*രാജ്യസഭയില്‍ 100 കോടിപതികള്‍; രാഹുല്‍ ബജാജ് മുന്നില്‍ *thejas 12 april 2010 ന്യൂഡല്‍ഹി: രാജ്യസഭാംഗങ്ങളില്‍ അവര്‍ തന്നെ വെളിപ്പെടുത്തിയ സ്വത്തുവിവരങ്ങളനുസരിച്ച് 100ഓളം കോടിപതികള്‍. കൂട്ടത്തില്‍ ഏറ്റവും വലിയ സമ്പന്നന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള സ്വതന്ത്ര പാര്‍ലമെന്റംഗമായ രാഹുല്‍ ബജാജാണ്. പ്രമുഖ വ്യവസായിയായ ബജാജിന്റെ ആസ്‌തി 300 കോടി രൂപയ്‌ക്കു മുകളിലാണ്. 278 കോടിയുടെ ആസ്‌തിയുള്ള ജനതാദള്‍ സെക്കുലര്‍ എം.പി എം എ എം രാമസ്വാമി (കര്‍ണാടക), 272 കോടിയുടെ സ്വത്തുള്ള കോണ്‍ഗ്രസ് എം.പി സുബ്രഹ്‌മണ്യ റെഡ്ഡി (ആന്ധ്രപ്രദേശ്) എന്നിവരാണ് തൊട്ടുപിന്നില്‍. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി എം.പി ജയാ ബച്ചന് 215 കോടിയുടെ സ്വത്തുക്കളാണുള്ളത്. പുറത്താക്കപ്പെട്ട എസ്.പി നേതാവ് അമര്‍സിങിന് 79 കോടി രൂപയുടെ ആസ്‌തിയുണ്‌ട്. അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസും (എ.ഡി.ആര്‍) ലോകത്തൊട്ടാകെയുള്ള 1200ഓളം സര്‍ക്കാരേതര സംഘടനകളുടെ കൂട്ടായ്‌മയായ നാഷനല്‍ ഇലക്‌ഷന്‍ വാച്ചും (എന്‍.ഇ.ഡബ്ല്യൂ) ചേര്‍ന്ന് തയ്യാറാക്കിയതാണ് ഈ കണക്കുകള്‍. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സമയത്ത് സമര്‍പ്പിച്ച സ്വത്തുസംബന്ധമായ സത്യവാങ്‌മൂലങ്ങള്‍ വിവരാവകാശനിയമപ്രകാരം ശേഖരിച്ചാണ് കണക്ക് തയ്യാറാക്കിയിരിക്കുന്നത്. 98 എം.പിമാര്‍ക്കാണ് ചുരുങ്ങിയത് ഒരു കോടി രൂപയുടെയെങ്കിലും സ്വത്തുള്ളത്. 37 എം.പിമാരുടെ പേരില്‍ ക്രിമിനല്‍ കേസുണ്‌ട്. ക്രിമിനല്‍ കേസുള്ള എം.പിമാരുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സാണ് മുന്നില്‍. ഇത്തരത്തില്‍പ്പെട്ട ഏഴുപേരാണ് കോണ്‍ഗ്രസ്സിലുള്ളത്. ആറു ക്രിമിനല്‍ എം.പിമാരുമായി മുഖ്യ പ്രതിപക്ഷമായ ബി.ജെ.പി തൊട്ടുപിന്നിലുണ്‌ട്. നാലുപേര്‍ വീതമുള്ള ബി.എസ്.പിയും ശിവസേനയുമാണ് അടുത്ത സ്ഥാനത്ത്. സ്വന്തമായി സ്വത്തൊന്നുമില്ലാത്ത എം.പിമാരാണ് സി.പി.ഐയിലെ ഡി രാജ(തമിഴ്‌നാട്)യും സി.പി.എമ്മിലെ സമന്‍ പഥകും (പശ്ചിമ ബംഗാള്‍). പശ്ചിമ ബംഗാളില്‍ നിന്നുള്ള സി.പി.എം എം.പി വൃന്ദാ കാരാട്ടിന് 1.74 ലക്ഷത്തിന്റെയും റവല്യൂഷനറി സോഷ്യലിസ്‌റ്റ് പാര്‍ട്ടിയിലെ അബനി റോയിക്ക് 72,000 രൂപയുടെയും ആസ്‌തിയുണ്‌ട്. 33 പേരുമായി കോണ്‍ഗ്രസ്സാണ് കോടിപതികളുടെ കാര്യത്തിലും മുന്നില്‍. 21 പേരുമായി ബി.ജെ.പിയും ഏഴുപേരുമായി സമാജ്‌വാദി പാര്‍ട്ടിയും തൊട്ടുപിന്നിലുണ്‌ട്. അംഗങ്ങളുടെ വിദ്യാഭ്യാസ നിലവാരവും പഠനവിധേയമാക്കിയിട്ടുണ്‌ട്. 219 രാജ്യസഭാഗംങ്ങളില്‍ 179 പേര്‍ ബിരുദധാരികളും 18 പേര്‍ 12ാം ക്ലാസ് വിദ്യാഭ്യാസമുള്ളവരും 11 പേര്‍ ഹൈസ്‌കൂള്‍ പാസായവരുമാണ്. രണ്‌ടുപേര്‍ക്ക് എട്ടാം ക്ലാസ് വരെ മാത്രമേ വിദ്യാഭ്യാസമുള്ളൂ. ക്രിമിനല്‍ കേസുള്ളവര്‍ക്ക് പ്രവേശനം ലഭിക്കുന്നത് പാര്‍ലമെന്റിന്റെ ഉപരിസഭയ്‌ക്ക് കളങ്കമേല്‍പ്പിക്കുന്നതാണെന്ന് മുന്‍ ആസൂത്രണ കമ്മീഷനംഗവും നാഷനല്‍ ഇലക്‌ഷന്‍ വാച്ച് അംഗവുമായ എല്‍ സി ജെയിന്‍ പറഞ്ഞു.
-- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
