്‍വെപ്പെന്ന നിലക്കാണ് സ്ത്രീകളുടെ സ്വകാര്യവസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും വില്‍പന നടത്തുന്ന സ്ഥാപനങ്ങളില്‍ അവര്‍ക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചത്. ഇത്തരം സ്്ഥാപനങ്ങളില്‍ ഇപ്പോള്‍ ജോലിയെടുക്കുന്നത് വിദേശികളാണ്. ഇത് തുടരാന്‍ അനുവദിക്കില്ല. നിയമിക്കപ്പെടുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് വേതനം നിശ്ചയിക്കേണ്ടത് വ്യാപാരസ്ഥാപനങ്ങളാണ്. അതില്‍ മന്ത്രാലയം ഇടപെടുകയില്ല. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ പുതിയ നിയമാവലി നടപ്പാക്കുന്നതില്‍ സ്ഥാപനങ്ങള്‍ എത്രമാത്രം മുന്നോട്ട് പോയിട്ടുണ്ടെന്ന് വിലയിരുത്തും. നടപടിക്രമങ്ങള്‍ തുടങ്ങാത്ത സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സമയ പരിധി നല്‍കും. അതിനായി ആയിരത്തോളം നിരീക്ഷകരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. പുതിയ പരിഷ്‌ക്കരണം തൊഴില്‍രഹിതരായ സ്ത്രീകളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമല്ല. എന്നാല്‍ നാളുകളായി തുടരുന്ന സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നതെന്നും ആദില്‍ ഫഖീഹ് വ്യക്തമാക്കി. -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
